സദ്യക്കൊപ്പം ഒരുക്കാം ഇടിവെട്ട് മാങ്ങ വിഭവങ്ങൾ

സ്പെഷൽ മാങ്ങക്കറി

ചേരുവകൾ

1. മാങ്ങ -1
2. ചെറിയ ഉള്ളി -6 എണ്ണം
3. പച്ചമുളക് -2 എണ്ണം
4. മല്ലിപ്പൊടി -2 ടീസ്പൂൺ
5. മുളകുപൊടി -2 ടീസ്പൂൺ
6. മഞ്ഞൾപൊടി -ഒരു ടീസ്പൂൺ
7. തേങ്ങാപ്പാൽ (ഒന്നാം പാൽ) -അര കപ്പ്
8. തേങ്ങാപ്പാൽ (രണ്ടാം പാൽ)  -രണ്ട് കപ്പ്
9. കടുക് -ഒരു ടീസ്പൂൺ
10. വറ്റൽമുളക് -3 എണ്ണം
11. വെളിച്ചെണ്ണ -ആവശ്യത്തിന്
12. കറിവേപ്പില -ആവശ്യത്തിന്
13. ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം
1. മാങ്ങ നന്നായി കഴുകി തൊലി കളഞ്ഞശേഷം ചെറിയ കഷണങ്ങളാക്കി മുറിച്ചുവെക്കുക. ഇതിലേക്ക് കഷണങ്ങളാക്കിയ ചെറിയ ഉള്ളി, രണ്ടായി പിളർന്ന പച്ചമുളക്, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിപ്പൊടി, കറിവേപ്പില, ഒരു ടീസ്പൂൺ വെളിച്ചെണ്ണ, ഉപ്പ് എന്നിവ ചേർത്ത് നന്നായി യോജിപ്പിച്ച് മാറ്റിവെക്കുക.
2. ഒരു ഫ്രയിങ് പാൻ ചൂടാക്കി വെളിച്ചെണ്ണ ഒഴിക്കുക. കടുകിട്ട് പൊട്ടിച്ചശേഷം തയാറാക്കിവെച്ച മാങ്ങ ഇട്ടുകൊടുത്ത് മൂടിവെച്ച് വഴറ്റിയെടുക്കാം. ഇതിലേക്കു രണ്ടാം പാൽ അൽപാൽപമായി ഒഴിച്ച് മാങ്ങ വേവിക്കുക. വെന്തുവരുമ്പോൾ ബാക്കിയുള്ള രണ്ടാം പാലും ഒഴിക്കാം. തിളച്ചശേഷം ഒന്നാം പാൽകൂടി ചേർക്കാം. തിളച്ചുവരുമ്പോൾ തീ ഓഫാക്കി സ്റ്റൗവിൽനിന്ന് മാറ്റാം.
3. മറ്റൊരു ഫ്രയിങ് പാനിൽ അൽപം വെളിച്ചെണ്ണ ഒഴിച്ച് വറ്റൽമുളകും കറിവേപ്പിലയും കുറച്ചു മുളകുപൊടിയും ചേർത്ത് മൂത്തുകഴിഞ്ഞാൽ മാങ്ങക്കറിയിലേക്കു ചേർത്തു കൊടുക്കുക.

മാമ്പഴം അട
ചേരുവകൾ
1. മാമ്പഴം ചെറു കഷണങ്ങളാക്കിയത് -ഒരു കപ്പ്
2 അരിപ്പൊടി -ഒരു കപ്പ്
3. ശര്‍ക്കര പൊടിച്ചത് -കാല്‍ കപ്പ്
4. ചിരകിയ തേങ്ങ -കാല്‍ കപ്പ്
5. തിളച്ച വെള്ളം -ആവശ്യത്തിന്
6. ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം
1. തിളച്ച വെള്ളവും ഉപ്പും ചേര്‍ത്ത് ഇടിയപ്പത്തിനെന്നപോലെ അരിപ്പൊടി നന്നായി കുഴച്ചെടുക്കുക.
2. ശർക്കര ഉരുക്കി തേങ്ങ ചേർത്ത് ഇളക്കിവെക്കണം.
3. വാഴയിലയിൽ വെളിച്ചെണ്ണ പുരട്ടി മാവ് കനം കുറച്ചു പരത്തി ഒരു പകുതിയിൽ തേങ്ങ മിശ്രിതം വെക്കുക. മറു പകുതിയിൽ മാമ്പഴംവെച്ച് ഇല മടക്കാം. 10 മിനിറ്റ് ആവിയിൽ വേവിച്ചെടുക്കാം. സ്വാദുള്ള മാമ്പഴം അട തയാർ.

