സുനേഷ് കുടുംബത്തോടൊപ്പം, കുട നെയ്യുന്ന സുനേഷ്

ഓരോ കുടയിലും ഒരു പോരാട്ടത്തിന്‍റെ കഥ; ചക്രക്കസേരയിലൊതുങ്ങിയ ജീവിതത്തെ മനക്കരുത്തുകൊണ്ട് തിരിച്ചുപിടിച്ച് സുനേഷ്

ജീവിതം ചിലപ്പോഴൊക്കെ അപ്രതീക്ഷിത തിരിച്ചടികളിലൂടെ നമ്മെ തളർത്തിയേക്കാം. എന്നാൽ, പ്രതിസന്ധികൾക്കുമുന്നിൽ പകച്ചുനിൽക്കാതെ അതിജീവനത്തിന്‍റെ പുതിയ വഴികൾ കണ്ടെത്തുന്ന ചില മനുഷ്യരുണ്ട്. പ്രകാശം നിറഞ്ഞ ജീവിതത്തിലേക്ക് പെട്ടെന്ന് ഇരച്ചുകയറിയ ഇരുട്ടിനെ തട്ടിമാറ്റി പ്രതീക്ഷയുടെ വെളിച്ചം കണ്ടെത്താൻ അവർക്ക് സാധിക്കും. ഉറ്റവർ നൽകുന്ന മനോബലത്തിന് പുറമേ സ്വയം ആർജിച്ചെടുത്ത ആത്മവീര്യവും മുതൽക്കൂട്ടാവും. അത്തരമൊരു പോരാട്ടത്തിന്റെ കഥയാണ് തിരുവമ്പാടിക്കാരൻ സുനേഷിന് പറയാനുള്ളത്.

അപകടം മാറ്റിമറിച്ച ജീവിതം

തന്‍റെ ജീവിതത്തിൽ അപ്രതീക്ഷിതമായി ഉണ്ടായ അപകടമാണ് സുനേഷിന്റെ ജീവിതത്തെ ആകെ മാറ്റിമറിച്ചത്. അന്ന് ഗ്യാസ് സിലിണ്ടർ കൊണ്ടുപോകുന്ന വാഹനത്തിലായിരുന്നു ജോലി. പത്താം ക്ലാസ് കഴിഞ്ഞതോടെ സുനേഷ് ഓട്ടോറിക്ഷ ഓടിച്ച് ഉപജീവന മാർഗം കണ്ടെത്താൻ തുടങ്ങിയിരുന്നു. പിന്നാലെയാണ് ഗ്യാസ് വണ്ടിയിൽ പോകാൻ തുടങ്ങിയത്. നിലമ്പൂർ നാടുകാണി ചുരത്തിലൂടെയുള്ള യാത്രക്കിടെ ലോറി താഴ്ചയിലേക്ക് മറിയുകയും സുനേഷിന്റെ നട്ടെല്ലിന് ക്ഷതമേൽക്കുകയും ചെയ്തു. അരക്കുതാഴെ തളർന്ന ആ ഇരുപത്തിരണ്ടുകാരന് ശിഷ്ടകാലം വീൽചെയറിലുള്ള ജീവിതമായിരുന്നു വിധി ബാക്കിവെച്ചത്. എന്നാൽ, തന്റെ ജീവിതം ഒരു ചക്രക്കസേരയിൽ തള്ളിനീക്കേണ്ടതല്ലെന്ന നിശ്ചയദാർഢ്യം, ഇന്ന് സ്വന്തമായൊരു സംരംഭം വിജയകരമായി കൊണ്ടുപോകാൻ അയാളെ പ്രാപ്തനാക്കി.

ചക്രക്കസേരയിലേക്ക് ജീവിതം ഒതുങ്ങിയപ്പോൾ വീടിന്റെ ചുമരുകൾക്കുള്ളിൽത്തന്നെ കഴിഞ്ഞുകൂടാനായിരുന്നു സുനേഷിന്റെ തീരുമാനം. എന്നാൽ, കാലം മറ്റെന്തോ ഒന്ന് അയാൾക്കായി ബാക്കിവെച്ചിരുന്നു.

തിരിച്ചുവരവ്

ജോലി ആവശ്യങ്ങൾക്കും മറ്റുമുള്ള യാത്രകളിൽ സുനേഷിനെ സുഹൃത്തുക്കൾ കൂടെ കൂട്ടും. മനസ്സിന്റെ മുറിപ്പാടുകൾ ഇല്ലാതാക്കാൻ ആ യാത്രകളും സഹായിച്ചു. മൂന്നുവർഷത്തിനിപ്പുറം ചില പാലിയേറ്റിവ് കെയർ യൂനിറ്റ് അംഗങ്ങൾ സുനേഷിനെ തേടിയെത്തി. പിന്നീട് 2010ൽ പാലിയേറ്റിവ് കെയർ യൂനിറ്റിന്‍റെ കീഴിൽ തന്നെ സുനേഷ് കുട നിർമാണം പഠിക്കാൻ ആരംഭിച്ചു. തനിക്ക് പരിചയമില്ലാത്ത മേഖല, എങ്കിലും ഒരു മടിയും കൂടാതെ അയാൾ പ്രയത്നിക്കാൻ തയാറായിരുന്നു. പിന്നീട് കോഴിക്കോട് ഐ.പി.എം സംഘടിപ്പിച്ച പുനരധിവാസ ക്യാമ്പിലൂടെ പേപ്പർ പെൻ, മെഴുകുതിരി, സോപ്പ് എന്നിവയും നിർമിക്കാൻ പഠിച്ചു.

