മറവി എന്ന സിദ്ധൗഷധമില്ലെങ്കിൽ മനുഷ്യന് മുന്നോട്ടുപോകാനാകില്ല. എന്നാൽ, ആ മറവി പോലും തോറ്റുപോകുന്ന അതിവന്യമായ ഓർമകളുടെ ഉരുൾപൊട്ടലുകൾ നെഞ്ചിലൊതുക്കി ജീവിക്കുന്ന ഒരു ജനതയുണ്ട് വയനാട്ടിൽ. ദുരന്തത്തിന്റെ മുറിവുകളിൽ നിന്ന് അവർ പിച്ചവെച്ച് തുടങ്ങുന്ന അതിജീവനത്തിന്റെ നേർക്കാഴ്ചകളിലൂടെ ഒരു യാത്ര...
മരവിച്ച ഓർമകളുടെ ചുരം കയറിത്തുടങ്ങുമ്പോൾ മഴ ചെറുതായി പൊടിയുന്നുണ്ടായിരുന്നു. പുലർച്ചെയായതിനാൽ കോടമഞ്ഞ് അലക്ഷ്യമായി ബസിന്റെ ജനാലച്ചില്ലുകളിൽ ചിത്രം തീർത്ത്, താഴ്വരയുടെ അഗാധതക്കു മുകളിൽ സുഷുപ്തിയിൽ ലയിച്ചുകിടക്കുകയാണ്. ചൂരൽമല-മുണ്ടക്കൈയിലേക്കാണ് യാത്ര.
മറവിയില്ലെങ്കിൽ തരിമ്പും മുന്നോട്ടുപോകാൻ സാധിക്കാത്ത സാധു ജീവിയാണ് മനുഷ്യനെന്ന് അപ്പോൾ വെറുതെ തോന്നിപ്പോയി. മറവി ഒരുമാത്ര മാറിനിന്നാൽ, മനസ്സിൽ അതിവന്യമായ ഓർമകളുടെ ഉരുൾപൊട്ടലുണ്ടാകുന്ന മനുഷ്യരെ കാണാനാണ് ഈ യാത്ര. എന്തുകൊണ്ടോ മനസ്സ് പലതവണ അകാരണമായി പിടഞ്ഞുകൊണ്ടിരിക്കുന്നു. നിസ്സഹായതയുടെ ആ അഗാധ ഗർത്തത്തിൽ അകപ്പെട്ടുപോയ മനുഷ്യർ അന്ന് എന്തായിരിക്കാം അനുഭവിച്ചിട്ടുണ്ടാവുക?
സഹവർത്തിത്വവും സഹാനുഭൂതിയും സഹജീവി സ്നേഹവുമാണ് മനുഷ്യനെ ഭൂമിയിൽ അന്യംനിന്നു പോകാതെ നിലനിർത്തുന്നത്. അപവാദങ്ങൾ ഇല്ലെന്നല്ല, എങ്കിലും പൊതുവിൽ നോക്കുമ്പോൾ മനുഷ്യന്റെ നിലനിൽപ് ചോദ്യം ചെയ്യപ്പെട്ട സന്ദർഭങ്ങളിലെല്ലാം നാം പരസ്പരം താങ്ങായി മാറിയിട്ടുണ്ട്. വയനാട്ടിലും സ്ഥിതി വ്യത്യസ്തമായിരുന്നില്ല. പ്രകൃതിയുടെ നിർദയമായ ഇടച്ചിലിൽ ജീവിതവും ജീവനും നഷ്ടപ്പെട്ട മനുഷ്യരെ നെഞ്ചോട് ചേർത്തുപിടിച്ചത് ഈ നാടായിരുന്നു. സമൂഹമെന്ന നിലയിൽ മലയാളിയുടെ ഏറ്റവും ഉയർന്ന നിലയാണ് അവിടെ കണ്ടത്. ഇപ്പോഴും തുടർന്നുകൊണ്ടിരിക്കുന്ന ആ സാന്ത്വന സ്പർശമാണ് ആ മനുഷ്യരെ ജീവിതത്തോട് ചേർത്തുനിർത്തുന്നത്.
