ഹമീദ് കുറ്റൂർ മക്കളായ ഇൽഫ, ഇസ്സ എന്നിവരോടൊപ്പം  

z ഷംസ്‌ ബിൻ മജീദ്‌

ലക്ഷക്കണക്കിന് ഇൻസ്റ്റഗ്രാം ഉപയോക്താക്കളെ തന്റെ തനിനാടൻ അവതരണശൈലിയിലൂടെ അണമുറിയാതെ സംസാരിച്ച്‌ ​ൈകയിലെടുത്ത ഹമീദ് കുറ്റൂർ എന്ന യുവാവിന്റെ ചില വിശേഷങ്ങൾ ഒന്നുകേട്ട് നോക്കാം. ഹമീദിന്റെ തന്നെ നിഘണ്ടുവിലെ പ്രയോഗങ്ങൾ കടമെടുത്താൽ ‘ന്റെ പൊന്നു ചങ്കാളെ, ന്റെ കഥ ഇവിടൊന്നു ജിഞ്ചിനാക്കി ആക്ക്ണ് ണ്ട് ട്ടാ ...എല്ലാരു ഒന്ന് വായിച്ച് മിന്നിച്ചാളി...’

ഹമീദിനെ തേടി ഷാർജയുടെ ഉപനഗരമായ ദിബ്ബ ഹസനിലെ താമസസ്ഥലത്ത് എത്തിയപ്പോൾ തന്നെ വീഡിയോകളിൽ പ്രസരിക്കുന്ന ഊർജ്ജസ്വലതയുടെ ഗുട്ടൻസ് പിടികിട്ടി. പലതരത്തിലുള്ള മരങ്ങളാലും ചെടികളാലും സമ്പന്നമായ, അങ്ങേയറ്റം വൃത്തിയും വെടിപ്പുമുള്ള ശാന്ത സുന്ദരമായ തെരുവുകൾ. താമസക്കാരേറെയും സ്വദേശികൾ. അതിലൊരു തെരുവിലെ പള്ളിയോടു ചേർന്ന് ഇലകൾ തിങ്ങിനിറഞ്ഞ വേപ്പ് മരങ്ങളുടെ തണലിലാണ് ഹമീദും കുടുംബവും താമസിക്കുന്നത്. ഹമീദിന്റെ വീഡിയോകളിൽ മിക്കതും പിറന്നത് ഈ പ്രകൃതിസുന്ദര പശ്ചാത്തലത്തിലാണ്. അതുകൊണ്ട് തന്നെ ഈ ഔട്ട്ഡോർ സ്റ്റുഡിയോ ലക്ഷക്കണക്കിന് പ്രേക്ഷകർക്ക് സുപരിചിതവുമാണ്.

ഞങ്ങൾ എത്തിയപ്പോൾ ഹമീദ് സ്ഥലത്തില്ല. ആർക്കെങ്കിലും ഉപയോഗപ്പെട്ടോട്ടെ എന്ന സദുദ്ദേശത്തിൽ ഏതോ അപരിചിതർ നൽകിയ രണ്ട് വീൽ ചെയറുകൾ എടുക്കാൻ പോയി തിരിച്ചു വരുന്നതേയുള്ളൂ. എത്തിയ ഉടനെ നിറഞ്ഞ പുഞ്ചിരിതൂകി ക്ഷമാപണം. വീഡിയോകളിലൂടെ പരിചിതരായ ഇസ്സയും ഇൽഫയും കൂട്ടിനുണ്ട്. സ്ക്രീൻ ഇന്റിമസി കൊണ്ടാവാം, കാലങ്ങളായി പരിചയമുള്ളവരെപ്പോലെ ഞങ്ങൾ വിശേഷങ്ങൾ പങ്കുവെച്ചു തുടങ്ങി; അല്ല, ഹമീദ് എന്ന വായാടി സ്നേഹിതൻ വാതോരാതെ സംസാരിച്ചു തുടങ്ങി. ഞങ്ങളെക്കുറിച്ചും പറയുന്നുണ്ടോ എന്നറിയാൻ വീട്ടിലെ മൂന്നു പൂച്ചകളും അതിഥികളെ ചുറ്റിപ്പറ്റി നിന്നു.

