കര്‍ക്കിടക കഞ്ഞി

വേനല്‍കാലം, മഞ്ഞുകാലം, വര്‍ഷകാലം തുടങ്ങി ഋതുക്കള്‍ മാറുന്നത് അനുസരിച്ച് മനുഷ്യ ശരീരത്തിന് വേണ്ടത് ആയുര്‍വേദം പ്രധാനം ചെയ്യുന്നു. വേനലിലെ ഉഷ്ണത്തില്‍ നിന്ന് തണുപ്പിലേക്ക് മാറുന്നതോടെ ശരീരബലം ഏറ്റവും കുറയുന്ന സമയമാണ് വര്‍ഷകാലം. ശരീരബലം കുറയുന്നത് വഴി നഷ്ടപ്പെടുന്ന ശരീരത്തിന്‍െറ പ്രതിരോധശേഷി സുഖചികിത്സയിലൂടെ വീണ്ടെടുക്കാന്‍ സാധിക്കും. ഓരോ ദോഷത്തിനും വ്യത്യസ്ത ചികിത്സാ വിധികളാണ് ആയുര്‍വേദത്തിലുള്ളത്. വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷം എന്നിവയാണ് പഞ്ചകര്‍മ ചികിത്സകള്‍. അഗ്നി ദീപ്തി അഥവ ദഹനശക്തി വര്‍ധിപ്പിക്കല്‍, രോഗ പ്രതിരോധ ശക്തി ഉയര്‍ത്തുക, ശരീരബലം കൂട്ടുക എന്നിവയാണ് പ്രധാനം. ആഹാര പദാര്‍ഥങ്ങള്‍ നിയന്ത്രിച്ച് കഴിക്കേണ്ട മാസം കൂടിയാണ് കര്‍ക്കിടകം.

കര്‍ക്കിടക കഞ്ഞി / ഒൗഷധ കഞ്ഞി

കുറച്ച് അരി അതിന്‍െറ പതിനാല് മടങ്ങ് വെള്ളത്തില്‍ തിളപ്പിച്ച് വേവിച്ച് എടുക്കുന്നതിനെയാണ് ‘പേയ’ അഥവാ ‘കഞ്ഞി’ എന്നും ഇരുപതോളം ഒൗഷധങ്ങള്‍ ചേര്‍ത്ത് കഞ്ഞി ഉണ്ടാക്കുന്നതിനെ ‘യവാഗു’ അഥവാ ‘മരുന്നുകഞ്ഞി’ എന്നും ആയുര്‍വേദത്തില്‍ പറയപ്പെടുന്നു. ആവശ്യമായ ഒൗഷധക്കൂട്ടും അതിനനുസൃതമായ വെള്ളവും ശരീര ഊര്‍ജത്തിനുള്ള നെല്ലരിയും ചേര്‍ത്ത് തയാറാക്കുന്നതാണ് ‘യവാഗു’. അഗ്നി/ദഹന ശക്തിയെ ദീപ്തമാക്കുന്നതാണ് കര്‍ക്കിടക കഞ്ഞിയില്‍ ചേര്‍ക്കുന്ന ഒൗഷധങ്ങള്‍. ശരീരത്തിന്‍െറ ഓരോ കോശത്തെയും അതിന്‍െറ രീതിയില്‍ സംരക്ഷിക്കാന്‍ ഉതകുന്നതുമാണ്. വേഗത്തില്‍ ദഹനം നടക്കുന്ന കഞ്ഞിക്കൊപ്പം മരുന്നു ചേരുവകളും ചേരുമ്പോള്‍ ശരീരത്തിന്‍െറ പ്രതിരോധ ശേഷി വര്‍ധിക്കുന്നു.

പല തരത്തില്‍ ഒൗഷധ കഞ്ഞി തയാറാക്കാം. കേരളത്തില്‍ ദേശ വ്യത്യാസങ്ങള്‍ക്കനുസരിച്ച് ഒൗഷധക്കൂട്ടുകളിലും വ്യത്യാസം കണ്ടുവരുന്നുണ്ട്. കുറേ ഒൗഷധങ്ങള്‍ അതിന്‍െറ 16 ഇരട്ടി വെള്ളത്തില്‍ കഷായംവെച്ച് അതിനെ പകുതിയാക്കി വറ്റിച്ച് തുടര്‍ന്ന് നെല്ലരിയിട്ട് കഞ്ഞിയാക്കി ഉപയോഗിക്കുന്ന ക്രമമാണ് സാധാരണ ഉള്ളത്. കര്‍ക്കിടക കഞ്ഞിക്കൂട്ട് ഒൗഷധശാലകളില്‍ ഇപ്പോള്‍ ലഭ്യമാണ്.