ഉരുൾപൊട്ടൽ റദ്ദുചെയ്ത ജീവിതങ്ങളെ പൂജ്യത്തിൽനിന്ന് വീണ്ടും തുടങ്ങിപ്പിക്കാൻ പലവിധത്തിലുള്ള സഹായങ്ങൾ വയനാട്ടിലേക്ക് ഒഴുകിയെത്തിയിട്ടുണ്ട്; പണമായും വീടായും ചേർത്തുനിർത്തലായുമെല്ലാം. എന്നിട്ടും നിത്യജീവിതത്തിന്റെ പഴയ താളത്തിലേക്ക് എത്തിപ്പെടാൻ ആ ജനങ്ങൾ വല്ലാതെ കഷ്ടപ്പെടുന്നുണ്ട്. എന്നാൽ, ഇപ്പോൾ പഠനത്തിലൂടെയും തൊഴിലിലൂടെയും സംരംഭകത്വത്തിലൂടെയും അവർ ജീവിതത്തിന്റെ പുതിയ താളം കണ്ടെത്തിക്കൊണ്ടിരിക്കുകയാണ്.
താമസിക്കാൻ ഒരു വീട് എന്ന മഹാസങ്കൽപത്തിലേക്കാണ് വയനാട്ടിലേക്കുവന്ന സഹായങ്ങളിൽ അധികവും ശ്രദ്ധ കേന്ദ്രീകരിച്ചത്. എന്നാൽ, അതിനപ്പുറം അവരുടെ ദീർഘകാല അതിജീവനത്തെക്കുറിച്ച് ചിന്തിച്ച ഒരു സംഘടന, ആ ദുഃഖപൂരിതമായ അന്തരീക്ഷത്തെ പ്രതീക്ഷയുടെ ഒരു തുരുത്താക്കി മാറ്റി. അവരുടെ പേര് ‘പീപ്പിൾസ് ഫൗണ്ടേഷൻ’.
സാവകാശമുള്ളതും എന്നാൽ, സ്ഥിരതയുള്ളതുമായ ഒരു അതിജീവനമാണ് പീപ്പിൾസ് ഫൗണ്ടേഷൻ ചൂരൽമലയിൽ വിഭാവനം ചെയ്തത്. ദുരന്തം സംഭവിച്ച് മണിക്കൂറുകൾക്കകം അവർ മുണ്ടക്കൈയിലും ചൂരൽമലയിലും പൂർണതോതിൽ പ്രവർത്തനസജ്ജരായി. ദുരന്തമുഖത്ത് വളന്റിയർമാരായി മാറിയ അവർ, പ്രാദേശിക പ്രവർത്തകരെ അണിനിരത്തി ദുരന്തബാധിതരെക്കുറിച്ച് കൃത്യമായ ഡേറ്റ ശേഖരിച്ചു. ഇപ്പോഴും ആ ഡേറ്റ വിപുലീകരിച്ചും സമഗ്രമാക്കിക്കൊണ്ടുമിരിക്കുകയാണ് അവർ. സംസ്ഥാന സർക്കാർ വരെ ഒരു ഘട്ടത്തിൽ പുനരധിവാസത്തിനായി ഈ ഡേറ്റ ഉപയോഗിച്ചുവെന്ന് പറയുമ്പോൾ അവർ നടത്തിയ പരിശ്രമത്തിന്റെ ആഴം വ്യക്തമാകും. ദുരന്തമുഖത്ത് ഒരു എൻ.ജി.ഒക്ക് ചെയ്യാൻ സാധിക്കുന്ന ഏറ്റവും കൃത്യവും ആഴത്തിലുള്ളതുമായ പ്രവർത്തനമാണിത്.
