തോരപ്പ മുസ്തഫ
മലപ്പുറം: മികച്ച ഭിന്നശേഷി കർഷകനുള്ള 2025ലെ സംസ്ഥാന കാർഷിക പുരസ്കാരം നേടിയ മലപ്പുറം ചെമ്മൻകടവ് സ്വദേശി തോരപ്പ മുസ്തഫയുടേത് വിധിയെ തോൽപിച്ച് നേടിയ അംഗീകാരം. തന്റെ 28ാമത്തെ വയസ്സിൽ അപകടത്തിൽ അരക്കുതാഴെ ചലനശേഷി നഷ്ടപ്പെട്ട മുസ്തഫ അസാമാന്യ ആത്മവിശ്വാസവും മനോധൈര്യവും കൈമുതലാക്കി കാർഷികരംഗത്ത് കൈവരിച്ച നേട്ടത്തിനാണ് സംസ്ഥാന പുരസ്കാരത്തിന് അർഹനായത്. വിധിക്കുമുന്നിൽ തളർന്നിരിക്കാൻ മനസ്സ് അനുവദിക്കാത്തതുകൊണ്ടാണ് മുസ്തഫ മണ്ണിലേക്കിറങ്ങിയത്.
തനിക്ക് ലഭിച്ച ഇൻഷുറൻസ് തുക ഉപയോഗിച്ച് ചട്ടിപ്പറമ്പ് ചേങ്ങോട്ടൂരിൽ ഒന്നേകാൽ ഏക്കർ സ്ഥലം വാങ്ങിയാണ് മുസ്തഫ ഔഷധസസ്യങ്ങൾ വെച്ചുപിടിപ്പിച്ചുതുടങ്ങിയത്. ഇന്നത് അപൂർവ ഔഷധസസ്യങ്ങൾ ഉൾപ്പെടെ നാനൂറോളം ചെടികൾ വളരുന്ന ഔഷധോദ്യാനമാണ്. വീൽചെയറിലിരുന്ന് പരിപാലിക്കാൻ കഴിയുന്നവിധമാണ് തോട്ടം ക്രമീകരിച്ചിരിക്കുന്നത്. കോട്ടക്കൽ ആര്യവൈദ്യശാലയിലേക്കുൾപ്പെടെ ഇവിടെനിന്ന് ഔഷധസസ്യങ്ങൾ ശേഖരിക്കാറുണ്ട്.
ചെറുകുളമ്പിലെ പുതിയ കൃഷിയിടത്തിൽ മുന്നൂറിലേറെ പഴങ്ങളും ഇദ്ദേഹം കൃഷി ചെയ്യുന്നുണ്ട്. വിദ്യാർഥികൾക്കുൾപ്പെടെ കാർഷിക അറിവുകൾ പകർന്നുനൽകാനും സമയം കണ്ടെത്തുന്നു. വിദ്യാർഥികൾക്ക് ബഡ്ഡിങ്ങിലും ഗ്രാഫ്റ്റിങ്ങിലും പരിശീലനവും നൽകുന്നു. വർഷംതോറും രണ്ടായിരത്തോളം വൃക്ഷത്തൈകൾ സംഘടനകൾക്കും സ്കൂളുകൾക്കും സൗജന്യമായി നൽകാറുമുണ്ട്. ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ ആയിരത്തിലേറെ കാറുകൾ രൂപമാറ്റം വരുത്തിനൽകി ശ്രദ്ധേയനായ മുസ്തഫക്ക് അതിന് പേറ്റന്റും അവാർഡുകളും ലഭിച്ചിട്ടുണ്ട്. ഭാര്യ സഫിയ, മകൻ മുർഷിദ്, മരുമകൾ സരോഹ ഫാത്തിമ, പേരക്കുട്ടികൾ എന്നിവർ പിന്തുണയുമായി ഒപ്പമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.