കൈത്തൊഴിലായി കരസ്ഥമാക്കിയ ഇലക്ട്രീഷ്യൻ എന്ന പദവി ഒരു ഭംഗിക്ക് വേണമെങ്കിൽ ഹമീദിന് ചാർത്തി നൽകാം. പക്ഷെ അതിലുപരി എന്തൊക്കെയോ ആണ് യഥാർത്ഥത്തിൽ ഈ ചെറുപ്പക്കാരൻ. ഇലക്ട്രിക്കൽ സംബന്ധമായ സൂത്രങ്ങളും തന്ത്രങ്ങളും ചില കുതന്ത്രങ്ങളുമൊക്കെ ചെയ്താണ് വീഡിയോകൾ തുടങ്ങിയത്. സ്വതസിദ്ധമായ അവതരണ ശൈലിയും ഉള്ളടക്കത്തിലെ പുതുമകളും ഹമീദ് കുറ്റൂർ എന്ന ഹാന്റിലിനെ പെട്ടെന്ന് ജനപ്രിയമാക്കി. ഒരിക്കൽ വിശേഷങ്ങൾ പങ്കുവെക്കുന്നതിനിടെ വീടിനോടു ചേർന്നുള്ള മുനിസിപ്പാലിറ്റി മാലിന്യപ്പെട്ടിക്കരികെ കണ്ട ഉപയോഗയോഗ്യമായ വീട്ടുപകരണം അയച്ചുതരുമോ എന്നാരാഞ്ഞ പ്രേക്ഷകന് അത് എത്തിച്ചു നൽകിയതിലൂടെ വിഡിയോകൾ ‘വേറെ ലെവൽ’ ആയി മാറുകയായിരുന്നു. സമ്പന്നരായ സ്വദേശികൾ ഉപേക്ഷിക്കുന്ന പലവിധ സാധനങ്ങൾ ചെറിയ കേടുപാടുകൾ തന്റെ മാന്ത്രികക്കൈകളാൽ പരിഹരിച്ച് തന്റെ പേജിലൂടെ പങ്കുവെക്കും. ആവശ്യക്കാർ കമന്റിലൂടെ അറിയിക്കും. എത്തിക്കാൻ പറ്റുന്നവ സ്വന്തം വാഹനത്തിൽ എത്തിക്കും. ദൂരെ ഉള്ളവ കൊറിയറോ മറ്റ് സംവിധാനങ്ങളോ ആശ്രയിക്കും. സാമ്പത്തികമായി വെല്ലുവിളികൾ നേരിടുന്ന രോഗികൾ അടക്കമുള്ള പലർക്കും ഹമീദിന്റെ കൈകളിലൂടെ ഒട്ടനവധി സഹായങ്ങളാലാണ്‌ ഇത്തരത്തിൽ ഉപകാരപ്പെട്ടിട്ടുള്ളത്. ഇത് കേട്ടും കണ്ടും അറിഞ്ഞ സ്വദേശികളും വിദേശികളും ഇപ്പോൾ സാധനങ്ങളുമായി ഹമീദിനെ തേടി വരാൻ തുടങ്ങി എന്നതാണ് കൗതുകകരം.

ദിബ്ബ ഔഖാഫിൽ പള്ളികളിലെ ഇലക്ട്രീഷ്യനായാണ് ഹമീദ് ജോലി ചെയ്യുന്നത്. അതിനാൽ തന്നെ ഒരു പള്ളിയോടു ചേർന്നാണ് അധികൃതർ താമസസ്ഥലം അനുവദിച്ചു നൽകിയത്. 2005 ൽ ആദ്യമായി യു.എ.ഇയിൽ എത്തിയപ്പോൾ അബൂദബിയിൽ ഒരു കെട്ടിടനിർമ്മാണ സ്ഥാപനത്തിലെ ഇലക്ട്രീഷ്യനായിട്ടായിരുന്നു തുടങ്ങിയത്. പല സൈറ്റുകളും ജനവാസ കേന്ദ്രങ്ങളിൽനിന്നും അകലെ ആയതിനാൽ പണി നടക്കുന്ന കെട്ടിടത്തിൽ തന്നെ മണൽ കാറ്റും ചൂടും കൊണ്ട് കാർഡ് ബോർഡ് ചട്ടയിൽ കിടന്നുറങ്ങിയിട്ടുണ്ട്. ഒരു തരത്തിൽ ആടുകളില്ലാത്ത ആടുജീവിതം.

