സ്റ്റംപ് ആർട്ട് ചിത്രകാരൻ ഡഗ്ലസ് വി. ഹരിഹരപുരം
തിരുവനന്തപുരം: കാലപ്പാച്ചിലിൽ വിസ്മൃതിയിൽ മറഞ്ഞ സ്റ്റംപ് ആർട്ടിന് കഠിനാധ്വാനം കൊണ്ടും അർപ്പണം കൊണ്ടും പുതുജീവനേകുകയാണ് ഈ കലാകാരൻ. മഷിയോ ബ്രഷോ പെൻസിലോ ഉപയോഗിക്കാതെ ബ്ലാക്ക് പൗഡർ കടലാസ് ചുരുട്ടി അതുകൊണ്ട് കുത്തിയെടുത്ത് പ്രത്യേക കാൻവാസിൽ കോറിയിട്ട് തയാറാക്കുന്ന പഴയകാല ചിത്രകലാ രീതിയാണ് സ്റ്റംപ് ആർട്ട്. ഫോട്ടോഗ്രാഫിയൊന്നും ഇത്രയും വിപുലമാകാത്ത ബ്ലാക്ക് ആൻഡ് വൈറ്റ് കാലത്ത് വലുപ്പത്തിൽ ചിത്രങ്ങൾ തയാറാക്കുന്നതിനാണ് സ്റ്റംപ് ആർട്ട് ഉപയോഗിച്ചിരുന്നത്. യാദൃശ്ചികമായി കൊല്ലം തങ്കശ്ശേരിയിൽവെച്ച് 217 വർഷം പഴക്കമുള്ള സ്റ്റംപ് ആർട്ട് ചിത്രം കാണാനായതാണ് ഡഗ്ലസ് വി. ഹരിഹരപുരം എന്ന കലാകാരനെ ഈ അപൂർവ വരകളുടെ വിസ്മയങ്ങളിലേക്ക് കൈപിടിച്ചെത്തിച്ചത്.
ഫോട്ടോക്ക് സമാനം അതിസൂക്ഷ്മ സവിശേഷതകളും കാൻവാസിൽ ഉൾക്കൊള്ളിച്ചിട്ടുണ്ടാകുമെന്നതാണ് സ്റ്റംപ് ആർട്ട് ചിത്രങ്ങളുടെ പ്രത്യേകത. പഴയകാല സ്റ്റുഡിയോകളിൽ അന്നത്ത് ഫോട്ടോഗ്രാഫിയിൽ ഒതുങ്ങാത്ത വലിയ ചിത്രങ്ങൾ വരച്ച് തയാറാക്കുന്നതിനാണ് സ്റ്റംപ് ആർട്ടിസ്റ്റുകളെ നിയോഗിച്ചിരുന്നത്. കലാവിഷ്കാരം എന്നതിനപ്പുറം ആർട്ടിസ്റ്റുകളുടെയെല്ലാം ഉപജീവനമായിരുന്നു ഈ വര. അതുകൊണ്ട് സ്റ്റംപ് ആർട്ടുകളിലൊന്നും കലാകാരന്റെ പേരുണ്ടാകില്ല, പകരം സ്റ്റുഡിയോയുടെ പേര് മാത്രം.
അഞ്ച് വർഷം മുമ്പ് സുഹൃത്തിനൊപ്പം തങ്കശ്ശേരി സന്ദർശിക്കുന്നതിനിടെയാണ് ഒരു വീട്ടിൽ ഇത്തരത്തിലൊരു പഴയ ചിത്രം ശ്രദ്ധയിൽപെട്ടത്. ഫോട്ടോയല്ല, വരയാണ് അതെന്ന് അറിഞ്ഞതോടെ പിന്നിലെ സങ്കേതത്തെക്കുറിച്ചറിയാൻ ഫോട്ടോഗ്രാഫറും ചിത്രകാരനും കൂടിയായ ഡഗ്ലസിന് കൗതുകമായി. ജീവിച്ചിരിക്കുന്ന മുതിർന്ന ചിത്രകാരന്മാരെയെല്ലാം നേരിൽ കണ്ട് ഇതിനെക്കുറിച്ച് ആരാഞ്ഞു. പലർക്കും സ്റ്റംപ് ആർട്ടിനെക്കുറിച്ച് അറിയാമെങ്കിലും പ്രിന്റിങ് സാങ്കേതിക വിദ്യയും ഫോട്ടോഷോപ്പുമെല്ലാം വ്യാപകമായതോടെ ആരും ഉപയോഗിക്കുന്നില്ലെന്നായിരുന്നു മറുപടി. എങ്കിലും സ്വന്തം നിലക്കുതന്നെ ഈ വഴി നീങ്ങാനായിരുന്നു ഡഗ്ലസിന്റെ തീരുമാനം.
ബ്രഷിന് പകരം പ്രത്യേക രീതിയിലും അളവിലും പേപ്പർ മുറിച്ച് ചുരുട്ടിയെടുത്താണ് വരയുപകരണം തയാറാക്കിയത്. പുളിങ്കമ്പും റോസാചെടിയുടെ തണ്ടും കരിച്ച് ബ്ലാക്ക് പൗഡർ തയാറാക്കി. പ്രത്യേക കാൻവാസായ ഫോട്ടോ ഫിനിഷ് പേപ്പർ വിദേശത്തുനിന്ന് വരുത്തി. അങ്ങനെയാണ് ഡഗ്ലസ് മണ്ണടിഞ്ഞ വരയടയാളങ്ങളെ കൂട്ടിവരച്ചത്. പഴയ ഫോട്ടോഗ്രാഫി സങ്കേതമായ ‘റീ ടച്ചി’ൽ’ പ്രാവീണ്യമുള്ളതിനാൽ സ്റ്റംപ് ആർട്ടിൽ വളരെ സഹായകരമായി. പ്രിന്റെടുത്ത ചിത്രത്തിൽ പെൻസിലോ മഷിയോ ഉപയോഗിച്ച് ഭംഗി കൂട്ടുന്നതിനാണ് റീ ടച്ച് എന്ന് പറയുന്നത്.
കേരളത്തിന്റെ ഇതുവരെയുള്ള മുഖ്യമന്ത്രിമാരെയെല്ലാം സ്റ്റംപ് ആർട്ടിൽ ഡഗ്ലസ് ആവിഷ്കരിച്ചു. ഒപ്പം ഗവർണർ ആരിഫ് മുഹമ്മദ് ഖാനെയും നിലവിലെ മന്ത്രിമാരെയുമെല്ലാം വരച്ച് പൂർത്തിയാക്കി. തലസ്ഥാനത്തുതന്നെ കേരളത്തിലെ ആദ്യത്തെ സ്റ്റംപ് ആർട്ട് പ്രദർശനം ഒരുക്കാനുള്ള തയാറെടുപ്പിലാണ് ഈ കലാകാരൻ. വർക്കല ഹരിഹരപുരം സ്വദേശിയായ ഡഗ്ലസ് ഇപ്പോൾ പേരൂർക്കടയിലാണ് താമസം. ഭാര്യ ജോസഫൈൻ സെക്രട്ടേറിയറ്റിലെ അഡീഷനൽ സെക്രട്ടറിയാണ്. രണ്ട് മക്കളുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.