വീടിന്റെ ടെറസിൽ വിളഞ്ഞ പച്ചക്കറികൾ -എബ്രഹാം സാമുവലിെന്റ വീട്ടുവളപ്പിലെ തെങ്ങ് - എബ്രഹാം സാമുവൽ
മനാമ: ഈന്തപ്പനയുടെ നാട്ടിൽ തലയുയർത്തി നിൽക്കുന്ന തെങ്ങ് പ്രവാസികൾക്കും സ്വദേശികൾക്കും കൗതുകമാകുന്നു. മനാമ കാനൂ ഗാർഡനിൽ താമസിക്കുന്ന എബ്രഹാം സാമുവലിന്റെ വീട്ടു വളപ്പിലാണ് തെങ്ങ് കായ്ച്ച് നിൽക്കുന്നത്. ബഹ്റൈനിൽ അപൂർവമായ ഈ കാഴ്ച നിരവധി പേരെയാണ് ആകർഷിക്കുന്നത്.
ആറ് വർഷമായ തെങ്ങിൽ രണ്ട് കുലകളിലായി 11 തേങ്ങകളാണ് ഇതുവരെയുണ്ടായത്. വിളഞ്ഞ തേങ്ങ രണ്ടെണ്ണം പറിക്കുകയും ചെയ്തു. തേങ്ങക്കും തേങ്ങാവെള്ളത്തിനും നാട്ടിലെ തേങ്ങയുടെ അതേ രുചിതന്നെയാണെന്ന് അബ്രഹാം സാമുവൽ പറഞ്ഞു. ബഹ്റൈനിൽ ചില സ്ഥലങ്ങളിൽ തെങ്ങുണ്ടെങ്കിലും കായ്ക്കുന്നത് അപൂർവമാണ്.
വേൾഡ് മലയാളി കൗൺസിൽ ബഹ്റൈൻ പ്രൊവിൻസ് പ്രസിഡന്റ് കൂടിയായ എബ്രഹാം സാമുവലിന്റെ കൃഷിയോടുള്ള താൽപര്യം പ്രവാസികൾക്ക് നേരത്തെതന്നെ പരിചയമുള്ളതാണ്. വീടിന്റെ ടെറസാണ് ഇദ്ദേഹത്തിന്റെ പ്രിയപ്പെട്ട കൃഷിസ്ഥലം. ഈ വർഷം 100 കിലോയോളം പയറാണ് ടെറസ് കൃഷിയിൽനിന്ന് ലഭിച്ചത്. 2016ലെ ബഹ്റൈൻ ഇന്റർനാഷനൽ ഗാർഡൻ ഷോയിൽ മികച്ച പച്ചക്കറി കർഷകനുള്ള ശൈഖ് ഈസ ബിൻ സൽമാൻ പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിരുന്നു.
പുതിന പോലുള്ള വിവിധയിനം ഇലവർഗങ്ങൾ, വെണ്ട, മുരിങ്ങ, പച്ചമുളക്, മൾബറി, പച്ചമുന്തിരി തുടങ്ങിയവയെല്ലാം സീസണനുസരിച്ച് ഇദ്ദേഹം കൃഷി ചെയ്യാറുണ്ട്. ഇതോടൊപ്പം മത്സ്യകൃഷിയുമുണ്ട്. ഇനി നാട്ടിൽനിന്ന് കൂടുതൽ നാടൻ പച്ചക്കറി വിത്തുകൾ കൊണ്ടുവന്ന് കൃഷി വിപുലപ്പെടുത്താനുള്ള ആലോചനയിലാണ് ഇടുക്കി കുമളി സ്വദേശിയായ എബ്രഹാം സാമുവൽ.
പ്രവാസലോകത്ത് കൃഷിയെ പ്രോത്സാഹിപ്പിക്കുന്ന ഇദ്ദേഹം മറ്റുള്ളവർക്ക് മികച്ചൊരു മാതൃകയാണ്. വിലപ്പെട്ട സമയം പാഴാക്കിക്കളയാതെ ഇത്തരം നല്ല കാര്യങ്ങളിലൂടെ പ്രയോജനപ്പെടുത്തണമെന്ന സന്ദേശം അദ്ദേഹം പറയാതെ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.