തിരുവനന്തപുരം: കോവളം എഫ്.സി ഫുട്ബാൾ ടീമിന്റെ മുഖ്യപരിശീലകനും അമരക്കാരനുമായ എബിൻ റോസ് ഇനി പുതിയ ജേഴ്സിയിൽ. ത്രിപുരയിലെ മുൻനിര ഫുട്ബാൾ ക്ലബായ ഫോർവേഡിന്റെ മുഖ്യ പരിശീലകനായാണ് മുൻ കേരള സന്തോഷ്ട്രോഫി താരത്തിന്റെ ചുവടുമാറ്റം.1949ൽ സ്ഥാപിതമായ ഫോർവേഡ് ക്ലബ് നിലവിൽ ത്രിപുരയിലെ സംസ്ഥാന ചാമ്പ്യന്മാരാണ്.
ജൂലൈ മുതൽ സെപ്റ്റംബർ 15വരെ അഗർത്തലയിൽ നടക്കുന്ന തേഡ് ഡിവിഷൻ ഐ ലീഗ്, ക്ലബ് ചാമ്പ്യൻഷിപ്പ്, സംസ്ഥാന ലീഗ് എന്നിവയിൽ എബിൻ റോസിന് കീഴിലാകും ഫോർവേഡ് ഇറങ്ങുക. അടുത്തിടെ ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷന്റെ എ ലൈസൻസ് എബിൻ സ്വന്തമാക്കിയിരുന്നു.
ഇതിന് പിന്നാലെയാണ് മുൻ താരത്തെ തേടി സുവർണാവസരമെത്തിയത്. ജൂൺ 30ന് ത്രിപുരയിലേക്ക് പോകുന്ന എബിൻ രണ്ടിന് ടീമിനൊപ്പം ചേരും. സന്തോഷ് ട്രോഫി നേടിയ കേരള ഫുട്ബാൾ ടീമംഗമായ വിഴിഞ്ഞം സ്വദേശിയായ എബിൻ ഒന്നര പതിറ്റാണ്ടിലേറെ ടൈറ്റാനിയം ടീമിന്റെ നെടുംതൂണായിരുന്നു.
വിവ കേരള, എസ്.ബി.ടി ടീമുകൾക്കായും കളിച്ചു. കോവളം എഫ്.സിയെ കേരള പ്രീമിയർ ലീഗിലേക്ക് എത്തിച്ചത് എബിന്റെ പരിശീലന മികവാണ്. മലയാളം ടെലിവിഷൻ ഫുട്ബാൾ കമന്റേറ്റർ, ഫുട്ബാൾ അസോസിയേഷൻ എക്സിക്യൂട്ടീവ് കമ്മറ്റി അംഗം എന്നീ നിലകളിലും എബിൻ പ്രവർത്തിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.