മാമ്പഴ പുളിശ്ശേരി
ചേരുവകൾ
1. പഴുത്ത മാങ്ങ (ചെറുത്)  -8 എണ്ണം
2. ചിരകിയ തേങ്ങ -ഒരു കപ്പ്
3. വറ്റൽമുളക് -നാലെണ്ണം
4. മുളകുപൊടി -കാൽ ടീസ്പൂൺ
5. പച്ചമുളക് -നാലെണ്ണം
6. കടുക് -ഒരു ടീസ്പൂൺ
7. ഉലുവ -കാൽ ടീസ്പൂൺ
8. ജീരകം -അര ടീസ്പൂൺ
9. കുരുമുളക് -അര ടീസ്പൂൺ
10. തൈര് -ഒരു കപ്പ്
11. മഞ്ഞൾപ്പൊടി -അര ടീസ്പൂൺ  
12. വെള്ളം -ഒരു കപ്പ്
13. ശർക്കര -ആവശ്യത്തിന്
14. കറിവേപ്പില -ആവശ്യത്തിന്
15. വെളിച്ചെണ്ണ -ആവശ്യത്തിന്
16. ഉപ്പ് -ആവശ്യത്തിന്

തയാറാക്കുന്ന വിധം
1. ചിരകിയ തേങ്ങ, തൈര്, രണ്ട് പച്ചമുളക്, ജീരകം, കുരുമുളക് എന്നിവ മിക്സിയുടെ ജാറിലിട്ട് നന്നായി അരച്ചെടുത്തശേഷം മാറ്റിവെക്കുക.
2. പഴുത്ത മാങ്ങ നന്നായി കഴുകി വൃത്തിയാക്കി തൊലികളയുക. ഇവ ഒരു ഫ്രയിങ് പാനിലേക്കു മാറ്റിയശേഷം അതിലേക്ക് മഞ്ഞൾപ്പൊടി, മുളകുപൊടി, രണ്ട് പച്ചമുളക്, ഉപ്പ്, കറിവേപ്പില, ഒരു കപ്പ് വെള്ളം എന്നിവ ചേർത്തു വേവിക്കാം. വെന്തുവന്ന മാങ്ങയിലേക്കു ശർക്കര ചേർത്തു നന്നായി യോജിപ്പിക്കുക. ശേഷം അരച്ചെടുത്ത തേങ്ങാക്കൂട്ടും ചേർക്കാം. മാമ്പഴ പുളിശ്ശേരി ഒന്നു തിളച്ചുതുടങ്ങിയാൽ തീയിൽനിന്ന് മാറ്റിവെക്കാം.
3. മറ്റൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ചു ചൂടാക്കുക. ശേഷം ഉലുവ, കടുക്, വറ്റൽമുളക്, കറിവേപ്പില എന്നിവ ചേർത്തു വറുത്തശേഷം മാമ്പഴ പുളിശ്ശേരിയിലേക്ക് ചേർത്തുകൊടുക്കാം. രുചിയൂറും മാമ്പഴ പുളിശ്ശേരി തയാർ.

