ഈസ്റ്റര്‍ വെറൈറ്റീസ്

യേശുനാഥന്‍െറ പീഡാനുഭവത്തെയും കുരിശു മരണത്തെയും ഓര്‍ത്തുകൊണ്ട് മാംസവിഭവങ്ങള്‍ ഒഴിവാക്കുന്ന ഈസ്റ്ററിന് മുന്‍പുള്ള നോമ്പു കാലത്തിന്‍റെ 50 ദിവസങ്ങള്‍ ഒരു ക്രിസ്ത്യാനിയെ സംബന്ധിച്ചിടത്തോളം വലിയ ത്യാഗം തന്നെയാണ്. അതുകൊണ്ടു തന്നെ ഈസ്റ്റര്‍ വിഭവങ്ങള്‍ക്ക് രുചിയേറും എത് പറഞ്ഞറിയിക്കേണ്ടതില്ലല്ലോ! പാതിരാ കുര്‍ബാനക്കു ശേഷം പള്ളികളില്‍ വിതരണം ചെയ്യുന്ന ഈസ്റ്റര്‍ മുട്ടകളാണ് നോമ്പുവീടലിന്‍റെ ആദ്യപടി. എങ്കില്‍ തന്നെയും നോമ്പുവീടല്‍ പ്രക്രിയ പൂര്‍ണ്ണമാവുന്നത് ഈസ്റ്റര്‍ അടുക്കളയിലെ കൊതിയും മണവും രുചിയുമേറുന്ന വിഭവങ്ങളിലൂടെയാണ്. ഇതിനു മുന്നൊരുക്കമായി വിശുദ്ധ ആഴ്ചയിലുമുണ്ട് പാരമ്പര്യ മഹിമ വിളിച്ചോതുന്ന വിഭവങ്ങള്‍. പെസഹാ വ്യാഴാഴ്ചയിലെ പെസഹാ അപ്പം അഥവാ ഇണ്ടറിയപ്പവും ഓശാന ഞായറിലെ കൊഴുക്കെട്ടയും ഇവയില്‍ ഒഴിച്ചു കൂടാനാവാത്തവയാണ്.

ഈസ്റ്റര്‍ ആഘോഷങ്ങള്‍ക്കു തയാറാക്കാവുന്ന ചില ഈസ്റ്റര്‍ വെറൈറ്റീസ് ചുവടെ:-

1. ഇണ്ടറിയപ്പം

ചേരുവകള്‍:

  • പച്ചരി -1 കിലോ
  • ഉഴുന്ന് -100 ഗ്രാം
  • ചുമന്നുള്ളി -250 ഗ്രാം
  • തേങ്ങ -2 എണ്ണം

പാകം ചെയ്യുന്ന വിധം:
പച്ചരിയും ഉഴുന്നുപരിപ്പും കുതിര്‍ത്ത് ബാക്കി ചേരുവകളും യോജിപ്പിച്ച് ഇഡ്ഡലിക്ക് ആട്ടുന്നതുപോലെ ആട്ടിയെടുക്കുകയോ പൊടിച്ചവയെല്ലാം കൂടി നന്നായി കുഴക്കുകയോ ചെയ്യുക. ആട്ടിയെടുത്ത ചേരുവ പൊന്തുന്നതിനായി അരമണിക്കൂര്‍ സമയം വെക്കുക. അതിനുശേഷം വട്ടയപ്പം പുഴുങ്ങതുപോലെ ആവിയില്‍ പുഴുങ്ങിയെടുക്കുക. ഓശാന ഞായറാഴ്ചയിലെ കുരിശോല കൊണ്ട് കുരിശുണ്ടാക്കി, മുറിച്ച് വിതരണം ചെയ്യാനുള്ള അപ്പത്തിന്‍മേല്‍ പതിക്കണം.
കുരിശോല പതിച്ച അപ്പമാണ് കാരണവന്മാര്‍ മുറിച്ച് പാലില്‍ മുക്കി വീട്ടുകാര്‍ക്ക് കൊടുക്കുന്നത്.
 