രണ്ടുതരം ഒൗഷധ കഞ്ഞികൾ:

1. ചേരുവകള്‍:

  • കഷായ മരുന്ന് -2 ടേബ്ള്‍ സ്പൂണ്‍
  • പൊടിമരുന്ന് -1 ടേബ്ള്‍ സ്പൂണ്‍
  • നവരയരി (തവിട് കളയാത്തത്) -100 ഗ്രാം
  • ഉലുവ -1 ടീസ് സ്പൂണ്‍ (5 ഗ്രാം)
  • ആശാളി -1 ടീസ് സ്പൂണ്‍ (5 ഗ്രാം)
  • തേങ്ങാപാല്‍ -2 ചെറിയ കപ്പ്
  • നറുനെയ്യ് -1 ടീസ്പൂണ്‍
  • ചുവന്നുള്ളി -രണ്ട് കക്ഷണം (അരിഞ്ഞത്)
  • വെള്ളം -1.5 ലിറ്റര്‍

പാകം ചെയ്യേണ്ടവിധം:

മണ്‍കലത്തില്‍ വെള്ളമൊഴിച്ച് കഷായമരുന്നും ചേര്‍ത്ത് അഞ്ച് മിനിറ്റ് തിളപ്പിക്കുക. തിളപ്പിച്ച വെള്ളത്തിന്‍െറ തെളി ഊറ്റിയെടുത്ത് (അരിച്ചെടുത്ത്) അതില്‍ 100 ഗ്രാം (10 ടേബ്ള്‍ സ്പൂണ്‍) നവരയരിയും ഒപ്പം ഉലുവയും ആശാളിയും ചേര്‍ത്ത് അടച്ചുവെച്ച് നന്നായി വേവിക്കുക. ശേഷം പൊടി മരുന്നും തേങ്ങാപ്പാലും ചേര്‍ത്ത് കഞ്ഞി നന്നായി വേവിച്ച് പാകമാവുമ്പോള്‍ ഇറക്കിവെച്ച് 10 മിനിറ്റ് തണുപ്പിക്കുക. നാലു പേര്‍ക്ക് കഴിക്കാനുള്ള ഒൗഷധ കഞ്ഞി റെഡിയായി.

(ശരീരത്തില്‍ കൊളസ്ട്രോളിന്‍െറ അളവ് കൂടുതല്‍ ഉള്ളവര്‍ നറുനെയ്യ് ഒഴിവാക്കി വെളിച്ചെണ്ണ ഉപയോഗിക്കുക. മഴക്കാലത്ത് ദിവസം രണ്ട് നേരമോ കര്‍ക്കിടക മാസം മുഴുവനോ കഞ്ഞി കഴിക്കുന്നത് നല്ലതാണ്.)

2. ചേരുവകള്‍:

  • നവരയരി -അര കപ്പ്
  • പച്ചമരുന്ന് ചൂര്‍ണം -1.5 ടീസ്പൂണ്‍
  • ഉലുവ -അര ടേബ്ള്‍ സ്പൂണ്‍
  • ആശാളി -അര ടേബ്ള്‍ സ്പൂണ്‍
  • പൊടിമരുന്ന് -1 ടീസ്പൂണ്‍
  • തേങ്ങാ -അര കപ്പ് (വെള്ളം ചേര്‍ത്ത് നന്നായി അരച്ചത്)
  • ഉപ്പ് -ആവശ്യത്തിന്
  • വെള്ളം -1 ലിറ്റര്‍

പാകം ചെയ്യേണ്ടവിധം:

ഒരു ലിറ്റര്‍ വെള്ളത്തില്‍ പച്ചമരുന്ന് ചൂര്‍ണം നന്നായി തിളപ്പിച്ച് അരിച്ചെടുക്കുക. പ്രഷര്‍ കുക്കറില്‍ അരിച്ചെടുത്ത വെള്ളവും നവരയരിയും ഉലുവയും ആശാളിയും ചേര്‍ത്ത് രണ്ട് വിസില്‍ കേള്‍ക്കുന്നതുവരെ വേവിക്കുക. കുക്കറിലെ വായു/എയര്‍ പൂര്‍ണമായി പോകുന്നതിന് അല്‍പ സമയം തീ അണച്ചുവെക്കുക. ശേഷം രണ്ട് തവണ കൂടി ഇത് ആവര്‍ത്തിക്കുക. തുടര്‍ന്ന് അരച്ച തേങ്ങയും പൊടിമരുന്നും അല്‍പം ഉപ്പും ചേര്‍ത്ത് നന്നായി ഇളക്കുക. (ചുവന്നുള്ളി നെയ്യില്‍ മൂപ്പിച്ച് കഞ്ഞിയില്‍ ചേര്‍ത്തും കഴിക്കാവുന്നതാണ്. ശര്‍ക്കര ചേര്‍ത്താല്‍ പ്രഭാത ഭക്ഷണമായും ഒൗഷധ കഞ്ഞി ഉപയോഗിക്കാം. അത്താഴത്തിന് പകരമായി ഒന്നോ രണ്ടോ ആഴ്ച മരുന്നുകഞ്ഞി സേവിക്കുക. ഈ കാലയളവില്‍ മത്സ്യ, മാംസാഹരങ്ങള്‍ ഒഴിവാക്കുന്നതാണ് ഉത്തമം.)

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT