മുസമ്മിൽ
ഒരു സ്ട്രൈക്കർ, പത്തൊമ്പത് കരുക്കൾ... ലക്ഷ്യത്തിലേക്കുള്ള ദൂരം വിരൽത്തുമ്പിലെ കൃത്യതയിൽ അളന്നെടുക്കുമ്പോൾ അവിടെ കളി തുടങ്ങുകയായി. കാരംബോർഡിൽ പൗഡർ വിതറി സ്ട്രൈക്കർ അടിക്കുമ്പോൾ കരുക്കൾ ചിതറുന്ന ആ ശബ്ദമുണ്ടല്ലോ. അവിടെ തുടങ്ങും കാരംസിന്റെ യഥാർഥ ആവേശം. വേനലവധിക്ക് ബന്ധുവീടുകളിലെ ഉമ്മറത്ത് ഈ ചതുരപ്പലകക്ക് ചുറ്റുമിരുന്ന് കളിച്ച കാലം ഇന്നും പലരുടെയും ഉള്ളിലെ മധുരമുള്ള നൊസ്റ്റാൾജിയയാണ്. കറന്റ് പോയ രാത്രികളിൽ, മെഴുകുതിരി വെളിച്ചത്തിൽ നിഴലുകൾക്കൊപ്പം കളിച്ച ആ കാരംസ് കളിക്ക് വല്ലാത്തൊരു ആവേശമായിരുന്നു. കരുക്കൾ ലക്ഷ്യസ്ഥാനത്ത് എത്തുമ്പോൾ ഉയരുന്ന ആർപ്പുവിളികൾ ഇന്നും മാറ്റമില്ലാതെ തുടരുന്നു.
ഇന്ന് യന്ത്രങ്ങൾ മിനുക്കിയെടുക്കുന്ന ബോർഡുകൾ വിപണി കീഴടക്കുമ്പോഴും, കൈക്കരുത്തിന്റെയും കൃത്യതയുടെയും ആ പഴയ മരത്തിന്റെ മണം തേടി ആളുകൾ കോഴിക്കോട്ടെ ഭട്ട് കാരംസിലേക്ക് എത്തുന്നു. കോഴിക്കോട് പള്ളിക്കണ്ടി റോഡിൽ കല്ലായ് പുഴയുടെ തീരം ചേർന്ന് പ്രവർത്തിക്കുന്ന ഭട്ട് കാരംസിന് പറയാനുള്ളത് പതിറ്റാണ്ടുകളുടെ പാരമ്പര്യമാണ്. ഇത്രയേറെ പഴക്കമുള്ള മറ്റൊരു കാരംബോർഡ് നിർമാണ സ്ഥാപനം കേരളത്തിൽ വേറെയുണ്ടാകില്ല. ആധുനിക യന്ത്രങ്ങളോട് മത്സരിക്കുമ്പോഴും, കൈകൊണ്ടു നിർമിക്കുന്ന ബോർഡുകളുടെ ഫിനിഷിങ്ങും ഈടുമാണ് ഭട്ട് കാരംസിനെ വേറിട്ടു നിർത്തുന്നത്. കാലം മാറി, കളി മാറി, പക്ഷേ ഭട്ട് കാരംസ് ഒരുക്കുന്ന ആ ചതുരപ്പലകയിലെ ആവേശം ഇന്നും മാറ്റമില്ലാതെ തുടരുന്നു. ഹാൻഡ്മെയ്ഡായി കാരംബോർഡുകൾ നിർമിക്കുന്ന ഭട്ട് കാരംസിന്‍റെ ചരിത്രത്തിലൂടെ ഒരു യാത്ര.
ഈ സ്ഥാപനത്തിന്റെ പേരിനുപിന്നിൽ കൗതുകകരമായ ഒരു കഥയുണ്ട്. അതാണ് അഹമ്മദ് കോയ ഭട്ടിന്റെ കഥ. വലിയ കണ്ണുകളുള്ള അഹമ്മദ് കോയ മികച്ച കാരംസ് കളിക്കാരനായിരുന്നു. ഈ കമ്പനിയൊക്കെ തുടങ്ങുന്നതിനുമുമ്പേ പ്രായമായവരൊക്കെ അദ്ദേഹത്തിന്‍റെ കളി കാണാൻ വരും. വട്ടക്കണ്ണന്റെ കളി കാണാൻ നല്ല രസമാണ് എന്നായിരുന്നു അവർക്കിടയിലെ സംസാരം. അത് പിന്നീട് സ്നേഹത്തോടെ വട്ടൂക്കന്റെ കളിയായി മാറി. വട്ടൂക്ക എന്ന വിളി പിന്നീട് ഭട്ടൂക്കയിലേക്ക് പരിണമിച്ചു. അത് ചുരുങ്ങി ഭട്ട് ആയി.
ആർട്ടിസ്റ്റ് കൂടിയായിരുന്ന ഉപ്പയുടെ സർഗാത്മകതയാണ് ഭട്ട് കാരംസിന്റെ അടിത്തറയെന്ന് മകൻ മുസമ്മിൽ പറയുന്നു. ഉപ്പക്ക് കാരംബോർഡ് വരക്കുന്നതിലൊക്കെ വലിയ താൽപര്യമായിരുന്നു. അങ്ങനെയിരിക്കെയാണ് ഒരു ബോർഡ് നിർമിച്ചാലോ എന്നാലോചിക്കുന്നത്. നിർമാണത്തിന്റെ ഗുട്ടൻസ് അറിയാൻ ഒരു ആശാരിയെ കൂട്ടി പഴയൊരു ബോർഡ് അഴിച്ചുപരിശോധിച്ചു. അതിന്റെ ഓരോ ഭാഗവും എങ്ങനെയാണ് ഫിറ്റ് ചെയ്തിരിക്കുന്നതെന്ന് കൃത്യമായി മനസ്സിലാക്കിയ ശേഷം, ആശാരിയുടെ സഹായത്തോടെ ഒരു ദിവസം ഒരു ബോർഡ് എന്ന നിലയിൽ ഉപ്പ നിർമാണം ആരംഭിച്ചു. പലയിടങ്ങളിലും കളിക്കാൻ പോകുന്നതുകൊണ്ടുതന്നെ വലിയൊരു സുഹൃദ്‌വലയവും അദ്ദേഹത്തിനുണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഉപ്പ ഉണ്ടാക്കിയ ആദ്യ ബോർഡുകളൊക്കെ പരിചയമുള്ള ക്ലബുകളിലാണ് കൊടുത്തത്. കളിക്കാർക്ക് ബോർഡിന്റെ ഗുണമേന്മ ബോധ്യപ്പെട്ടതോടെ ആ ബന്ധങ്ങൾ വഴി പുതിയ ഓർഡറുകൾ തേടിയെത്താൻ തുടങ്ങി.
ഒരു ദിവസം ഒരു ബോർഡ് എന്ന നിലയിൽ പതുക്കെ തുടങ്ങിയ യാത്ര ഇന്ന് 65 വർഷങ്ങൾ പിന്നിട്ടിരിക്കുന്നു. കോഴിക്കോടിന്റെ മണ്ണിൽ മാത്രം 26 വർഷത്തെ ഈടുറ്റ ചരിത്രം. പിതാവ് മരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞെങ്കിലും അദ്ദേഹം തെളിച്ച വഴിയിലൂടെ മക്കളായ മുനീറും മുസമ്മിലും ആ പാരമ്പര്യം മുറുകെപ്പിടിക്കുന്നു. ഉപ്പയുള്ള കാലത്തുതന്നെ ഇവർ ഈ തൊഴിലിലേക്ക് ഇറങ്ങിയിരുന്നു. ഇന്ന് ഇവർ ഭട്ട് ബ്രദേഴ്സാണ്.