2. പെസഹാ പാല്‍

ചേരുവകള്‍:

  • ശര്‍ക്കര -500 ഗ്രാം
  • തേങ്ങാപ്പാല്‍ (തലപ്പാല്‍) -1 കപ്പ്
  • തേങ്ങാപ്പാല്‍ (രണ്ടാംപാല്‍) -2 കപ്പ്
  • കുത്തരി -1/2 കപ്പ്
  • ചുക്ക് -ചെറിയ കഷണം
  • ജീരകം -1/2 ടേബ്ള്‍ സ്പൂണ്‍
  • ഏലക്ക -2, 3 എണ്ണം
  • പൂവന്‍പഴം -2 എണ്ണം (കഷണങ്ങളായി അരിഞ്ഞത്

പാകം ചെയ്യുന്ന വിധം:
ഒന്നര കപ്പ് വെള്ളത്തില്‍ ശര്‍ക്കര പാനിയാക്കുക. കരടുണ്ടെങ്കില്‍ അരിച്ചു കളയുക. അരി നന്നായി വറുത്തെടുക്കുക. ചുക്ക്, ജീരകം എന്നിവയോടൊപ്പം അരി നന്നായി പൊടിച്ചെടുക്കുക. അത് തലപ്പാലില്‍ ചേര്‍ത്ത് നന്നായി മിക്സ് ചെയ്തു മാറ്റിവെക്കുക. ശര്‍ക്കര പാനിയില്‍ രണ്ടാംപാല്‍ ചേര്‍ത്ത് സാവകാശം തിളപ്പിക്കുക. അതിനു ശേഷം തലപ്പാലില്‍ ചേര്‍ത്തുണ്ടാക്കിയ മിശ്രിതം കൂടെയൊഴിച്ച് തിളപ്പിക്കുക. തിളക്കാറാകുമ്പോള്‍ ചെറുപഴം അരിഞ്ഞിടുക. ഒപ്പം ഓശാന കുരുത്തോല മുറിച്ച് കുരിശാകൃതിയില്‍ പാലിലിടുക. തിളച്ചു കഴിയുമ്പോള്‍ വാങ്ങിവെക്കുക.

3. കൊഴുക്കെട്ട

ചേരുവകള്‍:

  • വറുത്ത അരിപൊടി -1 കപ്പ്
  • തേങ്ങ -1 എണ്ണം
  • ചുക്ക് പൊടിച്ചത് -1 ടേബിള്‍ സ്പൂണ്‍
  • ജീരകം പൊടിച്ചത് -1 ടേബിള്‍ സ്പൂണ്‍
  • ഏലക്ക -4 എണ്ണം
  • ശര്‍ക്കര -100ഗ്രാം
  • ഉപ്പ് -1 നുള്ള്

പാകം ചെയ്യുന്ന വിധം:
അരിപൊടിയില്‍ ഒരു നുള്ള് ഉപ്പ് ചേര്‍ത്തിളക്കുക. അതില്‍ തിളപ്പിച്ച 2 കപ്പ് വെള്ളമൊഴിച്ച് മാവ് കുഴക്കുക. ശര്‍ക്കര ഉരുക്കി അരിച്ചെടുത്ത് ഒരു നൂല് പാകമാകുമ്പോള്‍ അതില്‍ ചുരണ്ടി വച്ചിരിക്കുന്ന തേങ്ങയും ജീരകപൊടിയും ചുക്കുപൊടിയും ഏലക്കായും ചേര്‍ത്തിളക്കുക. കുഴച്ച മാവ് ചെറിയ ഉരുളകളാക്കി, അതിനുള്ളില്‍ തയാറാക്കിയ കൂട്ട്  നിറക്കുക. തുടര്‍ന്ന് ആവിയില്‍ വേവിച്ചെടുക്കുക. കൊഴുക്കെട്ട തയ്യാര്‍.

4. എഗ്ഗ് സ്റ്റഫ്ഡ് ചിക്കന്‍

ചേരുവകള്‍:

  • പുഴുങ്ങിയ മുട്ട-4 എണ്ണം
  • കൊത്തിയരിഞ്ഞ കോഴിയിറച്ചി വേവിച്ചത്-100 ഗ്രാം
  • ബീറ്റ്റൂട്ട്, കാരറ്റ് എന്നിവ വേവിച്ചത്-1/4 കപ്പ് വീതം
  • ഉപ്പ്, കുരുമുളക് -ആവശ്യത്തിന്
  • സോസ് (ഏതെങ്കിലും)

പാകം ചെയ്യുന്ന വിധം:
വേവിച്ച കോഴിയിറച്ചിക്കൊപ്പം എല്ലാ ചേരുവകളും ചേര്‍ത്ത്  നന്നായി വഴറ്റിയെടുക്കുക. മുട്ടയെടുത്ത് അതില്‍ നിന്ന് മഞ്ഞ എടുത്തു മാറ്റി ഈ മിശ്രിതത്തില്‍ ചേര്‍ക്കുക. ഓരോ മുട്ടയിലും കൂട്ട് നിറച്ച് സോസ് ഉപയോഗിച്ച് കഴിക്കാം.