തന്റെ പരിമിതികളെ മറികടന്ന് പോരാടാൻ വഴികാട്ടിയ ആ മനുഷ്യരോടാണ് സുനേഷ് ഇന്ന് ഏറെ കടപ്പെട്ടിരിക്കുന്നത്. വിപണിയിൽ സാധ്യത ഏറെയുള്ളതിനാൽ കുടയും പേപ്പർ പേനയുമാണ് പുതിയ സംരംഭം തുടങ്ങുന്നതിന് സുനേഷ് തിരഞ്ഞെടുത്തത്. തുടക്കത്തിൽ ഏറെ പ്രയാസപ്പെട്ടെങ്കിലും തന്റേതായ ഒരു വരുമാനം നേടാനും സ്വന്തമായൊരു ബ്രാൻഡ് ഉണ്ടാക്കിയെടുക്കാനും അയാൾക്ക് സാധിച്ചു. സഹായത്തിനായി സുഹൃത്തുക്കളും കുടുംബവും സുനേഷിന്റെ കൂട്ടിനുണ്ടായിരുന്നു. വീൽ ചെയർ ചലിപ്പിക്കാൻപോലും സ്ഥലമില്ലാതിരുന്ന ഒറ്റമുറി വീട്ടിൽനിന്ന് തന്റെ കഠിനപ്രയത്നത്തിലൂടെ സ്വന്തമായി ഒരു വീടും കാറും സുനേഷ് സ്വന്തമാക്കി. ഭാര്യയും ഒരു മകനുമടങ്ങുന്ന സുനേഷിന്റെ കൊച്ചുകുടുംബത്തിന് ജീവിക്കാൻ ഇന്ന് ഈ കുടകൾ തന്നെ ധാരാളം.

ആത്മവിശ്വാസത്തിന്റെ നേർസാക്ഷ്യം

ആയിരത്തോളം കുടകളാണ് ഒരുവർഷം സുനേഷ് നിർമിക്കുന്നത്. ഏകദേശം ജനുവരി, ഫെബ്രുവരി മാസമാകുന്നതോടെ കുടനിർമാണം ആരംഭിക്കും. മേയ് എത്തുമ്പോഴേക്കും വിവിധ വർണങ്ങളിലുള്ള വ്യത്യസ്തതരം കുടകൾ റെ‍ഡി. ഗുണമേന്മയുള്ള തുണികളാണ് കുടനിർമാണത്തിനായി തിരഞ്ഞെടുക്കുന്നത്. അതുകൊണ്ടുതന്നെ ദീർഘകാലം ഉപയോഗിക്കാനായി, പ്രമുഖ കമ്പനികളോട് കിടപിടക്കുന്ന തരത്തിലുള്ള കുടകൾ ന്യായമായ വിലക്ക് ആവശ്യക്കാർക്ക് ലഭിക്കും. പേപ്പർ പേനക്കും ഡിമാൻഡേറെയാണ്.

തന്നെപ്പോലെ വീൽചെയറിലായ നിരവധിപേർ സുനേഷിന്റെ കൂടെ കുട നിർമാണത്തിന് കൂടും. ഓരോരുത്തർക്കും അവരവരുടെ വിഹിതവും നൽകാറുണ്ട്. കുടനിർമാണത്തിനുപുറമേ ഓട്ടോറിക്ഷ ഓടിച്ചും സുനേഷ് ഉപജീവനമാർഗം കണ്ടെത്തുന്നു. ഒരാൾക്ക് അധ്വാനിച്ച് ജീവിക്കാൻ രണ്ട് കൈകളും കണ്ണും മതിയെന്നാണ് സുനേഷ് പറയുന്നത്. കഴിയുന്നത്ര കാലത്തോളം അധ്വാനിക്കണം. ആരെയും ആശ്രയിക്കാതെ ജീവിക്കണം... ഇതാണ് സുനേഷിന്റെ എക്കാലത്തെയും ആഗ്രഹം.

ഇരുപത്തിരണ്ടാം വയസ്സിൽ വാഹനാപകടം വീൽചെയറിലേക്ക് ജീവിതം ഒതുക്കിയപ്പോഴും തോറ്റുകൊടുക്കാൻ സുനേഷ് തയാറായില്ല. സ്വന്തം അധ്വാനവും ആത്മവിശ്വാസവും കൈമുതലാക്കി പരിമിതികളെ അവസരങ്ങളാക്കി മാറ്റിയ ഈ തിരുവമ്പാടിക്കാരൻ ഇന്ന് തന്റെ സംരംഭം വിജയകരമായി മുന്നോട്ടുകൊണ്ടുപോവുകയാണ്. മകൻ ദക്ഷിന്റെ പേരിൽ വിപണിയിലെത്തുന്ന ഓരോ കുടയും സുനേഷിന്റെ അതിജീവനത്തിന്റെയും ആത്മവിശ്വാസത്തിന്റെയും അടയാളം കൂടിയാണ്. ഇനിയും ഒരുപാട് സ്വപ്നങ്ങൾ ബാക്കിവെച്ച്, ആരെയും ആശ്രയിക്കാതെ അന്തസ്സോടെ ജീവിക്കണമെന്ന ആഗ്രഹവുമായി സുനേഷ് മുന്നോട്ടുപോകുകയാണ്. വീഴ്ചകളല്ല, അവിടെനിന്ന് ഉയിർത്തെഴുന്നേൽക്കാനുള്ള മനസ്സാണ് ഒരാളുടെ യഥാർഥ കരുത്തെന്ന് സുനേഷിന്‍റെ ജീവിതം നമ്മോട് പറയുന്നു.

Tags:    
News Summary - Overcoming Disability Through Entrepreneurship

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.