മുനീറാണ് പണിക്കാരെ ഏകോപിപ്പിക്കുന്നതും മരത്തിന്റെ പർച്ചേസിങ്ങും മാർക്കറ്റിങ്ങുമൊക്കെയും നോക്കുന്നത്. മുസമ്മിലാകട്ടെ ബോർഡിലെ വരകൾ വരക്കുന്ന തിരക്കിലും. പൂർണമായും കൈകൊണ്ട് നിർമിക്കുന്ന ബോർഡുകളായതിനാൽ ഇവയുടെ ഉൽപാദനത്തിന് പരിധിയുണ്ട്. ഒരു ദിവസം പരമാവധി എട്ട് അല്ലെങ്കിൽ ഒമ്പത് ബോർഡുകൾ മാത്രമാണ് ഇവർ ചെയ്യുന്നത്. തങ്ങളുടെ മക്കളാരും ഇതുവരെ ഈ രംഗത്തേക്ക് ഇറങ്ങിയിട്ടില്ലെന്ന് മുസമ്മിൽ പറയുമ്പോഴും, ഉപ്പ തുടങ്ങിവെച്ച ആവേശം ഒട്ടും ചോരാതെ ഇന്നും കാത്തുസൂക്ഷിക്കുകയാണ് ഈ സഹോദരങ്ങൾ.
കാരംബോർഡ് നിർമാണ ലോകത്ത് ഫിനിഷിങ്ങിനോളം തന്നെ പ്രാധാന്യമുണ്ട് ഉപയോഗിക്കുന്ന മരത്തിന്റെ ഗുണമേന്മക്കും. ബോർഡിന്റെ കരുത്തായ ഫ്രെയിം നിർമിക്കാനാവശ്യമായ മരം പ്രധാനമായും വരുന്നത് മഹാരാഷ്ട്രയിൽ നിന്നാണ്. നീലോട്ടിക്ക എന്നറിയപ്പെടുന്ന മരമാണ് ഫ്രെയിമുകൾക്ക് ഉറപ്പേകാൻ ഉപയോഗിക്കുന്നത്. പ്ലൈവുഡുകൾ എത്തുന്നത് കൊൽക്കത്തയിലെ സില്ലുവൂരിയിൽ നിന്നാണ്. പണ്ട് പ്രഫഷനൽ ബോർഡുകളിൽ വ്യാപകമായി ഉപയോഗിച്ചിരുന്നത് റെഡ് സിഡാർ അല്ലെങ്കിൽ ഹാർഡ്‌വുഡ് പ്ലൈവുഡുകളാണ്. ചുവപ്പ് കലർന്ന തവിട്ടുനിറമുള്ള ഇവക്ക് ഇന്നത്തെ പ്ലൈവുഡുകളേക്കാൾ ഭാരം കൂടുതലായിരിക്കും. ഫിനിഷിങ്ങിൽ അൽപം കുറവുണ്ടെങ്കിലും ഇന്നും റെഡ് പ്ലൈവുഡിന് ആവശ്യക്കാരുണ്ട്. ഇവർക്കായി ലോക്കൽ മാർക്കറ്റുകളിൽ നിന്നും റെഡ് പ്ലൈവുഡ് ശേഖരിച്ച് ബോർഡുകൾ നിർമിച്ച് നൽകാറുണ്ട്.
സാധാരണ ഫർണിച്ചർ നിർമാണത്തിന് ഉപയോഗിക്കുന്ന പ്ലൈവുഡുകളാണ് ബ്രൗൺ പ്ലൈവുഡ്. നിലവിൽ തിരൂർ ഭാഗത്താണ് ഇത്തരം പ്ലൈവുഡ് ഉപയോഗിച്ചുള്ള ബോർഡുകൾക്ക് കൂടുതൽ ആവശ്യക്കാരുള്ളത്. ഉറപ്പിനും ഭാരത്തിനും പ്രാധാന്യം നൽകുന്നവരും, ഫിനിഷിങ്ങും വിലക്കുറവും നോക്കുന്നവരും എന്നിങ്ങനെ ഉപഭോക്താക്കളുടെ താൽപര്യത്തിനനുസരിച്ചാണ് വിപണിയിൽ ഓരോ പ്ലൈവുഡും തിരഞ്ഞെടുക്കപ്പെടുന്നത്.
പൂർണമായും ഹാൻഡ്‌മെയ്ഡായിട്ടാണ് ഓരോ കാരംബോർഡും ഇവിടെ നിർമിക്കുന്നത്. ആദ്യം സാൻഡ് പേപ്പർ ഉപയോഗിച്ച് പ്ലൈവുഡ് നന്നായി ഉരച്ച് മിനുസപ്പെടുത്തുന്നു. നിർമാണ വേളയിൽ അബദ്ധവശാൽ വീഴുന്ന പെയിന്റ് പാടുകൾ മാറ്റാനും പ്രതലത്തിന് കൃത്യമായ സ്മൂത്ത്‌നെസ് നൽകാനുമാണ് ഇങ്ങനെ ചെയ്യുന്നത്. ഇതിനുശേഷം ഒരു പ്രൈമറി കോട്ടിങ് നൽകുകയും വീണ്ടും മിനുക്കിയ ശേഷം നിറങ്ങൾ നൽകുകയും ചെയ്യുന്നു. ബോർഡിലെ കറുത്ത വരകളും മറ്റ് ഡിസൈനുകളും വരക്കാൻ പ്രധാനമായും ഇന്ത്യൻ ഇങ്ക് ആണ് ഉപയോഗിക്കുന്നത്. പ്ലൈവുഡിലേക്ക് നന്നായി ആഴ്ന്നിറങ്ങാനും വേഗത്തിൽ ഉണങ്ങാനും ഇത് സഹായിക്കുന്നു. ഓരോ സൈസിലുള്ള ബോർഡിനും അതിന്റേതായ മെഷർമെന്റുകൾ കൃത്യമായി പാലിച്ചാണ് ഈ വരക്കൽ പൂർത്തിയാക്കുന്നത്. ഒരു ബോർഡ് വരക്കാൻ ഏകദേശം 15-20 മിനിറ്റ് എടുക്കും.
പലരും ബോർഡ് തിളങ്ങാൻ വേണ്ടി പോളിഷ് ചെയ്യാറുണ്ടെങ്കിലും ഇത് ഗുണത്തേക്കാളേറെ ദോഷം ചെയ്യും. പോളിഷ് ചെയ്താൽ ബോർഡിൽ പെട്ടെന്ന് സ്ക്രാച്ചുകൾ വീഴാൻ സാധ്യതയുള്ളതിനാൽ സ്വാഭാവിക മിനുസത്തിൽ തന്നെയാണ് ബോർഡുകൾ തയാറാക്കുന്നത്. സൂക്ഷ്മതയോടെ വരകൾ പൂർത്തിയാക്കി കൃത്യമായി ഉണങ്ങിയ ശേഷമാണ് ഫിറ്റിങ്സ് നടക്കുന്നത്. നിർമാണത്തിനുശേഷം വെയിൽ അമിതമായി കൊള്ളുന്നത് ഒഴിവാക്കണമെങ്കിലും നേരിയ വെയിൽ കൊള്ളിക്കുന്നത് ബോർഡിന്റെ ഈടിന് നല്ലതാണ്. ഒരാൾ മാത്രമാണെങ്കിൽ ഒരു ബോർഡ് പൂർത്തിയാക്കാൻ രണ്ടു മണിക്കൂറോളം വേണ്ടിവരും. നിലവിൽ ഞാനും ജ്യേഷ്ഠനും രണ്ട് തൊഴിലാളികളും ചേർന്നാണ് ഈ നിർമാണ ജോലികൾ പൂർത്തിയാക്കുന്നതെന്ന് മുസമ്മിൽ പറയുന്നു.
മുസമ്മിൽ കാരംബോർഡിൽ വരകളിടുന്നു
കാരംബോർഡ് നിർമാണത്തിൽ പ്രധാനമായും ആറ് തരത്തിലുള്ള ക്വാളിറ്റികളാണുള്ളത്. ഓരോ സൈസിലും മൂന്ന് വ്യത്യസ്ത ഗ്രേഡുകൾ ലഭ്യമാണ്. വില കുറഞ്ഞ സാധാരണ ബോർഡുകൾ മുതൽ പ്രഫഷനൽ ബോർഡുകൾ വരെ ഇതിൽ ഉൾപ്പെടുന്നു. വില കൂടുന്നതിനനുസരിച്ച് പ്ലൈവുഡിന്റെ കനവും കൂടുന്നു. ദേശീയ-അന്തർദേശീയ മത്സരങ്ങൾക്ക് ഉപയോഗിക്കുന്നത് 16mm-20mm കട്ടിയുള്ള പ്രഫഷനൽ ബോർഡുകളാണ്. ക്ലബുകളിലും പ്രാദേശിക ടൂർണമെന്റുകളിലും ഉപയോഗിക്കുന്നത് 12mm സ്റ്റാൻഡേർഡ് ബോർഡുകളാണ്. ഇതിന് അത്യാവശ്യം നല്ല ഭാരവും ഉറപ്പുമുണ്ടാകും. ആവശ്യക്കാർക്ക് അനുസരിച്ച് 9mm, 4mm പ്ലൈവുഡുകളിലും ബോർഡുകൾ നിർമിക്കാറുണ്ട്.
1500 രൂപ മുതലാണ് ഇവിടെ ബോർഡുകളുടെ വില ആരംഭിക്കുന്നത്. ഗുണമേന്മയേറിയ പ്രഫഷനൽ ബോർഡുകൾക്ക് പരമാവധി 3500 രൂപ വരെയാകും. ഇതേ ബോർഡുകൾക്ക് ഷോപ്പുകളിൽ 5000 മുതൽ 6000 രൂപ വരെ വില വരാറുണ്ട്. മെറ്റീരിയലിന്റെ ക്വാളിറ്റി മാറിയാലും എല്ലാ ബോർഡുകളുടെയും നിർമാണ രീതി ഒരേപോലെയാണ്. സാധാരണ നിലയിൽ ഒരു ദിവസം എട്ട് ബോർഡുകളാണ് ഇവിടെ പൂർത്തിയാക്കുന്നത്. കുട്ടികൾക്കായുള്ള ബോർഡുകളാണെങ്കിൽ പത്തെണ്ണം വരെ നിർമിക്കും. കുട്ടികളുടെ ബോർഡും വലിയ ക്ലബ് ബോർഡും തമ്മിലുള്ള മറ്റൊരു വ്യത്യാസം അതിന്റെ ഫ്രെയിം സൈസ് ആണ്. പ്രഫഷനൽ ബോർഡുകൾക്ക് 3x2 ഇഞ്ച് വരെ വലുപ്പമുള്ള കട്ടിയുള്ള ഫ്രെയിം ഉണ്ടാകും. ഈ ഫ്രെയിമിന്റെ ബലവും പ്ലൈവുഡിന്റെ കനവും ചേരുമ്പോഴാണ് ഒരു ബോർഡ് പെർഫെക്ട് ആകുന്നത്.
ഇന്ന് വിപണി ഭരിക്കുന്നത് ബോംബെ പ്രൊഡക്ഷൻ ബോർഡുകളാണ്. പ്രഫഷനൽ നിലവാരമുള്ള ഇംപോർട്ടഡ് പ്ലൈവുഡ് ഉപയോഗിച്ചു നിർമിക്കുന്ന ഇത്തരം ബോർഡുകൾക്ക് 9,000 രൂപ മുതലാണ് വില ആരംഭിക്കുന്നത്. ഇവ ഞങ്ങൾ നേരിട്ടുവാങ്ങി വിൽക്കുകയാണ് ചെയ്യുന്നത്. ഇത്തരം ബോർഡുകൾ ഒരിക്കൽ ഫിറ്റ് ചെയ്താൽ പിന്നീട് അഴിക്കാൻ കഴിയില്ല. പ്ലൈവുഡിന്റെ കനം (4mm, 9mm, 12mm) കൂടുന്നതിനനുസരിച്ച് ബോർഡിന്റെ ഉറപ്പിലും പ്രകടനത്തിലും വലിയ മാറ്റം വരുന്നു.
ഏപ്രിൽ, മേയ് മാസങ്ങളിലെ അവധിക്കാലത്ത് വീടുകളിൽ കളിക്കാനായി 1,500 രൂപയോളം വിലവരുന്ന ബോർഡുകൾക്ക് വലിയ ഡിമാൻഡാണ്. അതേസമയം, ക്ലബുകളിലേക്കും പ്രഫഷനൽ കളിക്കാർക്കുമുള്ള ഗുണമേന്മയേറിയ ബോർഡുകൾക്ക് എല്ലാകാലത്തും വിപണിയിൽ ആവശ്യക്കാരുണ്ട്. ഉപയോഗിക്കുന്ന പ്ലൈവുഡിന്റെ ക്വാളിറ്റിക്കനുസരിച്ച് റണ്ണിങ്ങിൽ വ്യത്യാസം ഉണ്ടാവും. ബോർഡിന്റെ വേഗതയെയും മിനുസത്തെയുമാണ് ‘റണ്ണിങ്’ എന്ന് വിളിക്കുന്നത്.
സാധാരണ കാണുന്ന ഉറപ്പുള്ള കരുക്കളിൽ നിന്നും വ്യത്യസ്തമായി, ഒരു വളയത്തിന്റെ (Ring) ആകൃതിയിലുള്ള പ്രത്യേക തരം കോയിനുകൾ കാരംസ് ലോകത്തുണ്ട്. ബംഗ്ലാദേശിലെ പ്രാദേശിക കാരംസ് കളികളിൽ ഇത്തരം റിങ് ഡിസൈനുള്ള കോയിനുകൾ വളരെ സാധാരണമായി ഉപയോഗിക്കുന്നു. ഈ കരുക്കൾ സാധാരണയായി പ്ലാസ്റ്റിക് അല്ലെങ്കിൽ നൈലോൺ മിശ്രിതം ഉപയോഗിച്ചാണ് നിർമിക്കുന്നത്. ബംഗ്ലാദേശിലെ ഗ്രാമപ്രദേശങ്ങളിലും ക്ലബുകളിലും ഇവക്കാണ് കൂടുതൽ പ്രിയം. ബംഗ്ലാദേശിനുപുറമെ പശ്ചിമ ബംഗാൾ, അസം എന്നിവിടങ്ങളിലും ഇത്തരം റിങ് കോയിനുകൾ കാണാറുണ്ട്. എന്നാൽ, ഇന്ത്യയിലെ ഔദ്യോഗിക മത്സരങ്ങളിലോ പ്രഫഷനൽ ടൂർണമെന്റുകളിലോ ഇവ ഉപയോഗിക്കാറില്ല.
കേരളത്തിൽ പൂർണമായും ഹാൻഡ്‌മെയ്‌ഡ് രീതിയിൽ കാരംബോർഡുകൾ നിർമിക്കുന്ന ഏക സ്ഥാപനമാണ് ഭട്ട് കാരംസ്. സാധാരണ കമ്പനി ബോർഡുകൾ കേടുവന്നാൽ റിപ്പയർ ചെയ്യാൻ പ്രയാസമാണ്. എന്നാൽ, ഞങ്ങളുടെ ബോർഡുകൾ ഓരോ പീസും അഴിച്ചെടുക്കാവുന്ന രീതിയിലാണ് ഫിറ്റ് ചെയ്യുന്നത്. 15 വർഷം പഴക്കമുള്ള ബോർഡുകൾ പോലും ഇന്നും ഞങ്ങളുടെ അടുത്ത് റിപ്പയറിങ്ങിനായി വരുന്നുണ്ട്. ബോർഡും അതിന്റെ സ്റ്റാൻഡുമാണ് ഇവിടെ നിർമിക്കുന്നത്. കോയിനുകളും സ്ട്രൈക്കറുകളും ബോംബെയിലെ പ്രത്യേക കമ്പനികളിൽ നിന്നാണ് എത്തിക്കുന്നത്.
