കായംകുളം: ആറു പതിറ്റാണ്ടുകാലത്തെ തെരഞ്ഞെടുപ്പ് അനുഭവങ്ങളുമായി ‘മാറ്റങ്ങളില്ലാത്ത മാടക്കടയുമായി നാട്ടുകാരുടെ മജീദ് കാക്ക ഇപ്പോഴും മങ്ങാരത്തുണ്ട്. പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിച്ച അനുഭവ പാഠങ്ങളും ഈ 78 കാരന് സ്വന്തം. ചെമ്മൺപാതകളും ഇരുവശവും കൈതക്കാടുകളും നിറഞ്ഞു നിന്ന മങ്ങാരം ജങ്ഷനിലേക്ക് കറ്റാനം ഇലിപ്പക്കുളം കുഴുവേലിത്തറയിൽ അബ്ദുൽ മജീദ് 1960 കളിലാണ് മാടക്കടയുമായി എത്തുന്നത്. ബാല്യകാലംമുതൽ രാഷ്ട്രീയ പ്രവർത്തകനായിരുന്നു. 1965ൽ നിയമസഭയിലേക്ക് മത്സരിച്ച സ്വാതന്ത്ര്യ സമര സേനാനി കെ.കെ. ചെല്ലപ്പൻപിള്ളയുടെ തെരഞ്ഞെടുപ്പ് ബൂത്ത് ഓഫീസായി മജീദിന്റെ കടയാണ് ഉപയോഗിച്ചത്. ഇടക്ക് കോൺഗ്രസ് രാഷ്ട്രീയത്തിൽനിന്ന് തെറ്റി പി.എസ്.പിക്കാരനായും പ്രവർത്തിച്ചു. പിന്നീട് സഹോദരൻ അബ്ദുൽ ഖാദറിനെ കട ഏൽപ്പിച്ച് കുറച്ചുകാലം മദ്രാസിലായിരുന്നു.
തിരികെ വരുമ്പോഴേക്കും കട മറ്റൊരാൾക്ക് കൈമാറിയിരുന്നു. ഇതോടെ ബിഷാറത്തുൽ ഇസ്ലാം മദ്റസയും എൽ.പി. സ്കൂളും നിൽക്കുന്ന ഭാഗത്ത് പുതിയ മാടക്കട സ്ഥാപിച്ചു. ഇത് പ്രദേശത്തെ രാഷ്ട്രീയ സംവാദ സ്ഥാപനമായും മാറി. കോൺഗ്രസിന്റെ ബൂത്ത് സെക്രട്ടറിയെന്ന നിലയിൽ മജീദിന്റെ കട തെരഞ്ഞെടുപ്പ് പ്രവർത്തന കേന്ദ്രമായും മാറും. തെരഞ്ഞെടുപ്പ് കഴിയുന്നതോടെ രാഷ്ട്രീയത്തിനൊപ്പം മതവും സംസ്കാരവുമൊക്കെ ചർച്ചയിൽ നിറയും. ചേരിതിരിഞ്ഞ സംവാദങ്ങളിലൂടെ അറിവിന്റെ വാതായനങ്ങൾ തുറക്കും. വിഷയത്തിന്റെ ഗൗരവം കൂടുന്നതിനനുസരിച്ച് മണ്ണെണ്ണ വിളക്കിന്റെ പ്രകാശത്തിൽ രാത്രി വൈകിയും ചർച്ച നീണ്ട കാലം അദ്ദേഹം ഇന്നും ഓർത്തെടുക്കുന്നു. കടയുടെ ഓരത്തിട്ടിരുന്ന ബഞ്ചിലിരുന്നുള്ള ചർച്ചയിൽ ക്ലബുകളും മതസംഘടനകളുമൊക്കെ രൂപംകൊണ്ടിട്ടുണ്ട്.
1980 കളിൽ നടന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിലാണ് ത്രാസ് അടയാളത്തിൽ മജീദ് സ്വന്തന്ത്രനായി മത്സരിച്ചത്. യു.ഡി.എഫ് സ്ഥാനാർഥി നിർണയത്തോടുള്ള ഭിന്നതയാണ് സ്വതന്ത്രനാകാൻ കാരണം. അന്ന് അങ്ങനെ പത്രിക നൽകുന്നവരെ ഇന്നത്തെപോലെ ‘വിമതൻ’ എന്ന് വിളിപ്പേര് ചാർത്തുന്ന പരിപാടി ഇല്ലായിരുന്നു. തുടക്കത്തിൽ സജീവമായിരുന്നെങ്കിലും അവസാനം നിഷ്ക്രിയനായതിനാൽ 20 ൽ താഴെ വോട്ടേ പെട്ടിയിൽ വീണുള്ളു. പിന്നീട് വീണ്ടും കോൺഗ്രസിൽ സജീവമായി ദീർഘകാലം പ്രാദേശിക നേതൃചുമതല വഹിച്ചു. പിന്നീടുവന്ന തെരഞ്ഞെടുപ്പുകളിൽ ബൂത്ത് സെക്രട്ടറി ആയിരുന്നു.
കടയിലിരുന്നാണ് വാർഡിലെ പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചിരുന്നത്. പുതിയ തലമുറ നേതൃത്വം ഏറ്റെടുത്തതോടെ ചുമതല ഒഴിഞ്ഞു. കാലം മാറിയതോടെ കടയുടെ പശ്ചാത്തലത്തിൽ നടന്ന ആരോഗ്യകരമായ സംവാദങ്ങളും പതുക്കെ കെട്ടടങ്ങി. കാലം നാടിനെ പുരോഗതിയിലേക്ക് നയിച്ചപ്പോഴും വിളക്കുവെട്ടത്തിന്റെ പ്രകാശത്തിൽ മജീദ്കാക്ക കച്ചവടം തുടരുകയായിരുന്നു. മണ്ണെണ്ണ സ്റ്റൗവിലെ ചായ ഇന്നും അതേപടി തുടരുന്നു. മൺകലത്തിൽ തന്നെയാണ് വെള്ളം കരുതുന്നത്. ഓലമേഞ്ഞ മേൽക്കൂര ടിൻ ഷീറ്റിലേക്ക് മാറിയത് മാത്രമാണ് ആകെയുണ്ടായ മാറ്റം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.