മുനീർ

മുറിച്ചുമാറ്റണമെന്ന്​ മെഡിക്കൽ ലോകം വിധിയെഴുതിയ കാലാണിത്​. അതിജീവിക്കണമെന്ന അതിയായ ആഗ്രഹവും ആത്​മവിശ്വാസവും മാത്രമായിരുന്നു കൈമുതൽ. ജീവിത വഴിയിൽ നേരിട്ട പരീക്ഷണങ്ങളെയും പ്രതിബന്ധങ്ങളെയും വകഞ്ഞുമാറ്റി വിജയക്കൊടി പാറിച്ച അബ്​ദുൽ മുനീർ എന്ന മുനീർ അൽ ബർഷ ആ കാലുകൊണ്ട്​ ഓടിത്തീർക്കുന്നത്​ കിലോമീറ്ററുകളാണ്​. ഓട്ടവും നീന്തലും സൈക്ലിങുമായി 200 കിലോമീറ്ററിലേറെ താണ്ടി അയൺമാൻ പട്ടത്തിലേക്ക്​ ഓടിക്കയറിയിരിക്കുകയാണ്​ പാലക്കാട് വിളയൂർ കുപ്പൂത്ത് സ്വദേശി മുനീർ.

കയറ്റിക്കങ്ങ​ളേറെ കണ്ട ജീവിതമാണ്​ മുനീറിന്‍റേത്​. പുലാമാന്തോളിൽ സലൂണിൽ ജോലി ചെയ്തു വരുന്നകാലം മുതൽ പരീക്ഷങ്ങൾ അനവധിയാണ്​. ബൈക്കിന്‍റെ ലിവർ തട്ടി കാലിനു ചെറിയ പരിക്കേറ്റിരുന്നു. മുറിവ് ഉണങ്ങാതെവന്നപ്പോൾ നടത്തിയ പരിശോധനയിൽ വെരിക്കോസ് വൈൻ ആണെന്ന്​ കണ്ടെത്തി. നിരവധി ഡോക്ടർമാരുടെ 15 വർഷം നീണ്ട ചികിത്സ കിട്ടിയിട്ടും കാൽ മുറിച്ചുമാറ്റേണ്ടിവരും എന്ന അവസ്ഥവരെ എത്തി. എന്നാൽ, മരുന്നിലൂടെ തന്നെ ചെറിയ ഒരാശ്വാസം കണ്ടത്തി. അപ്പോഴേക്കും ചികിത്സക്കും മറ്റുമായി ലക്ഷങ്ങൾ ചെലവായിരുന്നു.

2004 ഏപ്രിലിലാണ്​ പ്രവാസലോകത്ത്​ ചേക്കേറുന്നത്​. രണ്ടു വർഷത്തെ ജോലിയിലൂടെ ജീവിതം പച്ചപിടിച്ച് വരുമ്പോഴാണ് വീണ്ടും പരീക്ഷണം. ഇവിടെയും സലൂണിലെ ജോലി തുടർന്നത്തോടെ കാലിന് വീണ്ടും പഴുപ്പ് വന്നു. ചികിത്സയും മരുന്നുമായി വീണ്ടും ഇരുളടയപ്പെട്ട ജീവിതം. പെരിന്തൽമണ്ണ ഇ.എം.എസ് ആശുപത്രിയിൽനിന്ന്​ ഒരേസമയം ആറ് ശാസ്ത്രക്രിയ. തെല്ലോന്ന് ആശ്വാസം വന്നെങ്കിലും രണ്ടുവർഷം കഴിഞ്ഞ്​ തൃശൂരിൽ നിന്നും ചങ്ങനാശ്ശേരിയിൽ നിന്നും വീണ്ടും ശാസ്ത്രക്രിയകൾ. വീണ്ടും ജീവിതത്തിലേക്ക് തിരിച്ചു വരുമ്പോൾ അസുഖം വീണ്ടും മൂർച്ഛിച്ചു.

തുടർന്ന് വടക്കാഞ്ചേരി ഓട്ടുപാറ സർക്കാർ ആശുപത്രിയിൽ ചികിത്സ. അവിടെ നിന്നാണ് ഇരുൾപടർന്ന ജീവിതത്തിൽ വെളിച്ചം വീശുന്നത്. അന്ന് ചികിത്സക്ക് നേത്രത്വം കൊടുത്ത സജീഷ് എന്ന ഡോക്ടറുടെ നിർദേശപ്രകാരം ചെറിയ വ്യായാമ മുറകൾ പരിശീലിച്ചു. വേദന കടിച്ചമർത്തിയുള്ള പരിശീലനം. വേദനയും അപമാനവുമെല്ലാം ജീവിതം മടുപ്പിന്‍റെയും തളർച്ചയുടെയും വക്കത്ത് എത്തിച്ചിരുന്നു. സുഹൃത്തിന്‍റെ നിർബന്ധം മൂലം ബിരുദ പഠനം പൂർത്തിയാക്കി. അതുവഴി ലഭിച്ച ആത്മവിശ്വാസം മുനീറിനെ രോഗത്തിൽ നിന്നും അകറ്റി തുടങ്ങി.

