കോട്ടയത്ത് ആരോഗ്യപ്രവർത്തകക്ക് സിക വൈറസ് ബാധ സ്ഥിരീകരിച്ചു

കോട്ടയം: ജില്ലയില്‍ സിക വൈറസ് ബാധ സ്ഥിരീകരിച്ചു. സിക വൈറസ് പഠനത്തിനായി തിരുവനന്തപുരത്ത് പോയ ആരോഗ്യ പ്രവര്‍ത്തകയ്ക്കാണ് രോഗം ബാധിച്ചത്. കോട്ടയത്ത് തിരിച്ചെത്തിയ ശേഷം തിങ്കളാഴ്ച രോഗ ലക്ഷണങ്ങള്‍ പ്രകടമായതിനെത്തുടര്‍ന്ന് രക്ത പരിശോധന നടത്തുകയായിരുന്നു. രോഗിയെ ഐസൊലേഷനില്‍ പാര്‍പ്പിച്ച് നിരീക്ഷിച്ചു വരികയാണ്.

രോഗിയുമായി അടുത്ത് ഇടപഴകിയവരെ രക്തപരിശോധനയ്ക്ക് വിധേയരാക്കുന്നതിന് ആരോഗ്യ വകുപ്പ് നടപടികള്‍ സ്വീകരിച്ചതായി ജില്ല കലക്ടര്‍ ഡോ. പി.കെ. ജയശ്രീ പറഞ്ഞു.  രോഗിയുടെ താമസസ്ഥലത്തിന്‍റെ സമീപ മേഖലകളില്‍ ആളുകളില്‍ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നുണ്ടോ എന്ന് നിരീക്ഷിച്ചുവരുന്നു. ഈ മേഖലയില്‍ കൊതുകിന്‍റെ ഉറവിടങ്ങള്‍ നിര്‍മ്മാര്‍ജനം ചെയ്യുന്നതിനുള്ള നടപടികളും ഊര്‍ജ്ജിതമാക്കി.

നേരിയ പനി, ശരീരത്തില്‍ തിണര്‍പ്പ് എന്നിവയാണ് സാധാരണ കണ്ടുവരുന്ന രോഗലക്ഷണങ്ങള്‍. ചിലരില്‍ കണ്ണുകളില്‍ ചുവപ്പു നിറം, പേശി വേദന, ക്ഷീണം എന്നീ ലക്ഷണങ്ങളും ഉണ്ടാകാം. ലക്ഷണങ്ങള്‍ രണ്ടു മുതല്‍ ഏഴു ദിവസം വരെ നീണ്ടുനില്‍ക്കാം. സ്ത്രീകള്‍ക്ക് ഗര്‍ഭാവസ്ഥയുടെ ആദ്യ മൂന്നു മാസങ്ങളില്‍ സിക്ക വൈറസ് ബാധിച്ചാല്‍ കുഞ്ഞിന് മൈക്രോസെഫാലി എന്ന അവസ്ഥക്ക് കാരണമായേക്കും.

ഡെങ്കിപ്പനി പരത്തുന്ന ഈഡിസ് കൊതുകുകളാണ് സികയ്ക്കും കാരണമാകുന്നത്. അതുകൊണ്ടുതന്നെ രോഗപ്രതിരോധത്തിന് ഉറവിട നിര്‍മാര്‍ജ്ജനം അനിവാര്യമാണെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. ജേക്കബ് വര്‍ഗീസ് പറഞ്ഞു.

വീടുകളുടെ സണ്‍ ഷേഡ്, വീട്ടു പരിസരത്ത് ഉപേക്ഷിക്കപ്പെട്ട ചെറിയ പാത്രങ്ങള്‍, ചെടിച്ചട്ടികള്‍, ഫ്രിഡ്ജിനു പിന്നിലെ ട്രേ, ഉപയോഗിക്കാത്ത കക്കൂസുകളിലെ ഫ്‌ളഷ് ടാങ്കുകള്‍, ക്ലോസെറ്റുകള്‍ തുടങ്ങിവയിലൊന്നും വെള്ളം കൂടുതല്‍ ദിവസം കെട്ടിനിന്ന് കൊതുകു പെരുകുന്നില്ലെന്ന് ഉറപ്പാക്കാന്‍ എല്ലാവരും ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ നിര്‍ദേശിച്ചു.

Tags:    
News Summary - Zika virus case reported in Kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.