കൊച്ചി: ഭാര്യയും മക്കളുമുണ്ടെന്ന പേരിൽ വൃദ്ധ മാതാവിനെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്തത്തിൽ നിന്ന് മക്കൾക്ക് ഒളിച്ചോടാനാകില്ലെന്ന് ഹൈകോടതി. ഭർത്താവിന്‍റെ സംരക്ഷണയിലാണെങ്കിലും പ്രായമേറിയ സ്ത്രീകൾക്ക് മക്കളിൽ നിന്ന് ജീവിതച്ചെലവ് ആവശ്യപ്പെടാൻ അവകാശമുണ്ട്. വരുമാന മാർഗമില്ലാത്ത അമ്മക്ക് ജീവിതച്ചെലവ് നൽകേണ്ടത് മക്കളുടെ നിയമപരവും ധാർമികവുമായ കടമയാണെന്നും ജസ്റ്റിസ് കൗസർ എടപ്പഗത്ത് വ്യക്തമാക്കി.
മാതാവിന് പ്രതിമാസം ജീവിതച്ചെലവ് നൽകാൻ ഉത്തരവിട്ട തിരൂർ കുടുംബ കോടതി ഉത്തരവിനെതിരെ മലപ്പുറം വെളിയംകോട് സ്വദേശിയായ യുവാവ് നൽകിയ റിവിഷൻ ഹരജി തള്ളിയാണ് ഉത്തരവ്.
ഗൾഫിൽ ജോലിക്കാരനായ മകനിൽ നിന്ന് മാസം 25,000 രൂപ ജീവനാംശം തേടി മാതാവ് കുടുംബ കോടതിയിൽ നൽകിയ ഹരജിയെ തുടർന്ന് പ്രതിമാസം 5000 രൂപ വീതം നൽകാൻ ഉത്തവിട്ടിരുന്നു. ഇതിനെതിരെയാണ് മകൻ കോടതിയെ സമീപിച്ചത്. തനിക്ക് ഭാര്യയെയും കുട്ടിയെയും സംരക്ഷിക്കേണ്ടതിനാൽ മാതാവിന് തുക നൽകാനാകില്ലെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം.
മത്സ്യബന്ധന ബോട്ടിൽ ജോലി ചെയ്യുന്ന പിതാവിന് വരുമാനമുണ്ട്. അമ്മ കന്നുകാലി വളർത്തലിലൂടെ വരുമാനമുണ്ടാക്കുന്നുണ്ടെന്നും വാദിച്ചു. എന്നാൽ, 60 കഴിഞ്ഞ അമ്മ കാലി വളർത്തി ജീവിക്കട്ടെയെന്ന മകന്‍റെ നിലപാട് ദൗർഭാഗ്യകരമാണെന്ന് കോടതി നിരീക്ഷിച്ചു.
മാതാവിന്റെ ക്ഷേമം മക്കൾക്ക് അവഗണിക്കാനാവില്ല. ഭാരതീയ നാഗരിക സുരക്ഷ സംഹിത പ്രകാരം, മാതാവിന്‍റെ സംരക്ഷണം മക്കളുടെ നിയമപരമായ ബാധ്യതയാണ്. തുടർന്ന് കുടുംബ കോടതി ഉത്തരവിൽ ഇടപെടാതെ കോടതി ഹരജി തള്ളുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.