ചെറിയ ബോർഡുകളിൽ നെറ്റുകളാണ് ഉപയോഗിക്കുന്നതെങ്കിൽ, വലിയ ബോർഡുകളിൽ കസ്റ്റമറുടെ താൽപര്യപ്രകാരം അലൂമിനിയം കപ്പുകൾ ഫിറ്റ് ചെയ്തു നൽകാറുണ്ട്. കാലപ്പഴക്കം കൊണ്ട് എന്നെങ്കിലും ബോർഡ് മാറ്റേണ്ടിവന്നാൽ പോലും, ഈ അലൂമിനിയം കപ്പുകൾ കേടുപാടുകൾ കൂടാതെ അടുത്ത ബോർഡിലും ഉപയോഗിക്കാം എന്നതാണ് ഇതിന്റെ പ്രത്യേകത.
ബോർഡിന്റെ ആയുസ്സും മിനുസവും നിലനിർത്താൻ ബോറിക് പൗഡറാണ് ഉപയോഗിക്കുന്നത്. ഇതും ബോംബെയിൽ നിന്നാണ് കൊണ്ടുവരുന്നത്. ഇത് വളരെ മിനുസമുള്ളതും ജലാംശം വലിച്ചെടുക്കാത്തതുമാണ്. പണ്ടുകാലത്ത് ചിലർ അരിപ്പൊടിയോ ടാൽക്കം പൗഡറോ ഉപയോഗിക്കാറുണ്ടായിരുന്നു. എന്നാൽ, ഇവ ബോർഡിൽ പറ്റിപ്പിടിക്കാനും പ്ലൈവുഡ് കേടാകാനും കാരണമാകും. വലിയ ടൂർണമെന്റുകളിലും ക്ലബുകളിലും വളരെ കുറഞ്ഞ അളവിൽ മാത്രമേ പൗഡർ ഉപയോഗിക്കാറുള്ളൂ. വേനൽക്കാലത്ത് ഈർപ്പം കുറവായതിനാൽ പൗഡർ കുറച്ച് ഉപയോഗിച്ചാൽ മതിയാകും. എന്നാൽ, മഴക്കാലത്ത് ബോർഡിലെ ഈർപ്പം കളയാൻ പൗഡർ കൂടുതൽ ആവശ്യമായി വരാറുണ്ട്.
കോഴിക്കോട്ടെ ആ പഴയ പണിപ്പുരയിൽനിന്നും വിരൽത്തുമ്പിലെ കൃത്യതയോടെ പുറത്തിറങ്ങുന്ന ഓരോ ചതുരപ്പലകയും ഒരു അച്ഛൻ തന്റെ മക്കൾക്ക് കൈമാറിയ വിലപ്പെട്ട പൈതൃകമാണ്. വേനലവധിയിലെ ആവേശമായും, മഴരാത്രികളിലെ ഏകാന്തത മാറ്റുന്ന വിനോദമായും കാരംസ് ഇന്നും മലയാളി ജീവിതത്തിന്റെ ഭാഗമായി തുടരുമ്പോൾ, പള്ളിക്കണ്ടിയിലെ ഈ സ്ഥാപനം ആ ആവേശത്തിന് ഇന്നും മിഴിവേകുന്നു. കാലം ഇനിയും മാറിയേക്കാം, വിനോദങ്ങൾ ഡിജിറ്റൽ സ്ക്രീനുകളിലേക്ക് ചുരുങ്ങിയേക്കാം. എങ്കിലും മരത്തിന്റെ മണമുള്ള, വിരലുകൾ കൊണ്ട് ചരിത്രം തീർക്കുന്ന ഭട്ട് കാരംസിന്റെ തനിമ ഒരുകാലത്തും മാഞ്ഞുപോകില്ല. ആ ചതുരപ്പലകയിലെ കറുപ്പും വെളുപ്പും കരുക്കൾ ഇനിയും ലക്ഷ്യസ്ഥാനങ്ങളിലേക്ക് കൃത്യതയോടെ നീങ്ങിക്കൊണ്ടേയിരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.