റിമാന്‍റിലായ റെജിയും വിശാഖും

വടശ്ശേരിക്കരയിൽ യുവാവ് വെട്ടേറ്റ് കൊല്ലപ്പെട്ട സംഭവം: ബന്ധു ഉൾപ്പെടെ രണ്ടു പേർ റിമാന്‍റിൽ

റാന്നി: യുവാവിനെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ബന്ധുവായ വീട്ടുടമസ്ഥനും സുഹൃത്തും അറസ്റ്റിൽ. ബന്ധു പള്ളിക്കമുരുപ്പ് പേങ്ങാട്ടുകടവ് പേങ്ങാട്ട്പീടികയിൽ റെജി പി. രാജു(50) വിനെയും സുഹൃത്ത് റാന്നി പുതുശ്ശേരിമല, കരണ്ടകത്തുംപാറ ആഞ്ഞിലിപ്പാറ കുഞ്ഞാച്ചി എന്ന എ.വി. വിശാഖി (29)നെയുമാണ് വിശദമായ ചോദ്യം ചെയ്യലിന് ശേഷം അറസ്റ്റ് ചെയ്തത്. പ്രതികളെ ഇന്ന് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

വടശ്ശേരിക്കര ആറ്റുകടവ് പേങ്ങാട്ടുപീടികയിൽ ബേബി എന്ന ജോബി അലക്സാണ്ടറെ (40) കൈക്ക് ഗുരുതര പരിക്കേറ്റ് രക്തംവാർന്നു മരണപ്പെട്ട നിലയിൽ ബന്ധുവായ റെജി പി. രാജുവിന്‍റെ വീട്ടിൽ വെള്ളിയാഴ്ച രാവിലെയാണ്‌ കണ്ടത്. വ്യാഴാഴ്ച വൈകിട്ട് നാലിനും വെള്ളിയാഴ്ച രാവിലെ 6.30നും ഇടക്കാണ് റെജിയുടെ വീട്ടിൽ സംഭവം നടന്നത്. കൊല്ലപ്പെട്ട ജോബിയും റെജിയും ബന്ധുക്കളാണ്. റെജി തനിച്ചാണ് താമസം. ഇരുവരുടെയും ബന്ധുവിന്റെ മരണാനന്തര ചടങ്ങിൽ പങ്കെടുത്ത ശേഷം വൈകിട്ട് നാലോടെ ഒരുമിച്ചാണ് റെജിയുടെ വീട്ടിലെത്തിയത്. തുടർന്ന്, മദ്യപാനത്തിൽ ഏർപ്പെട്ടു. വസ്തുവിന്റെ വീതത്തെപ്പറ്റി സംസാരിച്ച് തർക്കമുണ്ടായി. പിന്നീടുണ്ടായ സംഭവ വികാസത്തിലാണ് ജോബിയുടെ വലതുകൈത്തണ്ടയിൽ മാരകമായി പരിക്കേറ്റത്.

രാവിലെ 6.30ഓടെ വീടിന്റെ ഹാളിൽ രക്തത്തിൽ കുളിച്ച നിലയിലാണ് മൃതദേഹം കണ്ടത്. റെജി രാവിലെ 6:30ഓടെ വാർഡംഗം ശ്രീജമോളെ ഫോണിൽ വിളിച്ച് വീടിന്റെ ഹാള്ളിൽ ജോബി അലക്സാണ്ടർ രക്തം വാർന്നു കിടക്കുകയാണെന്ന വിവരം അറിയിച്ചു. വാർഡംഗം വിളിച്ച് അറിയിച്ചയുടനെ റാന്നി എസ്.ഐ. റെജി തോമസിന്റെ നേതൃത്വത്തിൽ പൊലീസ് സംഘം സ്ഥലത്തെത്തി. തുടർന്ന് പൊലീസ് ഇൻസ്‌പെക്ടർ ആർ. മനോജ്‌ കുമാറിന്റെ നേതൃത്വത്തിൽ വീട്ടിന്റെ ഉടമസ്ഥനും മരണപ്പെട്ട ജോബിയുടെ ബന്ധവുമായ റെജിയെ സ്റ്റേഷനിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു.

റെജിയുടെ അമ്മാവന്റെ മകനായ ജോബി, റാന്നി കരികുളത്ത് ഭാര്യ അൻസുവും രണ്ടു കുട്ടികളുമൊത്ത് താമസിച്ചു വരുന്നതായും 15ന് റെജിയുടെയും ജോബിയുടെയും ബന്ധുവായ റോണി എന്ന ആളുടെ ശവസംസ്കാര ചടങ്ങുകൾക്കായി പേങ്ങാട്ട് കടവിലുള്ള കാർമേൽ മാർത്തോമ പള്ളിയിൽ പോയതായും പൊലീസിനോട് പറഞ്ഞു. ചടങ്ങുകൾക്ക് ശേഷം ഇരുവരും റെജിയുടെ വീട്ടിൽ വച്ച് ഒന്നിച്ചു മദ്യപിച്ചതായും ഇതിനിടെ ജോബിയുമായി നിലവിലുള്ള വസ്തു വീതം വയ്പുമായി ബന്ധപ്പെട്ട വിഷയം സംസാരിച്ച് തർക്കത്തിൽ ഏർപ്പെടുകയും അടിപിടി ഉണ്ടാവുകയും ചെയ്തു.

റെജിയുടെ വലതു കവളിന് അടിയേറ്റു. പ്രകോപിതനായ ഇയാൾ സുഹൃത്ത് വിശാഖിനെ ഫോണിൽ വിളിച്ചു വരുത്തി. വൈകിട്ട് 5:30ന് പള്ളിക്കമുരുപ്പ് ജംങ്ഷനിലെത്തി, അവിടെ പർപ്പിടക നിർമാണ കടയിലെ ജീവനക്കാരനായ മലപ്പുറം സ്വദേശി ഷഹീറിന്റെ കൈയിൽ നിന്നും കടയിൽ ഉപയോഗിച്ചു കൊണ്ടിരുന്ന ഒരു കത്തി വാങ്ങി. റെജിയുടെ വീട്ടിൽ ആറു മണിയോടെ എത്തിയപ്പോൾ ജോബിയും റെജിയും തർക്കത്തിൽ ഏർപ്പെടുന്നതാണ് ഇയാൾ കണ്ടത്. ഇതിൽ ഇടപെട്ട വിശാഖ് ജോബിയുമായി പിടിവലി കൂടി. കൈയിൽ കരുതിയ കത്തി കൊണ്ട് വെട്ടുകയായിരുന്നു.

രണ്ടുതവണ വെട്ടി വലതു കൈത്തണ്ടയിൽ ഗുരുതരമായി പരിക്കേൽപ്പിച്ചതായി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. തുടർന്ന് ഇയാൾ സ്ഥലം വിടുകയായിരുന്നു. മുറിവേറ്റു അവശനായി നിലത്തുവീണ ജോബിക്ക് വൈദ്യസഹായം റെജി ലഭ്യമാക്കിയില്ല. രക്തംവാർന്ന് ജോബി മരണപ്പെടുകയായിരുന്നു എന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. വിശാഖ് കത്തി കഴുകി വൃത്തിയാക്കി തിരികെ പർപ്പിടക കടയിൽ ഏൽപ്പിച്ചു. പരിക്ക് പറ്റിയ ജോബിയെ റെജി ആശുപത്രിയിൽ കൊണ്ടു പോകുവാൻ കൂട്ടാക്കുകയോ അയൽവാസികളെ വിവരം അറിയിക്കുകയോ പൊലീസിൽ വിവരമറിയിക്കുകയോ ചെയ്തില്ല.

റെജിയും ജോബിയും തമ്മിൽ കുടുംബ വസ്തു വീതംവെച്ചതിനെ ചൊല്ലിയുള്ള സാമ്പത്തിക തർക്കങ്ങളും മറ്റും നിലവിലുണ്ടെന്നും ചോദ്യം ചെയ്യലിൽ പൊലീസിന് ബോധ്യപ്പെട്ടു. കൊലപാതകത്തിൽ ജോബിയുടെ പങ്കു സംബന്ധിച്ച് വ്യക്തത വന്നതോടെ ഇയാളെ രണ്ടാം പ്രതിയായി കേസിൽ ഉൾപ്പെടുത്തി. കൊല്ലപ്പെട്ട ജോബിക്ക് പ്രത്യേകിച്ച് ജോലിയൊന്നുമില്ലായിരുന്നു. ഭാര്യയും രണ്ടു മക്കളുമൊത്ത് കരികുളത്തു താമസിച്ചു വരികയായിരുന്നു. സ്ഥിരം മദ്യപാനിയും ഭാര്യയുമായി വഴക്കുണ്ടാക്കുന്ന ആളുമായിരുന്നു.

