20 വർഷം ഭാര്യയോട് സംസാരിക്കാതെ ഭർത്താവ്, കാരണം​?; ഒടുവിൽ മകന്റെ ഇടപെടലിൽ മഞ്ഞുരുക്കം

ടോക്കിയോ: 20 വർഷം ഭാര്യയോട് സംസാരിക്കാതെ ഒരേ വീട്ടിൽ ജീവിച്ച ജപ്പാനിലെ ദമ്പതികളുടെ കഥ വീണ്ടും സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നു. ഭർത്താവായ ഒകുവോ കട്ടായാമയും ഭാര്യ യുമി കട്ടായാമയുമാണ് കഥയിലെ താരങ്ങൾ.

പതിറ്റാണ്ടുകളായി ഒരു വീട്ടിലാണ് ഇരുവരുടെയും താമസം. ഒരുമിച്ച് താമസിച്ചു, മൂന്ന് മക്കളെ ഇരുവരും ചേർന്ന് വളർത്തി വലുതാക്കി, ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചു. എന്നാൽ, രണ്ട് പതിറ്റാണ്ടോളം ഭർത്താവും ഭാര്യയും തമ്മിൽ യാതൊരു വിധ സംഭാഷണവും നടത്തിയിരുന്നില്ല. ഭാര്യ സംസാരിക്കാൻ ശ്രമിക്കുമ്പോൾ തലയാട്ടുകയോ ചെറിയ മറുപടികൾ നൽകുകയോ മാത്രമായിരുന്നു ഒകുവോയുടെ പതിവ്.

മാതാപിതാക്കളുടെ ഈ നിശ്ശബ്ദ ജീവിതം കണ്ട് വിഷമിച്ച ഇളയമകനാണ് ഒരു ടെലിവിഷൻ പരിപാടിയിലൂടെ സഹായം തേടിയത്. തുടർന്ന് ഇരുവരും ആദ്യമായി കണ്ടുമുട്ടിയ പാർക്കിൽ വീണ്ടും കൂടിക്കാഴ്ച സംഘടിപ്പിച്ചു. അവിടെ 20 വർഷത്തെ മൗനം അവസാനിപ്പിച്ച ഒകുവോ, ഭാര്യയോട് നന്ദി അറിയിക്കുകയും ഇത്രയും വർഷം അനുഭവിച്ച പ്രയാസങ്ങൾക്ക് ക്ഷമ ചോദിക്കുകയും ചെയ്തു.

ഭാര്യയോട് മിണ്ടാതിരിക്കാനുള്ള കാരണം തിരക്കിയതോടെ ആരും​ പ്രതീക്ഷിക്കാത്ത ഒരു മറുപടിയാണ് ഒകുവോയിൽനിന്ന് ലഭിച്ചത്. ഭാര്യ കുട്ടികൾക്ക് കൂടുതൽ ശ്രദ്ധ നൽകുന്നതിൽ തനിക്ക് അസൂയ തോന്നിയതാണ് സംസാരിക്കുന്നത് നിർത്താൻ കാരണമെന്ന് ഒകുവോ വ്യക്തമാക്കുകയായിരുന്നു. ഇക്കാര്യം അദ്ദേഹം ഭാര്യയോട് തുറന്നു സംസാരിക്കുകയും ചെയ്തു. ‘ഞാൻ അസൂയപ്പെട്ടിരുന്നു... ഇനി വീണ്ടും സംസാരിച്ച് തുടങ്ങാം’ എന്നായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. ‘എനിക്ക് ഒരുതരം അസൂയ തോന്നി. എനിക്ക് അതിൽ വിഷമമുണ്ടായിരുന്നു. ഇനി ഒരു തിരിച്ചുപോക്കില്ലെന്ന് തോന്നുന്നു’ അദ്ദേഹം കൂട്ടിച്ചേർത്തു.

ദമ്പതികളുടെ ഒത്തുചേരലിന്റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൻതോതിൽ പ്രചരിച്ചു. വീണ്ടും ഒന്നിക്കാനുള്ള ദമ്പതികളുടെ മനസിനെ പ്രശംസിച്ച് നിരവധിപേർ രംഗത്തെത്തുകയും ചെയ്തു.

Tags:    
News Summary - Japanese Man Didnt Speak to His Wife for 20 Years Reason

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.