കുമളി: ലോക്ഡൗണിനെത്തുടർന്ന് ജോലി നഷ്ടമായ യുവാവ് ദുരിതത്തിനിടെ നാട്ടിലെത്തിയത് സൈക്കിളിലും ചരക്കുലോറിയിലുമായി. അടൂർ മുളമുക്ക് ഷാരോൺ വില്ലയിൽ അനീഷ് ഷാജനാണ് (25) ചൊവ്വാഴ്ച രാത്രിയോടെ അടൂരിലെ വീട്ടിലെത്തിയത്.
മാർച്ച് മൂന്നിനാണ് സ്വകാര്യകമ്പനിയിലെ ഇൻറർവ്യൂവിന് അനീഷ് ചെന്നൈയിലെത്തിയത്. 23ന് അക്കൗണ്ടൻറായി ജോലിയിൽ പ്രവേശിക്കാനിരിക്കെയാണ് ലോക്ഡൗൺ പ്രഖ്യാപിച്ചത്. ഈ കാലയളവിൽ ചെന്നൈയിെല സഹോദരനൊപ്പമായിരുന്നു താമസം. ജോലി നഷ്ടമായെന്നുമാത്രമല്ല, ഇരുവർക്കും സാമ്പത്തികപ്രതിസന്ധിയും രൂക്ഷമായതോടെ അനീഷ് നാട്ടിലേക്ക് തിരിക്കുകയായിരുന്നു.
ചെന്നൈയിൽനിന്ന് വാങ്ങിയ സൈക്കിളിൽ തിങ്കളാഴ്ച രാവിലെ യാത്ര തുടങ്ങി. 80 കി.മീറ്റർ എത്തി അവിടെനിന്ന് കണ്ടെയ്നർ ലോറിയിൽ മധുരയിലേക്കും അവിടെനിന്ന് പൊലീസുകാരുടെ സഹായത്തോടെ മറ്റൊരു ചരക്കുലോറിയിൽ തേനിയിലും എത്തി. സൈക്കിളിൽ പൊലീസ് ചെക്ക്പോസ്റ്റുകൾ താണ്ടി തേനിയിലും ലോവർ ക്യാമ്പിലും എത്തി. വീണ്ടും പച്ചക്കറിവണ്ടികളിൽ ചൊവ്വാഴ്ച രാത്രി കുമളിയിലെത്തി. പലഘട്ടത്തിലായി 150 കിലോമീറ്ററോളം പൊരിവെയിലിൽ സൈക്കിളിൽ യാത്ര ചെയ്തതായി അനീഷ് ‘മാധ്യമ’ത്തോട് പറഞ്ഞു. യാത്രക്കിടെ മറ്റുഭക്ഷണമൊന്നും ലഭിച്ചില്ല. കൈയിൽ കരുതിയ മൂന്ന് ലിറ്റർ വെള്ളവും റൊട്ടിയും മാത്രമായിരുന്നു ആശ്വാസം. ചൊവ്വാഴ്ച വൈകീട്ട് കുമളിയിലെത്തിയ അനീഷിനെ അധികൃതർ ഏർപ്പെടുത്തിയ വാഹനത്തിൽ അടൂരിലേക്ക് അയക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.