മുനീർ

അയൺമാനിലേക്ക്​

വീണ്ടും പ്രവാസത്തിന് തുടക്കംകുറിച്ച് ദുബൈയിൽ എത്തി ജോലിയും പാചകവുമൊക്കെയായി ജീവിതം. ഒരോ നിമിഷവും പ്രചോദാനമായി കൂടെനിന്ന ആത്മാർത്ഥ സുഹൃത്ത് മുറിച്ചു മാറ്റേണ്ടിയിരുന്ന ഈ കാലുകൾ കൊണ്ട് നീ ലോകം കീഴടക്കണമെന്ന് നിരന്തരം ഓർമ്മപ്പെടുത്താറുണ്ടായിരുന്നു. ഒഴിവുള്ള സമയത്തല്ലാം വ്യായാമം തുടർന്നു. ഇതിനിടയിലാണ്​ പഞ്ചാബ് സ്വദേശിയായ ആശിഷ് എന്ന റണ്ണിങ് കൊച്ചിനെ കണ്ടത്തിയതും അദ്ദേഹത്തിന്‍റെ ശിഷ്യത്വം സ്വീകരിക്കുന്നതും. പിന്നീടാങ്ങോട്ട് വ്യായാമം അദ്ദേഹത്തിന്‍റെ കീഴിലായി.

അതിനു ശേഷമാണ്​ അയൺമാൻ പരിശീലനത്തിനായി കേരള റൈഡേഴ്​സ്​ യു.എ.ഇയുടെ പരിശീലകൻ തിരുവനന്തപുരം സ്വദേശി മോഹൻദാസിന്​ കീഴിൽ പരിശീലനം തുടങ്ങുന്നത്. പിന്നീടങ്ങോട്ട് അയൺമാൻ പദവിക്കു വേണ്ടിയുള്ള കഠിന പരിശീലനമായിരുന്നു. എല്ലാവരും ജോലി കഴിഞ്ഞ്​ ഉറങ്ങുകയും ഉല്ലസിക്കുകയും ചെയ്യുന്ന സമയത്ത് മുനീർ ദുബൈയിലെ ട്രാക്കുകളിലും നടപ്പാതകളിലുമായി ഓടിത്തീർത്തു. ഉറക്കം വെറും രണ്ടോ മൂന്നോ മണിക്കൂറായി ചുരുക്കി.

യു.എ.ഇയിൽ നടന്ന കെ.ടി.എൽ സീസൺ മൂന്നിന്‍റെ ഭാഗമായി സംഘടിപ്പിച്ച അയൺമാൻ മത്സരത്തിൽ രണ്ടാം ശ്രമത്തിൽ തന്നെ മുനീർ ലക്ഷ്യം കണ്ടു. 3.8 കിലോമീറ്റർ നീന്തൽ,180 കിലോമീറ്റർ സൈക്ലിംഗ്, 42.3 കിലോമീറ്റർ ഓട്ടം എന്നിവ മറികടന്നാണ് അയൺമാൻ 70.3, അയൺമാൻ 140.6 എന്നീ സ്വപ്ന തുല്യ നേട്ടങ്ങൾ കരസ്ഥസമാക്കിയത്.

കരയിലും കടലിലും നീണ്ട 18 മണിക്കൂർ വിശ്രമമില്ലാതെ സഞ്ചരിച്ചാണ് ഏറെ വെല്ലുവിളി നിറഞ്ഞ ട്രയൽ റൺ പൂർത്തിയാക്കിയത്. ഒരു കിലോമീറ്റർ പോലും വാഹനമില്ലാതെ സഞ്ചരിക്കാൻ കഴിയാത്ത 100 കിലോഗ്രാം ഭാരമുണ്ടായിരുന്ന മുനീറാണ്​ ഈ വെല്ലുവിളികളെല്ലാം മറികടക്കുന്നത്. 12 തവണ ഹാഫ് മരത്തൺ, ദുബൈ മാരത്തൺ, അബൂദബി അഡ്നോക് മാരത്തൺ എന്നിവയിൽ പങ്കെടുത്തിട്ടുണ്ട്. ജന്മനാടിന്‍റെയും നാട്ടുകാരുടെയും സംഘടനകളുടെയും പുരസ്കാരങ്ങൾ മുനീറിനെ തേടി എത്തി.

കാരുണ്യ പ്രവർത്തന മേഖലയിലും മുനീർ തിളങ്ങി നില്കുന്നു. ദുബൈ പാർക്കുകളിലും താൻ നിത്യവും വ്യായാമത്തിന് പോകുന്ന ഇടങ്ങളിലും ഭക്ഷണ പൊതികളും കിറ്റുകളുമായി മുനീർ എത്താറുണ്ട്​. പാവപ്പെട്ട തൊഴിലാളികളുടെയും ജോലിയില്ലാത്തവരുടെയും ജോലി നഷ്ടപ്പെട്ടവരുടെയും അത്താണിയാവാറുണ്ട്. സ്വന്തമായി ഭക്ഷണം പാകം ചെയ്ത് അവർക്കൊപ്പമിരുന്ന്​ അവരിൽ ഒരാളായി മാറുന്നു മുനീർ.

ദുബൈ അൽ ബർഷയിലാണ് ഇപ്പോൾ ജോലി ചെയ്യുന്നത്. ഖസാകിസ്ഥാനിൽ നടക്കുന്ന അയൺമാൻ മത്സരത്തിൽ ഇന്ത്യയെയും യു.എ.ഇയെയും പ്രതിനിധീകരിച്ചു മത്സരിക്കാൻ തയാറെടുക്കുകയാണ് മുനീർ അൽ ബർഷ. വലിയ തുക ചെലവ് വരുന്ന ഈ മത്സരം സ്പോൺസർ ചെയ്യാൻ ആരെങ്കിലും മുന്നോട്ട് വരുമെന്ന പ്രതീക്ഷയിലാണ് മുനീർ. പിതാവ് : അബ്ദുറഹിമാൻ. മാതാവ്: ഖദീജ. ഭാര്യ: നൂരിയ. മക്കൾ: ഫാത്തിമ നൈമ, മുഹമ്മദ് നഈം, ആയിഷ നൗറിൻ.

Tags:    
News Summary - Ironman of Al Barsha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT