പാലക്കാട്: സ്ഥാനാർഥിയുടെ വെള്ള മുണ്ടിന് ചേലായി സ്വന്തം ചിഹ്നത്തിന്റെ കര. സംഭവം പൊളിയല്ലേ...? നെല്ലായ പഞ്ചായത്തിലെ മാവുണ്ടിരിക്കടവിലെ അയ്യത്തൊടി ഗിരീഷിന്റെ ഈ ഐഡിയ തെരഞ്ഞെടുപ്പ് കാലത്ത് ക്ലിക്കായിക്കഴിഞ്ഞു. ഗിരീഷിന്റെ മാരായമംഗലത്തെ ചെറിയ കൈത്തറിക്കടയിലേക്ക് ചിഹ്നമുള്ള കരമുണ്ടുകള്ക്കായി ഓൺലൈനിൽ ഓർഡറുകളുടെ പ്രവാഹമാണ്.
സമൂഹമാധ്യമങ്ങൾ വഴി കരമുണ്ട് റീൽസ് വൈറലായതോടെയാണ് ഗിരീഷിന് തിരക്കേറിയത്. 10 വര്‍ഷം കുവൈത്തിലായിരുന്നു ഗിരീഷ്. കോവിഡിന് തൊട്ടുമുമ്പ് നാട്ടില്‍തന്നെ എന്തെങ്കിലും ചെയ്യാമെന്ന ചിന്തയോടെയാണ് തിരിച്ചെത്തിയത്. അച്ഛന് അയ്യത്തൊടി ഗോവിന്ദനും അമ്മ സരോജിനിയും ചേര്‍ന്ന് 30 വര്‍ഷത്തോളം വീടിനോട് ചേര്‍ന്ന് നടത്തിയിരുന്ന ചായപ്പീടിക മുറിയില്‍ ഗിരീഷ് ആറുവര്‍ഷം മുമ്പ് കൈത്തറി മുണ്ടുകളും സെറ്റുമുണ്ടുകളും സാരികളുമായി കച്ചവടം തുടങ്ങി.
പാര്‍ട്ടിചിഹ്നങ്ങള്‍ മുണ്ടിന്റെ കരയാക്കാനുള്ള ആശയം നെയ്ത്തുകാരെ പറഞ്ഞുമനസ്സിലാക്കാൻ അത്യാവശ്യം പാടുപെട്ടു. കോയമ്പത്തൂരിലെ ശൂരമംഗലത്തിനടുത്ത് കുമരപാളയത്തെ നെയ്ത്തുകാരില്നിന്നാണ് കൈത്തറിമുണ്ടുകള് ഡിസൈന്‍ ചെയ്തെടുക്കുന്നത്. സാധാരണ ഒറ്റമുണ്ടുകള്‍ 150 രൂപക്കാണ് വിൽക്കുന്നത്.
ചിഹ്നം കരയാക്കിയ മുണ്ടിന് 200 രൂപയാണ് വില. സി.പി.എം, കോണ്‍ഗ്രസ്, മുസ്ലിം ലീഗ്, ബി.ജെ.പി തുടങ്ങിയ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെ ചിഹ്നങ്ങളുള്ള മുണ്ടുകള്‍ റെഡിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.