പ്രകൃതിദുരന്തങ്ങൾ പലപ്പോഴും പ്രവചനാതീതമാണ്. എന്നാൽ, അതിനുശേഷം എന്തുചെയ്യണമെന്നതിനെക്കുറിച്ച് പലപ്പോഴും കൃത്യമായ ധാരണകൾ ഉണ്ടാകാറില്ല. ഏറിയാൽ ‘ഒരു വീട്’ എന്നതിലേക്ക് കാര്യങ്ങൾ ഒതുങ്ങുകയാണ് പതിവ്. എന്നാൽ, ഈ പതിവുകളെയൊക്കെ ചൂരൽമലയിലും മുണ്ടക്കൈയിലും പീപ്പിൾസ് ഫൗണ്ടേഷൻ തിരുത്തിക്കുറിച്ചു.
ഭവനം, തൊഴിൽ, ഉപജീവനം, വിദ്യാഭ്യാസം, ആരോഗ്യം, ദുരന്തനിവാരണ മുന്നറിയിപ്പ് സംവിധാനം എന്നിങ്ങനെ വ്യത്യസ്ത മേഖലകൾ ഉൾക്കൊള്ളുന്ന സമഗ്രമായ ഒരു പുനരധിവാസ പദ്ധതിയാണ് അവർ രൂപവത്കരിച്ചത്. വരുമാന സ്രോതസ്സായിരുന്ന കടകളും വ്യാപാര സ്ഥാപനങ്ങളും വാഹനങ്ങളും പൂർണമായി നശിപ്പിക്കപ്പെട്ടതോടെ ഉപജീവനം മുട്ടിപ്പോയവരെയാണ് പീപ്പിൾസ് ലക്ഷ്യംവെച്ചത്.
ഉപജീവനമാർഗം വീണ്ടെടുക്കാൻ ഒരാൾക്ക് എത്ര രൂപയുടെ കുറവുണ്ടെന്ന് നോക്കി അത് നൽകിയും, അവർക്ക് ആവശ്യമായ ഉപകരണങ്ങൾ നൽകിയും പീപ്പിൾസ് ഫൗണ്ടേഷൻ അവരുടെ ആത്മാഭിമാനം ഉയർത്തിപ്പിടിച്ചു. അതിനുപുറമെ, വിവിധ തൊഴിൽദാതാക്കളുമായി സഹകരിച്ച് തൊഴിലധിഷ്ഠിത വർക്ക്ഷോപ്പുകൾ നടത്തുകയും വലിയൊരു ശതമാനം ആളുകൾക്ക് പുതിയ ജോലി ഉറപ്പാക്കുകയും ചെയ്തു. ദുരന്തത്തിന്റെ ചാരത്തിൽനിന്നും ഒരു ജനത പുഞ്ചിരിയോടെ എഴുന്നേറ്റുനിൽക്കുന്ന കാഴ്ച, ഏതൊരു മനുഷ്യനും നൽകുന്ന പ്രത്യാശ ചെറുതായിരുന്നില്ല.
‘വയനാരോമ’യുടെ സ്റ്റാൾ
മേപ്പാടിയിലെ ഒരു പഴയ കെട്ടിടത്തിന്റെ രണ്ടാം നിലയിൽ പ്രവർത്തിക്കുന്ന ‘എറൈസ് ഗാർമെന്റ്സി’ലേക്ക് ഞങ്ങൾ പ്രവേശിക്കും മുമ്പുതന്നെ പവർ മെഷീനുകളുടെ ശബ്ദം പുറത്തേക്ക് കേൾക്കാമായിരുന്നു. പുറത്ത് മഴ പെയ്യാൻ ഒരുങ്ങുകയാണ്. ഞങ്ങൾ കയറിച്ചെല്ലുമ്പോൾ എല്ലാവരും ജോലിത്തിരക്കിലാണ്.
ഏറ്റവും മുന്നിലെ മെഷീനിൽ ഇരുന്ന റെയ്ഹാനത്ത് ഞങ്ങളെ കണ്ട് അടുത്തേക്കുവന്നു. ജീവിതത്തിന്റെ രണ്ടാം ഘട്ടത്തെ ധീരമായി നേരിടുന്ന റെയ്ഹാനത്തിന്റെ കണ്ണുകളിൽ ഞാൻ ഭീതി വായിച്ചെടുക്കാൻ നോക്കി, പക്ഷേ അവിടെ തികഞ്ഞ ശാന്തതയായിരുന്നു. 23 പേരാണ് എറൈസ് ഗാർമെന്റ്സിന്റെ ഉടമകൾ. അവർ തന്നെയാണ് ഇവിടത്തെ തൊഴിലാളികളും!
സ്വയംതൊഴിൽ ചെയ്യാൻ താൽപര്യമുള്ളവർക്ക് പരിശീലനം നൽകി അവരുടെ സ്വന്തം സ്ഥാപനം തുടങ്ങാൻ ആവശ്യമായ എല്ലാ സഹായങ്ങളും നൽകിയത് പീപ്പിൾസ് ഫൗണ്ടേഷനാണ്. ആദ്യഘട്ടത്തിൽ വസ്ത്രനിർമാണം അറിയുന്നവർക്കും പഠിക്കാൻ താൽപര്യമുള്ളവർക്കും വിദഗ്ധരുടെ നേതൃത്വത്തിൽ മികച്ച പരിശീലനം നൽകി. തുടർന്ന്, പ്രമുഖ വസ്ത്ര നിർമാണ കമ്പനിയായ ‘പോപ്പീസ്’ പീപ്പിൾസ് ഫൗണ്ടേഷന്റെ ഈ ഉദാത്തമായ ലക്ഷ്യത്തോടൊപ്പം കൈകോർക്കുകയായിരുന്നു. ഇവിടെയുള്ള 23 പേർക്കും ആവശ്യമായ വിദഗ്ധ പരിശീലനം ഉറപ്പാക്കുക മാത്രമല്ല, പോപ്പീസിന്റെ ഒരു പ്രൊഡക്ഷൻ യൂനിറ്റിന് തുല്യമായ പരിഗണനയും വസ്ത്ര നിർമാണത്തിനുള്ള തുടർച്ചയായ ഓർഡറുകളും അവർ ഇപ്പോൾ ഈ വനിതകൾക്ക് നൽകിവരുന്നുണ്ട്.
‘ചൂരൽമലയെക്കുറിച്ച് കേട്ടറിഞ്ഞ് സ്ഥലം കാണാൻ ആൾക്കാരൊക്കെ എത്തി ഞങ്ങളൊക്കെ ഒന്ന് പച്ചപിടിച്ചുവന്നതായിരുന്നു. അപ്പോഴാണ് ദുരന്തമുണ്ടായത്. അന്ന് കാലിൽ ഒരു ചെരിപ്പ് പോലുമില്ലാതെ ഓടിവന്ന ഞങ്ങൾക്ക് എല്ലാം നൽകിയത് ഈ നാട്ടുകാരാണ്...’ റെയ്ഹാനത്ത് സ്വന്തം നാടിനെക്കുറിച്ച് അഭിമാനത്തോടെ പറഞ്ഞു. ‘ഇവിടെയിരിക്കുമ്പോൾ ഞങ്ങളൊക്കെ ഒരു കുടുംബമാണെന്ന് തോന്നും, അതാണ് ഏറ്റവും വലിയ ആശ്വാസം.’
ഇപ്പോഴുള്ള ആളുകളെ മാത്രം വെച്ച് ഈ യൂനിറ്റിന് കമ്പനിയുടെ ആവശ്യങ്ങൾ പൂർണമായി നിറവേറ്റാനാകില്ല. കൂടുതൽ ആളുകളെ ജോലിക്കെടുക്കുകയും പ്രൊഡക്ഷൻ കൂട്ടുകയും വേണമെന്നാണ് ഇവരുടെ ആഗ്രഹം. അതിനിടയിലെപ്പോഴോ, ബോധപൂർവമല്ലെങ്കിലും സംസാരം വീണ്ടും ഉരുൾപൊട്ടലിലേക്കുതന്നെ എത്തി. ‘നല്ലൊരു മഴ പെയ്താൽ ഞങ്ങൾക്കൊക്കെ ഇപ്പോഴും പേടിയാണ്. മക്കൾ പറയും: ഉമ്മാ, നമ്മുടെ വീട് ഇനി മലയുടെ ചുവട്ടിലും വേണ്ട, പുഴയുടെ അടുത്തും വേണ്ടെന്ന്...’ റെയ്ഹാനത്ത് അത് പറഞ്ഞപ്പോൾ ആ കണ്ണുകളിൽ കണ്ണീർത്തടാകം കെട്ടിനിന്നു. പക്ഷേ, അതൊരിക്കലും പുറത്തേക്ക് തുളുമ്പിവീണില്ല.
ദുരന്തപൂർവ ചൂരൽമലയുടെ കവാടത്തിൽ ചെന്നാൽ ചെറിയൊരു സ്റ്റാൾ കാണാം. അതിനുമുമ്പേ തന്നെ നിങ്ങളുടെ മൂക്ക് ആ സ്റ്റാളിൽ നിന്നുള്ള സുഗന്ധം വലിച്ചെടുത്തിട്ടുണ്ടാകും. 17 വനിതകളുടെ സംയുക്ത സംരംഭമായ ‘വയനാരോമ’യുടെ സ്റ്റാളാണത്. പീപ്പിൾസ് ഫൗണ്ടേഷന്റെ നേതൃത്വത്തിൽ തുടങ്ങിയ മറ്റൊരു മികച്ച സംരംഭം.
ഗുണമേന്മയേറിയ വയനാടൻ ചായപ്പൊടിയും കാപ്പിപ്പൊടിയും മസാലച്ചായയും ഏലവും ചുക്കുമടക്കമുള്ള സുഗന്ധവ്യഞ്ജനങ്ങളും ഇവിടെനിന്നും നിങ്ങൾക്ക് വാങ്ങാം. പ്രകൃതി കടിച്ചുകുടഞ്ഞ ചൂരൽമല അങ്ങാടിയും, പെരുവെള്ളപ്പാച്ചിലിനെ അതിജീവിച്ച ആൽമരവും, ബെയ്ലി പാലവും കാണാൻ വരുന്നവരാണ് ഇവിടത്തെ പ്രധാന ഉപഭോക്താക്കൾ. വയനാടൻ കുന്നുകളുടെ സുഗന്ധം പേറിനിൽക്കുന്ന ആ കടയിൽ അസൂറയും മകളുമായിരുന്നു അപ്പോൾ ഉണ്ടായിരുന്നത്.
‘ഉരുൾപൊട്ടലിനെക്കുറിച്ച് ഒരു ചോദ്യം, അതിജീവനത്തിന്റെ പാതയിലുള്ളവരോട് ഞങ്ങളുണ്ട് കൂടെ എന്നുപറയുന്ന നിറഞ്ഞൊരു പുഞ്ചിരി... അതുകഴിഞ്ഞ് ഞങ്ങളുടെ ചായപ്പൊടിയോ ഗ്രീൻ ടീയോ വാങ്ങിച്ച് അവർ പോകും...’ അസൂറയുടെ വാക്കുകളിൽ പ്രതീക്ഷയുടെ മുഴക്കമുണ്ടായിരുന്നു. തുടങ്ങിയിട്ട് കുറച്ചുകാലമേ ആയിട്ടുള്ളൂവെങ്കിലും മോശമല്ലാത്ത കച്ചവടം ലഭിക്കുന്നുണ്ടെന്ന് അസൂറ പറയുന്നു. നാശത്തിന്റെ ആ നാൽക്കവലയിൽ സ്വപ്നങ്ങളുടെ ഒരു തുരുത്തായി തോന്നി വയനാരോമയുടെ ആ കിയോസ്ക്.
