ആലുവ: വായനക്ക് ഭാഷയും തൊഴിലും തടസ്സമല്ലെന്ന് ജീവിതം കൊണ്ട് തെളിയിക്കുകയാണ് ഏഴ് വർഷമായി കേരളത്തിലുള്ള യു.പി സൊഹൻപൂർ സ്വദേശി മുബീൻ. സ്വന്തം ബാർബർ ഷോപ്പിന്റെ നടത്തിപ്പിനൊപ്പം വായനയും മുന്നോട്ട് കൊണ്ടുപോകുന്നു. ആലുവ-പെരുമ്പാവൂർ മേഖലയിലെ നിരവധി അന്തർസംസ്ഥാന തൊഴിലാളികൾ ലഹരി ഇടപാടുമായി നടക്കുമ്പോൾ വായനയെ ലഹരിയാക്കുകയാണ് ഈ ചെറുപ്പക്കാരൻ.
മലയാളത്തിന്റെ അഭിമാനമായ പല സാഹിത്യ കൃതികളും മലയാളിക്ക് അപരിചിതമായ ഇക്കാലത്ത് മലയാള സാഹിത്യ പുസ്തകങ്ങളും മുബീൻ നെഞ്ചോട് ചേർക്കുന്നുണ്ട്. ചാലക്കൽ ദാറുസ്സലാം സ്കൂളിന് എതിർവശത്ത് എർസിൻ ബാർബർ ഷോപ്പിൽ മുടി വെട്ടുന്നതിനിടയിലും പുസ്തകങ്ങളെ കൂടെ കൂട്ടിയിരിക്കുകയാണ് വ്യത്യസ്തനായ ഈ ബാർബർ. ഏഴുവർഷമായി കേരളത്തിലുള്ള മുബീൻ നിരവധി പുസ്തകങ്ങളാണ് ഇതിനോടകം വായിച്ചുതീർത്തത്. മുടി വെട്ടാൻ ബാർബർ ഷോപ്പിൽ എത്തുന്നവർക്ക് ഇദ്ദേഹം വായിച്ചുതീർത്ത നിരവധി പുസ്തകങ്ങൾ ഇവിടെ അടുക്കിവെച്ചിരിക്കുന്നത് കാണാം.
നോവൽ മാത്രമല്ല, മനശ്ശാസ്ത്ര പുസ്തകങ്ങൾ അടക്കം പല ഭാഷകളിലുമുള്ള പുസ്തകങ്ങളാണ് മുബീൻ വായിച്ചുതീർത്തത്. വൈക്കം മുഹമ്മദ് ബഷീറിന്‍റേതടക്കം നിരവധി മലയാളം നോവലുകൾ വായിച്ചു കഴിഞ്ഞു. മലയാളം സംസാരിക്കാൻ അറിയാമെങ്കിലും ഗൂഗിൾ ട്രാൻസലേറ്റർ വഴിയാണ് മലയാളം പുസ്തങ്ങൾ വായിക്കുന്നത്. വായിക്കുന്ന പുസ്തകങ്ങളെക്കുറിച്ച് ലഘു കുറിപ്പുകൾ ഡയറിയിൽ എഴുതിവെക്കുന്നുമുണ്ട്. ഓരോ മാസവും നാല് പുസ്തകമെങ്കിലും വായിച്ചുതീർക്കുമെന്ന് മുബീൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.