മനാമ: കഴിഞ്ഞ ഏഴ് വർഷത്തിനിടയിൽ കടലിൽ വീണുപോയ ഇരുനൂറിലധികം മൊബൈൽ ഫോണുകൾ വിജയകരമായി പുറത്തെടുത്ത് വിസ്മയമായി ബഹ്റൈനി ഡൈവിങ് പരിശീലകൻ. സർട്ടിഫൈഡ് ഡൈവിങ്, ഫസ്റ്റ് എയ്ഡ് പരിശീലകനായ അബ്ദുൽ അസിസ് അൽ ഹമദാണ് ഈ മാസ്മരിക പ്രകടനം നടത്തുന്ന വിദഗ്ദൻ. തിരിച്ചുകിട്ടിയ ഫോണുകളിൽ 70 ശതമാനത്തോളവും യാതൊരു കുഴപ്പവുമില്ലാതെ പ്രവർത്തിക്കുന്നുണ്ടായിരുന്നു എന്നതും അത്ഭുതകരമാണ്. മൊബൈൽ ഫോണുകൾക്ക് പുറമെ ബോട്ടുകളിലെ യാത്രകളിലോ ബീച്ചിൽ സമയം ചെലവഴിക്കുന്നതിനിടയിലോ കടലിൽ വീണുപോകുന്ന ബാഗുകൾ തുടങ്ങിയ വിലപിടിപ്പുള്ള മറ്റ് വസ്തുക്കളും താൻ തിരഞ്ഞുപിടിച്ചു നൽകാറുണ്ടെന്ന് അദ്ദേഹം പ്രാദേശിക പത്രത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
തിരച്ചിലിന്റെ സമയവും കൃത്യതയും
വസ്തുക്കൾ വീണുപോയ സ്ഥലത്തിന്റെ പ്രത്യേകത അനുസരിച്ച് തിരച്ചിലിന് എടുക്കുന്ന സമയം വ്യത്യാസപ്പെടും. ചില തെരച്ചിലുകൾ പത്ത് മിനിറ്റിനുള്ളിൽ അവസാനിക്കാറുണ്ടെങ്കിൽ, മറ്റുചിലപ്പോൾ വെള്ളത്തിനടിയിൽ മൂന്ന് മണിക്കൂർ വരെ സമയമെടുക്കാറുണ്ട്. വസ്തുക്കൾ നഷ്ടപ്പെട്ട സ്ഥലം കൃത്യമായി ചൂണ്ടിക്കാണിക്കുക എന്നതാണ് തെരച്ചിലിന്റെ വിജയത്തിൽ ഏറ്റവും പ്രധാനം.
മറക്കാനാവാത്ത അനുഭവം
തന്റെ അനുഭവങ്ങളിൽ ഏറ്റവും മനസ്സിൽ തങ്ങിനിൽക്കുന്നത് ഒരു സൗദി കുടുംബത്തിന്റെ പാസ്‌പോർട്ടുകൾ അടങ്ങിയ ബാഗ് കടലിന്റെ അടിത്തട്ടിൽ നിന്ന് കണ്ടെടുത്തു നൽകിയ സംഭവമാണെന്ന് അൽ ഹമദ് ഓർക്കുന്നു. എന്നെന്നേക്കുമായി നഷ്ടപ്പെട്ടു എന്ന് കരുതിയ സാധനങ്ങൾ തിരികെ ലഭിക്കുമ്പോൾ ഉടമകളുടെ മുഖത്തുണ്ടാകുന്ന സന്തോഷം കാണുന്നതാണ് ഈ ജോലിലെ ഏറ്റവും മനോഹരമായ അനുഭവം. ഉടമകളെ കണ്ടെത്താൻ കഴിയാത്ത വസ്തുക്കൾ ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഡൈവിങിലേക്കുള്ള വഴിത്തിരിവ്
തന്റെ പതിനാലാമത്തെ വയസ്സിൽ ഒരു കുടുംബ യാത്രയ്ക്കിടയിലാണ് അബ്ദുൽ അസിസ് ആദ്യമായി ഡൈവിങ് അനുഭവിച്ചറിയുന്നത്. ആ സംഭവമാണ് തന്നെ ഒരു ഡൈവിംഗ് പരിശീലകനാകാൻ പ്രേരിപ്പിച്ചത്. നിലവിൽ 14 വർഷത്തെ ഡൈവിങ് പരിചയസമ്പത്തുള്ള അദ്ദേഹത്തിന്, കടൽ ഇപ്പോൾ വെറുമൊരു ഹോബി എന്നതിലുപരി ജീവിതത്തിന്റെ ഒരു പ്രധാന ഭാഗമാണ്.
ഡൈവിംഗിലെ പ്രധാന നിയമങ്ങൾ
വെള്ളത്തിനടിയിലെ തെരച്ചിലിന് കടുത്ത സഹിഷ്ണുതയും ശാന്തതയും ആവശ്യമാണെന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു. പരിഭ്രാന്തി വെള്ളത്തിനടിയിൽ പെട്ടെന്ന് ശ്വാസോച്ഛ്വാസം വർദ്ധിപ്പിക്കാനും അപകടങ്ങൾക്ക് ഇടയാക്കാനും സാധ്യതയുണ്ട്. അതിനാൽ പരിശീലന വേളയിൽ പഠിച്ച കാര്യങ്ങൾ കൃത്യമായി പാലിക്കുകയാണ് വേണ്ടത്. സ്രാവുകൾ ഉൾപ്പെടെയുള്ള സമുദ്രജീവികളെ ഭയത്തോടെയല്ല, മറിച്ച് ബഹുമാനത്തോടെ സമീപിക്കണമെന്നും അവയുടെ സ്വാഭാവിക ആവാസവ്യവസ്ഥയിലേക്ക് മനുഷ്യൻ അതിക്രമിച്ചു കടക്കുമ്പോൾ മാത്രമാണ് അവ സ്വയം പ്രതിരോധിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇഷ്ടം കപ്പൽ അവശിഷ്ടങ്ങൾക്കിടയിലെ ഡൈവിങ്
തനിക്ക് ഏറ്റവും പ്രിയപ്പെട്ടത് മുങ്ങിപ്പോയ കപ്പലുകളുടെ അവശിഷ്ടങ്ങൾക്കിടയിലൂടെയുള്ള ഡൈവിങ് ആണെന്ന് അൽ ഹമദ് പറഞ്ഞു. ചെങ്കടലിൽ 1991-ൽ മുങ്ങിപ്പോയ 'സലേം എക്സ്പ്രസ്' കപ്പലിന്റെ അവശിഷ്ടങ്ങൾക്കിടയിൽ നടത്തിയ ഡൈവിങ് താൻ ഒരിക്കലും മറക്കില്ലെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കപ്പലുകളിലെ ശേഷിപ്പുകൾ മനുഷ്യ ചരിത്രത്തിന്റെ അടയാളങ്ങളും സമുദ്രജീവികളുടെ ആവാസകേന്ദ്രങ്ങളുമാണെന്നും, കടൽ തനിക്ക് സാഹസികതയും ഒപ്പം അത്ഭുതങ്ങളും നിറഞ്ഞ ഒരു രഹസ്യ ലോകമാണെന്നും അദ്ദേഹം പറഞ്ഞു വെച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.