പാലക്കാട്: സുഹൃത്തിനെയും അമ്മയെയും കുത്തിപ്പരിക്കേൽപ്പിച്ച കേസിൽ യുവമോർച്ച നേതാവിനെ അറസ്റ്റ് ചെയ്തു. പാലക്കാട് മണലി രാഹുൽ (32) ആണ് പിടിയിലായത്. യുവമോർച്ച -ബി.ജെ.പി മുൻ മണ്ഡലം ഭാരവാഹിയാണ്.
കേസിൽ രാഹുലിന്‍റെ കൂട്ടാളി അജുവിനെ കൂടി പിടികൂടാനുണ്ട്. തേങ്കുറുശ്ശി വാണിയംപറമ്പ് സുജ(50), മകൻ അനുജിൽ(29) എന്നിവർക്കാണ് കുത്തേറ്റത്. കഴിഞ്ഞ ദിവസം രാത്രി ഇവരുടെ വീട്ടിലാണ് സംഭവം. രാഹുലും അജുവും ചേർന്ന് അനുജിലിന്‍റെ വീട്ടിൽ കയറിവന്ന് ഇടത് നെഞ്ചിൽ കത്തികൊണ്ട് കുത്തുകയായിരുന്നു.
തടയാൻ ചെന്ന അമ്മ സുജക്ക് തോളിൽ കുത്തേറ്റു. ഇരുവരെയും അയൽക്കാർ പാലന ആശുപത്രിയിലെത്തിച്ചു. ഇരുവരും തീവ്രപരിചരണ വിഭാഗത്തിലാണ്.
വ്യക്തിവൈരാഗ്യമാണ് കാരണമെന്ന് പൊലീസ് പറയുന്നുണ്ടെങ്കിലും ബി.ജെ.പിക്കകത്തെ ചേരിപ്പോരാണ് പ്രകോപനത്തിനിടയാക്കിയതെന്ന് സംസാരമുണ്ട്. മൂവരും ബി.ജെ.പി പ്രവർത്തകരാണ്. ജൂലൈയിൽ ഗ്രൂപ് വഴക്കിനെത്തുടർന്ന് ബി.ജെ.പി മുൻ കൗൺസിലറുടെ വീട്ടിലേക്ക് കുപ്പിയെറിഞ്ഞ കേസിലെ പ്രതിയാണ് രാഹുൽ. ജില്ലയിലെ മറ്റു സ്റ്റേഷനുകളിലും രാഹുലിനെതിരെ കേസുണ്ട്. കൊലപാതക ശ്രമത്തിനാണ് കുഴൽമന്ദം പൊലീസ് കേസെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.