പിന്നീട് ദുബൈയിലെ സുപ്പർമാർകറ്റ് ശൃംഖലയിലും അവിടെ നിന്ന് ഇപ്പോഴത്തെ സ്ഥലത്തും എത്തിനിൽക്കുന്നു. ഔഖാഫിന്റെ കീഴിലുള്ള ഒരു ആംബുലൻസ് ഡ്രൈവർ ജോലി നിർത്തി പോയപ്പോൾ പകരമായി നിനക്കിതു ചെയ്യാമോ എന്ന് സ്വദേശിയായ മുദീർ ഹമീദിനോട് ചോദിച്ചപ്പോൾ സസന്തോഷം ആ ജോലിയും ഏറ്റെടുത്തു. അതും ആ ജോലിക്ക് പ്രതിഫലം വാങ്ങില്ല എന്ന വ്യവസ്ഥയിൽ. ഒരിക്കൽ മാലിന്യം കളയാൻ ചെന്നപ്പോൾ പെട്ടിയിൽ ദാ കിടക്കുന്നു ഒരു ആഡംബര കാറിന്റെ താക്കോൽ. എങ്ങനെ ഉടമസ്ഥനെ കണ്ടുപിടിക്കും എന്ന ആശങ്ക അകറ്റിയതിലുമുണ്ട് ഒരു ഹമീദിയൻ സ്റ്റൈൽ. അടുത്തടുത്തായി ധാരാളം വീടുകൾ ഉള്ള ഒരു തെരുവായതിനാൽ എവിടെ കേറി മുട്ടും എന്നാകും നമ്മൾ ചിന്തിക്കുക. കിട്ടിയ താക്കോൽ ബെൻസിന്റെ ആയതിനാൽ ബെൻസുള്ള അറിയുന്ന വീടുകളുടെ മുന്നിൽ ചെന്ന് റിമോട്ട് ഞെക്കി ഞെക്കി ഏതുവീട്ടിലെ കാറാണ് ശബ്ദമുണ്ടാക്കിയത് എന്ന് കണ്ടെത്തി കൃത്യം ആ ഗേറ്റിൽ മാത്രം ബെല്ലടിച്ചു സാധനം കൈമാറി. താക്കോൽ തിരിച്ചു കിട്ടിയ ഉടമസ്ഥൻ ആഹ്ലാദഭരിതനായി ഹമീദിനെ കാണാൻ വന്ന് പകരം എന്താണ് വേണ്ടത് എന്ന് ചോദിച്ചു. ഹൗസ് ഡ്രൈവർ പോയതിനാൽ വീട്ടിൽ വെറുതെ കിടക്കുന്ന കാറാണ് അദ്ദേഹം ആദ്യം ഓഫർ ചെയ്തത്. ഇത് സ്നേഹപൂർവ്വം നിരസിച്ച ഹമീദിനെ, കുടുംബസമേതം നക്ഷത്ര ഹോട്ടലിൽ രണ്ടു ദിവസം താമസിപ്പിക്കാൻ ഏർപ്പാട് ചെയ്തു. ഒരു ദിവസം നിന്ന് തിരിച്ചുപോന്ന ഹമീദിനെ, സന്തോഷക്കലി അടങ്ങാത്ത സ്വദേശി കാറുടമസ്ഥൻ ഹമീദിനെയും കുട്ടികളെയും സ്വന്തം കാറിൽ കൊണ്ടുപോയി കുട്ടികൾക്ക് സൈക്കിളുകളും മറ്റും സമ്മാനിക്കുകയും ചെയ്തു. ഇപ്പോഴും കാണുമ്പോൾ കാണുമ്പോൾ എന്ത് ആവശ്യമെണ്ടെങ്കിലും ചോദിക്കണം എന്ന് പറഞ്ഞുകൊണ്ടിരിക്കും എന്ന് ഹമീദ് നിറഞ്ഞ സംതൃപ്തിയോടെ പറയുന്നു.

രാജ്യാതിർത്തികൾ ഭേദിച്ച് സവാരി ചെയ്യുന്ന ഹമീദിന്റെ ഇൻസ്റ്റാ പേജിൽ ഒരിക്കൽ അമേരിക്കയിൽ നിന്നുമൊരു മെസ്സേജ് എത്തി. ടീന എന്ന റാന്നിക്കാരിയാണ് ഈ ആരാധിക. അഡ്രസ്സ് ഒന്ന് അയക്കണം, വീഡിയോകളുടെ വ്യക്തത ഒന്ന് കൂടിക്കോട്ടെ, പുത്തൻ ഫോൺ ഹമീദിന് സമ്മാനിക്കാൻ ഉദ്ദേശിക്കുന്നു. സ്നേഹപൂർവ്വം ഈ സമ്മാനം നിരസിച്ച ഹമീദിനെ പക്ഷെ ആരാധിക വിടുന്ന മട്ടില്ല. ഒടുവിൽ സമ്മാനം സ്വീകരിക്കാൻ നിർബന്ധിതനായ ഹമീദിന് ഒന്നിന് പകരം 2 ഐ ഫോണുകളും കുട്ടികൾക്ക് സമ്മാനങ്ങൾ വേറെയും എത്തിച്ചു നൽകിയ വിശേഷങ്ങൾ പങ്കുവച്ചപ്പോൾ ഹമീദിന്റെ കണ്ണിൽ പടർന്നു നേരിയ ഒരു നനവ്. തീർന്നില്ല; ഔദ്യോഗിക ആവശ്യങ്ങൾക്കായി ടീന ദുബൈയിൽ വന്നപ്പോൾ ഹമീദിനെയും കുടുംബത്തെയും വീട്ടിലെത്തി സന്ദർശിച്ചാണ് മടങ്ങിയത്. മലപ്പുറം തിരൂർ സ്വദേശിയായ ഹമീദിന്റെ മാതാപിതാക്കളായ അബ്ദുല്ല എന്ന കുഞ്ഞിമോനും മൈമൂനയും ഇടക്ക് ഇവിടെ സന്ദർശന വിസയിൽ എത്തി ഇവരുടെ കൂടെ താമസിക്കാറുണ്ട്. ഇൽഫയേയും ഇസ്സയെയും കൂടാതെ ഹമീദ് ജസീല ദമ്പതികൾക്ക് ഇവാൻ എന്ന ഒരു മകനും കൂടെയുണ്ട്.

Tags:    
News Summary - Influencer - Hameed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-05-05 05:25 GMT