കോവിലകം കാളൻ മാമ്പഴം
ചേരുവകൾ
1. മാമ്പഴം -നാലെണ്ണം
2. മഞ്ഞൾപ്പൊടി -അര ടീസ്പൂണ്‍
3. ശര്‍ക്കരപ്പാനി -രണ്ടു വലിയ സ്പൂണ്‍
4. പുളിയുള്ള തൈര് -ഒന്നര ലിറ്റര്‍
5. ഉപ്പ് -ആവശ്യത്തിന്

അരപ്പിന്
1. ചിരകിയ തേങ്ങ -ഒരു കപ്പ്
2. ജീരകം -രണ്ടു നുള്ള്
3. പച്ചമുളക് -10 എണ്ണം
കടുക് വറുക്കാന്‍:
1. നെയ്യ് -ഒരു വലിയ സ്പൂണ്‍
2. കടുക് -ഒരു ചെറിയ സ്പൂണ്‍
3. കറിവേപ്പില -രണ്ടു തണ്ട്
4. വറ്റല്‍മുളക് -അഞ്ച്
5. ഉലുവപ്പൊടി -ഒരു നുള്ള്

തയാറാക്കുന്ന വിധം
1. നന്നായി കഴുകി വൃത്തിയാക്കിയ മാമ്പഴത്തിന്റെ തൊലി കൈകൊണ്ടു കളഞ്ഞ് മഞ്ഞൾപ്പൊടിയും ഉപ്പും ചേര്‍ത്തുവെക്കുക. ഒരു പാൻ ചൂടാക്കി വെള്ളമൊഴിച്ച് ഇത് വേവിച്ചെടുക്കാം. വെള്ളം വറ്റാറാകുമ്പോള്‍ ശര്‍ക്കരപ്പാനി ചേര്‍ത്ത് തിളപ്പിച്ച് വറ്റിക്കണം.
2. അരപ്പിനുള്ളവ നന്നായി അരച്ച് തൈരില്‍ കലക്കി വറ്റിക്കിടക്കുന്ന കൂട്ടിലേക്ക് ചേര്‍ക്കുക. തുടര്‍ച്ചയായി ഇളക്കി തിളച്ചാലുടന്‍ വാങ്ങിവെക്കണം. ഇറക്കിക്കഴിഞ്ഞാലും അൽപനേരംകൂടി ഇളക്കണം. തൈര് പിരിയാതിരിക്കാനാണിത്.
3. ഒരു പാൻ ചൂടാക്കി നെയ്യ് ഒഴിച്ച് മറ്റു ചേരുവകളെല്ലാം ചേർത്ത് കടുക് വറുത്തശേഷം അതിലേക്ക് ചേർക്കാം. വ്യത്യസ്ത രുചി സമ്മാനിക്കുന്ന കോവിലകം കാളൻ മാമ്പഴം തയാർ.

ഇൻസ്റ്റന്‍റ് മാങ്ങ അച്ചാർ
ചേരുവകൾ
1. മാങ്ങ (ചെറുതായി അരിഞ്ഞത്) - രണ്ടെണ്ണം
2. കശ്മീരി മുളകുപൊടി - ഒരു ടേബ്ൾ സ്പൂൺ
3. മഞ്ഞൾപ്പൊടി -ഒരു നുള്ള്
4. കായപ്പൊടി -അര ടീസ്പൂൺ
5. ഉലുവപ്പൊടി -അര ടീസ്പൂൺ
6. കടുക് -ഒരു ടീസ്പൂൺ  
7. വെളിച്ചെണ്ണ -2 ടേബ്ൾ സ്പൂൺ
8. ഉപ്പ് -പാകത്തിന്

തയാറാക്കുന്ന വിധം

1. മാങ്ങ നന്നായി കഴുകിയശേഷം ചെറുതായി അരിഞ്ഞെടുക്കാം. ശേഷം ചേരുവകളെല്ലാം ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ച് പാത്രത്തിൽ മാറ്റിവെക്കാം.  
2. ഒരു ഫ്രയിങ് പാൻ ചൂടാക്കിയശേഷം അൽപം വെളിച്ചെണ്ണ ഒഴിച്ചു കടുക് പൊട്ടിച്ചെടുക്കാം. ശേഷം മാങ്ങയിലേക്ക് ചൂടോടെ ഒഴിച്ച് ഇളക്കി യോജിപ്പിക്കാം.


Tags:    
News Summary - Variety Mango Dishes

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.