അഭിലാഷ് ടോമി
അബൂദബി: ഗോൾഡൻ ഗ്ലോബ് റേസ്-2022ൽ യു.എ.ഇയുടെ ബയാനത്ത് പായ്വഞ്ചി പങ്കെടുക്കും. ഇന്ത്യൻ നാവികൻ അഭിലാഷ് ടോമിയാണ് ബയാനത്തിന്റെ ചുക്കാൻ പിടിക്കുന്നത്. ലോകത്തിലെ ഏറ്റവും ദുഷ്കരവും ദൈർഘ്യമേറിയതുമായ പായ്വഞ്ചിയോട്ട മത്സരമാണ് ഗോൾഡൻ ഗ്ലോബ് റേസ്-2022. ഫ്രാൻസിൽനിന്ന് ബയാനത്തുമായി അഭിലാഷ് ടോമി യാത്ര ആരംഭിച്ചുകഴിഞ്ഞു. ഒരിടത്തും നിർത്താതെ തനിച്ചാണ് മത്സരത്തിൽ പങ്കെടുക്കുന്നവർ വഞ്ചി നിയന്ത്രിക്കേണ്ടത്.
യാത്ര തുടങ്ങിയിടത്തുതന്നെ ലോകം ചുറ്റി യാത്ര അവസാനിപ്പിക്കണം. അബൂദബിയിലെ ജി42 ആണ് ബയാനത്തിന്റെ പ്രായോജകർ. മത്സരത്തിൽ പങ്കെടുക്കുന്ന യു.എ.ഇയുടെ ആദ്യ ബോട്ടാണ് ബയാനത്ത്. യു.എ.ഇയുടെ സ്ഥാപക വർഷമായ 1971നെ സൂചിപ്പിക്കുന്ന 71 ആണ് ബോട്ടിന്റെ നമ്പർ. പത്തുമാസമെടുത്താണ് മത്സരം സമാപിക്കുക.
ബയാനത്ത്
യു.എ.ഇ പതാകയും അടയാളവും ബയാനത്തിലുണ്ട്. ഏകദേശം 48,000 കിലോമീറ്ററാണ് മത്സരം പൂർത്തിയാക്കുന്ന ബോട്ട് സഞ്ചരിക്കേണ്ടത്. ആധുനിക സാങ്കേതികവിദ്യകളൊന്നുമില്ലാതെയാണ് നാവികർ മത്സരത്തിൽ പങ്കെടുക്കേണ്ടത്. 1969ൽ ഇത്തരമൊരു യാത്ര വിജയകരമായി പൂർത്തിയാക്കിയ ബ്രിട്ടീഷ് നാവികൻ സർ റോബർട്ട് നോക്സ് ജോൺസ്റ്റനിന്റെ യാത്രയുടെ പ്രചോദനമുൾക്കൊണ്ടാണ് ഗോൾഡൻ ഗ്ലോബ് മത്സരം ആരംഭിച്ചത്.
ബോട്ടിന് സാങ്കേതിക തകരാർ വന്നാൽ അത് മത്സരാർഥി സ്വയം പരിഹരിക്കണം. പുറത്തുനിന്നുള്ള സഹായം തേടാനോ തുറമുഖങ്ങളിൽ അടുപ്പിക്കാനോ പാടില്ല. നേരത്തേ സമാനയാത്രക്കിടെ പായ്വഞ്ചിയിലെ തടിമരം ഒടിഞ്ഞുവീണ് അഭിലാഷ് ടോമിക്ക് ഗുരുതര പരിക്കേറ്റിരുന്നു. പരിക്കിനെ അതിജീവിച്ചാണ് അഭിലാഷ് ടോമി പുതിയ യാത്ര തുടങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.