5. ചിക്കന്‍ അവിയല്‍

ചേരുവകള്‍:

  • എല്ലില്ലാത്ത ചിക്കന്‍ -250 ഗ്രാം
  • തേങ്ങ -അര മുറി
  • ജീരകം -1 നുള്ള്
  • വെളുത്തുള്ളി -2 എണ്ണം
  • തൈര്‌ -20 മില്ലി
  • കറിവേപ്പില -2 തണ്ട്
  • വെളിച്ചെണ്ണ -1 ടീസ്പൂണ്‍
  • വെളിച്ചെണ്ണ (വറുക്കാന്‍) -200 മില്ലി
  • ലൈം ജ്യൂസ് -1 /4 ടീസ്പൂണ്‍

പാകം ചെയ്യുന്ന വിധം:
തേങ്ങ, വെളുത്തുള്ളി, ജീരകം എന്നിവ പകുതി പരുവത്തില്‍ അരച്ചെടുക്കുക. തുടര്‍ന്ന് ചുവടു കട്ടിയായുള്ള ഒരു പാത്രത്തില്‍ എണ്ണ ചൂടാക്കിയതിനു ശേഷം കടുക്, ജീരകം, കറിവേപ്പില, പച്ചമുളക് എന്നിവ മൂപ്പിച്ച് മഞ്ഞള്‍പൊടിയും തേങ്ങ അരച്ചതും ചേര്‍ത്ത് ആവശ്യത്തിനു വെള്ളവും ചേര്‍ത്ത് വഴറ്റി എടുക്കുക. അതിലേക്ക് ചിക്കന്‍, തൈര്, നാരങ്ങാനീര്‍ എന്നിവ ചേര്‍ത്ത് ചെറുചൂടില്‍ വേവിച്ച് വറ്റിച്ചെടുക്കുക.

6. ഫ്രൈഡ് ഐസ്ക്രീം

ചേരുവകള്‍:

  • വാനില ഐസ്ക്രീം -1 ലിറ്റര്‍
  • മുട്ട -2 എണ്ണം
  • കോഫ്ളേക്ക്സ്, ഓട്ട്സ്, ബ്രഡ് ക്രംസ് -ആവശ്യത്തിന്
  • എണ്ണ -ആവശ്യത്തിന്

പാകം ചെയ്യുന്ന വിധം:
ഐസ്ക്രീം നല്ലതുപോലെ തണുപ്പിച്ച് കട്ടിയാക്കുക. തുടര്‍ന്ന് പെട്ടെന്നെടുത്ത് ഉരുട്ടിയെടുക്കുക. അലിഞ്ഞു പോവുങ്കെില്‍ വീണ്ടും തണുപ്പിക്കണം. ഇത് നല്ലതുപോലെ അടിച്ചുവെച്ച മുട്ടയില്‍ മുക്കിയെടുക്കുക. കോഫേ്ളക്ക്സ്, ഓട്ട്സ്, ബ്രഡ് ക്രംസ് എന്നിവ ഒരുമിച്ച് പൊടിച്ചെടുക്കുക.അടിച്ചെടുത്ത  മുട്ടയില്‍ ഐസ്ക്രീം ബോള്‍ മുക്കിയെടുത്ത് വീണ്ടും തണുപ്പിക്കണം. ഇതൊരു മൂന്നു പ്രാവശ്യം ചെയ്യാം. ഇനി നല്ലതുപോലെ ചൂടാക്കിയ എണ്ണയില്‍ ഇവ വറുത്തെടുക്കാം. ചോക്ലേറ്റോ മറ്റെന്തെങ്കിലും സിറപ്പോ വിളമ്പുന്നതിനൊപ്പം ചേര്‍ക്കാം.

തയാറാക്കിയത്: ചിന്നു പോള്‍

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.