റെ​ജി​യും മി​നി​യും

റെജിക്കും മിനിക്കും തദ്ദേശം കുടുംബകാര്യം

ഒല്ലൂർ: പൂത്തൂര്‍ പഞ്ചായത്തിലെ അഞ്ചാം വാർഡായ മാന്ദാമംഗലത്ത് 20 വർഷമായി ദമ്പതികളാണ് മാറി മാറി അംഗങ്ങളായി തെരഞ്ഞെടുക്കപ്പെടുന്നത്. മാന്ദാമംഗലം തെങ്ങുനിക്കുന്നേതില്‍ വീട്ടില്‍ ജോര്‍ജിന്റെ മകന്‍ റെജിയും ഭാര്യ മിനിയുമാണ് ഈ വാർഡിനെ രണ്ട് പതിറ്റാണ്ടായി പ്രതിനിധീകരിക്കുന്നത്. റെജിയും മിനിയും രണ്ട് തവണ വീതമാണ് വാർഡ് അംഗങ്ങളായത്. മിനി ഒരു തവണ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായി.

2005ലാണ് റെജി തെരഞ്ഞെടുപ്പ് രംഗത്തേക്ക് ഇറങ്ങുന്നത്. കന്നിയങ്കത്തിൽ തന്നെ കോൺഗ്രസ് പ്രതിനിധിയായി വിജയിച്ചു. അന്ന് ഭരണം ഇടതുപക്ഷത്തിനായിരുന്നു. ജില്ല പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് കുടിവെള്ള പദ്ധതിയും പഞ്ചായത്ത് ഫണ്ട് ഉപയോഗിച്ച് റോഡ് വികസനവും നടപ്പാക്കാനായതായി റെജി പറയുന്നു. 2010 ല്‍ വനിത വാര്‍ഡായതോടെ റെജിയുടെ ഭാര്യ മിനി മത്സരിക്കുകയും 300ലേറെ വോട്ടിന് ജയിക്കുകയും ചെയ്തു. കോൺഗ്രസ് ഭൂരിപക്ഷം നേടിയതോടെ മിനി വൈസ് പ്രസിഡന്റുമായി.

സംസ്ഥാനത്ത് യു.ഡി.എഫ് അധികാരത്തിലുള്ളതും സ്ഥലം എം.എല്‍.എ കോണ്‍ഗ്രസിലെ എം.പി. വിൻസെന്റ് ആയതും വികസന പ്രവര്‍ത്തനങ്ങള്‍ക്ക് കുടുതല്‍ ഊര്‍ജം നല്‍കിയതായി മിനി പറയുന്നു. മാന്ദാമംഗലം ആശരാക്കാട് റോഡ്, ദര്‍ബ ദീപം റോഡ്, കോളാംകുണ്ട് മൊയല്‍പാം റോഡ്, മാന്ദാമംഗലം കനാല്‍റോഡ്, മാന്ദാമംഗലം മുരിക്കിന്‍പാറ റോഡ്, മുരിക്കിന്‍പാറ എളംപാറ റോഡ്, പുത്തന്‍കാട് വില്ലന്‍കുന്ന് റോഡ്, എഴാംകല്ല് ആശ്രമം റോഡ് തുടങ്ങി ചെറുതും വലുതുമായ നിരവധി റോഡുകളുടെ വികസനം കൊണ്ടുവരാൻ മിനിക്ക് കഴിഞ്ഞിട്ടുണ്ട്.

2015ല്‍ അഞ്ചാം വാര്‍ഡ് ജനറല്‍ സീറ്റായി. ഇതോടെ കോണ്‍ഗ്രസ് ടിക്കറ്റില്‍ റെജി മത്സരിച്ച് വിജയിച്ചു. അത്തവണ എല്‍.ഡി.എഫിനായിരുന്നു അധികാരം. പ്രധാനമന്ത്രിയുടെ ഫണ്ട് ഉപയോഗപ്പെടുത്തി കുടിവെള്ളപദ്ധതിക്ക് രൂപം നല്‍കാന്‍ കഴിഞ്ഞു. പഞ്ചായത്തില്‍നിന്ന് ലഭിച്ച ചെറിയ ധനസഹായങ്ങളും ജനങ്ങളിലേക്ക് എത്തിക്കാന്‍ കഴിഞ്ഞതായി റെജി അവകാശപ്പെടുന്നു.

ഈ പ്രവര്‍ത്തനമികവിലാണ് 2020ല്‍ സജിക്കും ഭാര്യ മിനിക്കും സീറ്റ് ലഭിച്ചത്. മാന്ദാമംഗലം അഞ്ചാം വാര്‍ഡില്‍ മിനിയും വെള്ളക്കരിതടം ആറാം വാര്‍ഡില്‍ റെജിയും സ്ഥാനർഥികളായി. മിനി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു. റെജി ഏഴ് വോട്ടിനാണ് സി.പി.എം കോട്ടയില്‍ തോല്‍വിയറിഞ്ഞത്. വരുന്ന തെരഞ്ഞെടുപ്പിലും ദമ്പതികള്‍ സജീവമായി തന്നെ കോണ്‍ഗ്രസിനൊപ്പം പോരാട്ടത്തിന് ഒരുക്കത്തിലാണ്. 

Tags:    
News Summary - Local Body Election are the family issue of Reji and Mini

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.