ടർക്കിഷ് ബോറെക്: തുർക്കി നാട്ടിലെ ചട്ടിപ്പത്തിരി

കുട്ടിക്കാലത്ത് വിരുന്നുകാർ കൊണ്ടു വരുന്ന പലഹാരങ്ങളും സമ്മാനമായി തന്നിരുന്ന പോക്കറ്റ് മണിയുമൊക്കെ ഓർക്കുമ്പോൾ ഇപ്പോഴും അക്കാലം തന്നെയാണ് ജാസ്മിനു പ്രിയങ്കരം. കല്യാണം കഴിഞ്ഞുള്ള ആദ്യത്തെ നോമ്പ് വളരെ സ്പെഷൽ ആണ്. കൊല്ലം ഭാഗത്തൊക്കെ അരിമാവു കൊണ്ടുണ്ടാക്കുന്ന ഹൽവയാണ് പ്രധാനം. രണ്ടാളും കൊല്ലം ജില്ലക്കാർ ആയതു കൊണ്ട് രണ്ടു വശത്തെയും ബന്ധു വീടുകളിലേക്കുള്ള നോമ്പുകാല സന്ദർശനത്തിൽ വീട്ടിലുണ്ടാക്കിയ ഹൽവ നിർബന്ധമായിരുന്നു.

നോമ്പ് കാലത്തു വീട്ടിലേക്കു വിരുന്നു വരുന്നവരും കൊണ്ടുവരുന്നത് ഹൽവ തന്നെ. ഇപ്പോൾ ഏറ്റവും ഇഷ്ടമുള്ള വിഭവം വടക്കു നിന്നുള്ള ഉന്നക്കായ ആണ്. ഇവിടെ വന്നിട്ട് കൂട്ടുകാരിൽ നിന്ന് അതുണ്ടാക്കാൻ പഠിച്ചു. ഇപ്പോൾ നോമ്പ് കാലത്തു കൂടുതൽ ഉണ്ടാക്കാറുള്ള പലഹാരവും അതു തന്നെ. സിനാവിലാണ് ജാസ്മിനും അഷ്റഫും മക്കളും താമസിക്കുന്നത്. ഫുട് വെയർ, റെഡിമെയ്ഡ് വസ്ത്ര വ്യാപാര രംഗത്താണ് അഷ്റഫ്. സ്കൂൾ വിദ്യാർഥികളായ ആഷിനും അജിൻ ഷായുമാണ് മക്കൾ. ബേക്ക് ചെയ്തുണ്ടാക്കുന്ന ടർക്കിഷ് ചട്ടിപ്പത്തിരിയുടെ റെസിപ്പി പങ്കുവെക്കുന്നു ജാസ്മിൻ.

ചേരുവകൾ: 

  • മൈദ -രണ്ട് കപ്പ്
  • എണ്ണ -മൂന്ന് സ്പൂൺ
  • ഉപ്പ് -പാകത്തിന്
  • മുട്ട -രണ്ട്   
  • പാൽ -അര കപ്പ്
  • ചിക്കൻ -കാൽ കിലോ 
  • സവാള -മൂന്നെണ്ണം 
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് -ഒരു സ്പൂൺ
  • പച്ചമുളക് -രണ്ട് എണ്ണം 
  • ഷാഹി മുളകുപൊടി -അര സ്പൂൺ 
  • ഷാഹി മഞ്ഞൾപ്പൊടി -കാൽ സ്പൂൺ
  • കുരുമുളക് -അര സ്പൂൺ
  • വെള്ളം -പാകത്തിന്

തയാറാക്കുന്ന വിധം: 

മൈദ ഉപ്പും എണ്ണയും ചേർത്തു നന്നായി കുഴക്കുക. വെള്ളം ചേർത്ത് നല്ല മയം വരുന്നതുവരെ കുഴച്ച് അര മണിക്കൂർ മൂടിവെക്കുക. ഇനി മസാല തയാറാക്കാം. ചിക്കൻ ഉപ്പിട്ട് വേവിച്ചു പൊടിച്ച് വെക്കുക. പാൻ ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് ഇഞ്ചി വെളുത്തുള്ളി പേസ്റ്റും അരിഞ്ഞ പച്ചമുളകും സവാളയും വഴറ്റുക. ഇതു വാടി കഴിഞ്ഞാൽ മുളകുപൊടി മഞ്ഞൾപ്പൊടി, കുരുമുളക് പൊടി, ഉപ്പ്, ഗരം മസാലപൊടി എന്നിവ ചേർത്തു വഴറ്റുക. പൊടിയുടെ എല്ലാം പച്ചമണം മാറിയാൽ ചിക്കൻ ചേർക്കുക. ഇനി ഒരു ബൗളിൽ മുട്ടയും പാലും എണ്ണയും മിക്സ് ചെയ്തു വെക്കുക.

മാവ് ഓരോ ഉരുളകൾ ആക്കി മീതെ പൊടിമാവ് തൂകി ബേക്കിങ് ട്രേയുടെ അളവിൽ പരത്തുക. അത്തരം അഞ്ചോ ആറോ ഷീറ്റുകൾ ഉണ്ടാക്കാം. പരത്തി എടുത്ത ഒരു ഷീറ്റ് ബേക്കിങ് ട്രേയിൽ വച്ചിട്ട് മുകളിൽ മുട്ട, എണ്ണ, പാൽ മിശ്രിതം ബ്രഷ് ഉപയോഗിച്ച് തേക്കുക. അതിനു മുകളിൽ ചിക്കൻ മസാല നിരത്തുക. പിന്നെ അടുത്ത ഷീറ്റ് വച്ച് വീണ്ടും മുട്ട മിശ്രിതവും അതിനു മകളിൽ ചിക്കൻ കൂട്ടും നിരത്തുക. അഞ്ച്, ആറ് ലയർ വരെ വച്ചശേഷം ഏറ്റവും മുകളിലെ മാവ് ഷീറ്റിനു മേൽ ബാക്കിയുള്ള മുട്ടപാൽ മിക്സ് ഒഴിച്ച് 200 ഡിഗ്രിയിൽ പ്രീ ഹീറ്റ് ചെയ്ത ഓവനിൽ അര മണിക്കൂർ ബേക്ക് ചെയ്യുക.

തയാറാക്കിയത്: ഹേമ സോപാനം 

Tags:    
News Summary - ramadan special dishes turkish borek

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-09 05:00 GMT
access_time 2024-04-08 05:58 GMT