വേണു മാധവൻ
കൊല്ലം: രോഗവും പ്രായവും നിശ്ചയദാർഢ്യത്തിന് മുന്നിൽ വഴിമാറും എന്നതിന് ഉദാഹരണമായൊരു കൊല്ലംകാരൻ സുവർണതിളക്കവും നെഞ്ചിലേറ്റി പുഞ്ചിരിക്കുകയാണ്. അദ്ദേഹത്തിന്റെ ആ പുഞ്ചിരിക്ക് മുന്നിൽ തോറ്റുപോയത് എതിരാളികൾ മാത്രമല്ല, രക്താർബുദം കൂടിയാണ്. ഗോവയിൽ നടന്ന മാസ്റ്റേഴ്സ് ഗെയിമിൽ പവർ ലിഫ്റ്റിങ് 74 കിലോ വിഭാഗത്തിൽ സ്വർണം നേടിയ കൊല്ലം മരുത്തടി കന്നിമേൽചേരി വാഴപ്പള്ളി വടക്കതിൽ വേണുമാധവനാണ് മലയാളികൾക്കെല്ലാം അഭിമാനമാകുന്നത്.
കളിക്കളത്തിലെ നേട്ടത്തിനപ്പുറം തന്റെ ജീവിതം കൊണ്ട് ചുറ്റുമുള്ള മനുഷ്യർക്ക് പ്രചോദനമാകാൻ കഴിയുന്നു എന്നതാണ് ഈ 54കാരനെ ഏറെ ആഹ്ലാദിപ്പിക്കുന്നത്. 16 വയസ്സുമുതൽ പവർ ലിഫ്റ്റിങ് പരിശീലനം നടത്തിവന്ന വേണു മാധവൻ, 41 വയസ്സോടെയാണ് മാസ്റ്റേഴ്സ് പോരാട്ടത്തിൽ സജീവമായത്.
2013ൽ ജില്ല സ്ട്രോങ്മാൻ ആയിരുന്നു. 2014ൽ മാസ്റ്റേഴ്സ്, ഓപൺ കാറ്റഗറിയിൽ ദേശീയതലത്തിൽ മത്സരിക്കാൻ തിരുവനന്തപുരത്ത് പരിശീലിക്കവെയാണ് നെഞ്ചിലേറ്റ പരിക്കിനെതുടർന്നുനടത്തിയ പരിശോധനയിൽ രക്താർബുദം കണ്ടെത്തുകയായിരുന്നു. ആർ.സി.സിയിൽ രോഗത്തിന്റെ തീവ്രത ഉറപ്പിച്ചു.
മൂന്നാം സ്റ്റേജ് പിന്നിട്ടു എന്ന അറിവ് അദ്ദേഹത്തെ തളർത്തിയില്ല. ധൈര്യപൂർവം കീറോതെറപ്പി തുടങ്ങി. അപ്പോഴേക്കും വലിയ വെല്ലുവിളിയായി രോഗംപിടിമുറുക്കി. മരണത്തിന്റെ പടിവാതിലിൽ എത്തി എന്ന് പ്രിയപ്പെട്ടവർ പോലും കരുതി. എന്നാൽ, 2015ൽ കീമോ കഴിഞ്ഞ് ഏതാനും മാസത്തിനകം നടന്ന മാസ്റ്റേഴ്സ് സംസ്ഥാന മീറ്റിൽ വെള്ളി നേടിയത് ജീവിതത്തിലേക്കുള്ള തിരിച്ചുവരവായി.
പിന്നീട് രോഗത്തെ നേരിടാൻ ഇടവേള ആവശ്യമായി വന്നതോടെ കളിക്കളത്തിൽ നിന്ന് വിട്ടുനിന്നു. 2022ൽ അപ്രതീക്ഷിതമായി കളത്തിലേക്ക് തിരിച്ചുവന്നു. 2022ൽ ചെന്നൈയിൽ സൗത്ത് ഇന്ത്യൻ ചാമ്പ്യൻഷിപ്പിൽ രണ്ടാമതെത്തി. 2023ൽ ദേശീയതലത്തിൽ വെങ്കലം നേടി നേരെ പോയത് കീമോ തെറപ്പിക്കാണ്.
ഇപ്പോഴും ചികിത്സക്കൊപ്പം മത്സരരംഗത്ത് സജീവമാണ്. ഇന്റർനാഷനൽ പോരാട്ടത്തിൽ സ്വർണവും റെക്കോഡും നേടി രാജ്യത്തിന് അഭിമാനമാകാനുള്ള തയാറെടുപ്പിലാണിപ്പോൾ. കണ്ണനല്ലൂർ പാലമുക്കിൽ താമസിക്കുന്ന വേണുമാധവൻ തട്ടാമല കെ.എസ് ജിംനേഷ്യത്തിലാണ് പരിശീലനം നടത്തുന്നത്. അർബുദം ഒന്നിന്റെയും അവസാനമല്ലെന്നും ജീവിതത്തിൽ പോരാടാൻ മനസ്സുണ്ടായാൽ എത്ര തളർച്ചയിലും നേട്ടങ്ങൾ കൈയെത്തിപ്പിടിക്കാമെന്നും സ്വന്തം ജീവിതംകൊണ്ട് കാട്ടിത്തരുകയാണ് വേണു മാധവൻ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.