ഓലനില്ലാതെ എന്ത് സദ്യവട്ടം

ഉണ്ടാക്കാന്‍ എളുപ്പവും പിഞ്ചുകുഞ്ഞുങ്ങള്‍ക്കുപോലും കഴിക്കാന്‍ പറ്റുന്നതുമായ ഒരു  കൂട്ടാനാണ് ഓലന്‍. കുമ്പളങ്ങയും വന്‍പയറും ആണ് നായികാനായകന്മാര്‍. തേങ്ങാപ്പാലില്‍ വെന്തുചേര്‍ന്ന പച്ചമുളകും കറിവേപ്പിലയും ഒടുവില്‍ ചേര്‍ക്കുന്ന പച്ച വെളിച്ചെണ്ണയും ചേര്‍ന്നുള്ള ആ സ്വാദില്‍ വലിയ മാറ്റം ഇല്ല. കാളന്‍, ഓലന്‍, എരിശ്ശേരി, ഇഞ്ചിത്തൈര് ഇവയും ഉപ്പിലിട്ടതും പപ്പടവുമുണ്ടെങ്കില്‍ ഒരു സദ്യക്കുള്ളതായി. മറ്റു വിഭവങ്ങളെല്ലാം കാലാന്തരത്തില്‍ കൂട്ടിച്ചേര്‍ക്കപ്പെട്ടതാവാം.  

ഓലനില്‍ കുമ്പളങ്ങയും മത്തങ്ങയും ശീമച്ചേമ്പും വന്‍പയറും ആണ് ചേരുവകള്‍. കുതിര്‍ത്ത വന്‍പയര്‍ ആവശ്യത്തിന് വെള്ളം ചേര്‍ത്ത് വേവിക്കാന്‍ വെക്കുക. പ്രഷര്‍ കുക്കറില്‍ അധികം വെന്തുപോകാതെ വേവിച്ച്  എടുത്താലും മതി.

കുറച്ച് ചിരകിയ തേങ്ങ നന്നായി അരച്ച് ഒന്നാം പാലും രണ്ടാം പാലും എടുത്തുവെക്കുക. മറ്റൊരു പാത്രത്തില്‍ കനം കുറച്ച് അരിഞ്ഞ ചേമ്പ്  രണ്ടാം പാലില്‍ വേവിക്കാന്‍ വെക്കുക. പാതി വേവാകുമ്പോള്‍ നന്നേ  കനം കുറച്ച് അല്‍പം വീതിയിലും നീളത്തിലും അരിഞ്ഞ കുമ്പളങ്ങയും മത്തങ്ങയും നീളത്തില്‍ അരിഞ്ഞ പച്ചമുളകും (അധികം എരിവുവേണ്ട) കറിവേപ്പിലയും ചേര്‍ക്കുക.

അവ ഒരുവിധം വെന്തുവരുമ്പോള്‍ വേവിച്ചുവെച്ച പയര്‍ കൂടി ചേര്‍ത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് തീ കുറച്ചുവെച്ച് വെള്ളം വറ്റിക്കുക. പാകത്തിന് കുറുകിയാല്‍ തീ അണക്കാം. ഒന്നാം പാലും കറിവേപ്പിലയും ചേര്‍ത്തിളക്കി മുകളില്‍ പച്ച വെളിച്ചെണ്ണയും ഒഴിച്ച് അടച്ചുവെക്കാം. പിന്നെ വിളമ്പാന്‍ നേരം പകര്‍ന്നെടുത്താല്‍ മതി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.