ചൂരൽമലക്കുപുറമെ കൽപറ്റയിലും വയനാരോമ സ്റ്റാൾ തുടങ്ങിയിട്ടുണ്ട്. പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് (PwC) എന്ന ആഗോള കമ്പനിയുടെ സി.എസ്.ആർ (CSR) ഫണ്ടാണ് ഈ സംരംഭത്തിന്റെ നട്ടെല്ല്. അവർ തന്നെ നൽകുന്ന സെയിൽസിലെയും മാർക്കറ്റിങ്ങിലെയും പരിശീലനം ഈ വനിതകളെ മികച്ച ബിസിനസുകാരാക്കാൻ പര്യാപ്തമാണ്. പൊടിക്കാനും ഉണക്കാനും പാക്കിങ്ങിനുമുള്ള അത്യാധുനിക സൗകര്യങ്ങളുള്ള ഒരു കൊച്ച് ഫാക്ടറിയും വയനാരോമക്കുണ്ട്. സംരംഭം തുടങ്ങിക്കൊടുത്ത് മാറിനിൽക്കുകയല്ല പീപ്പിൾസ് ഫൗണ്ടേഷൻ ഇവിടെ ചെയ്യുന്നത്. അതിന്റെ ദൈനംദിന നടത്തിപ്പിനുവേണ്ട മാർഗനിർദേശങ്ങൾ നൽകിയും അവരെ സഹായിച്ചും അവർ എപ്പോഴും കൂടെത്തന്നെയുണ്ട്.
സ്റ്റാളുകളിലൂടെ മാത്രമല്ല, ആമസോൺ അടക്കമുള്ള ഓൺലൈൻ പ്ലാറ്റ്ഫോമുകളിലും വയനാരോമയുടെ ഉൽപന്നങ്ങൾ ലഭ്യമാണ്. വിവരങ്ങളെല്ലാം ശേഖരിച്ച് അക്കൗണ്ടന്റായ നീതുവിനോട് ‘ഇനിയെന്താണ് ഞങ്ങളോട് പറയാനുള്ളത്’ എന്ന് ചോദിച്ചപ്പോൾ ഒരു നിമിഷം അവർ മൗനിയായി. പിന്നെ പറഞ്ഞു:
‘ഇവിടെ ഞങ്ങൾ ഒരു ജീവനമാർഗം കണ്ടെത്തുക മാത്രമല്ല ചെയ്യുന്നത്; ഞങ്ങളിൽ നിന്ന് മാഞ്ഞുപോയ ചിരികൂടി തിരികെപ്പിടിക്കാൻ ശ്രമിക്കുകയാണ്. ഒത്തുചേരലിന്റെ മാന്ത്രിക മരുന്ന് ഞങ്ങളിലെ മുറിവുകളെല്ലാം പതിയെ ഉണക്കിക്കൊണ്ടിരിക്കുകയാണ്...’ കച്ചവടത്തിന്റെ തന്ത്രങ്ങൾ അവർക്ക് പറഞ്ഞുകൊടുത്ത് മുന്നോട്ടുനയിക്കുമ്പോൾ, പീപ്പിൾസ് ഫൗണ്ടേഷനും ആഗ്രഹിക്കുന്നത് ആ നഷ്ടപ്പെട്ട ചിരികൾ മടക്കിക്കൊണ്ടുവരാൻ തന്നെയാകും.
ഞങ്ങളിറങ്ങിയപ്പോൾ നീതുവും അസൂറയും മറ്റ് ആറുപേരും വീട്ടിൽ പോകാനായി ഫാക്ടറിയുടെ ഷട്ടറടച്ചു. അവരെയും കാത്ത് ഒരു ഓട്ടോറിക്ഷ അവിടെ കിടപ്പുണ്ടായിരുന്നു. മഴയുടെ സീൽക്കാരം ദൂരെ നിന്ന് കേൾക്കാൻ തുടങ്ങിയിരിക്കുന്നു. ഇരുട്ടുന്നതിനുമുമ്പ് അവർക്ക് ചൂരൽമലയിലെത്തണം; ഞങ്ങൾക്ക് തിരിച്ച് കോഴിക്കോട്ടേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.