അറസ്റ്റിലായ വിശാഖ് അവിവാഹിതനും മാതാപിതാക്കൾക്കും രണ്ടു സഹോദരൻമാർക്കു മൊപ്പം പള്ളിക്കമുരുപ്പ്, കറണ്ടകത്തുംപാറയിൽ താമസിച്ചു വരികയുമാണ്. ഇയാൾക്ക് കൂലിപ്പണിയാണ്. ഇയാളുടെ പേരിൽ ആറന്മുള, റാന്നി, പെരുനാട് പൊലീസ് സ്റ്റേഷനുകളിൽ ക്രിമിനൽ കേസുകൾ നിലവിലുണ്ടെന്ന് അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. മനപൂർവമല്ലാത്ത നരഹത്യാശ്രമം, ദേഹോപദ്രവം ഏൽപ്പിക്കൽ, ആരോഗ്യ വകുപ്പ് ജീവനക്കാരുടെ ഔദ്യോഗിക കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നിവ ഉൾപ്പെടെ അഞ്ച് ക്രിമിനൽ കേസുകളാണുള്ളത്.

വീടിന്റെ ഉടമസ്ഥനായ റെജി വർഷങ്ങൾക്കു മുമ്പ് നടന്ന അപകടത്തിൽ വലതുകാൽ മുട്ടിന് താഴെ മുറിച്ചു മാറ്റപെട്ടതിനെ തുടർന്ന് വെപ്പുകാൽ ഘടിപ്പിച്ച നിലയിൽ കഴിയുന്നയാളാണ്. മാതാപിതാക്കൾ വർഷങ്ങൾക്കുമുമ്പ് മരണപ്പെട്ടതാണ്. തുടർന്ന് ഒറ്റക്ക് താമസിച്ചുവന്ന ഇയാൾ സ്ഥിരം മദ്യപാനിയും കലഹ സ്വാഭാവിയായി കാണപ്പെടുന്നയാളുമാണ്. നേരത്തെ കൃഷിപ്പണിയും ലോട്ടറി കച്ചവടവും ആയിരുന്നു. സ്ത്രീകൾക്ക് നേരെയുള്ള കൈയേറ്റത്തിനും ദേഹോപദ്രവം ഏൽപ്പിച്ചതിനും ഇയാൾക്കെതിരെ റാന്നി സ്റ്റേഷനിൽ ക്രിമിനൽ കേസ് നിലവിലുണ്ട്.

സംഭവസ്ഥലത്ത് ശാസ്ത്രീയ അന്വേഷണസംഘം, വിരലടയാള വിദഗ്‌ദ്ധർ, പൊലീസ് ഫോട്ടോഗ്രാഫർ തുടങ്ങിയവരെത്തി പരിശോധന നടത്തി ശാസ്ത്രീയ തെളിവുകൾ ശേഖരിച്ചു. ഇൻക്വസ്റ്റ് നടപടികൾക്കു ശേഷം കോന്നി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ച് പോസ്റ്റ്മോർട്ടം നടത്തി മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. മെഡിക്കൽ കോളജ് ഫോറൻസിക് വിഭാഗം മെഡിക്കൽ ഓഫിസറെ കണ്ട് പൊലീസ് സംഘം അഭിപ്രായം ശേഖരിച്ചു. പ്രതികളുടെ കുറ്റസമ്മതമൊഴി രേഖപ്പെടുത്തിയിരുന്നു. വിശാഖിന്റെ കുറ്റസമ്മതമൊഴി പ്രകാരം നടത്തിയ തെളിവെടുപ്പിൽ പപ്പടക്കടയിലെത്തി കത്തി കണ്ടെടുത്തു.

ജീവനക്കാരൻ ഷെഹീർ പ്രതിയെ തിരിച്ചറിഞ്ഞു. റാന്നി ഡിവൈ.എസ്.പി ആർ. ജയരാജിന്റെ മേൽനോട്ടത്തിലാണ് അന്വേഷണം നടക്കുന്നത്. പൊലീസ് ഇൻസ്‌പെക്ടർ ആർ. മനോജ്‌ കുമാറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ എസ്.ഐ റെജി തോമസ്, എ.എസ്.ഐമാരായ അജു കെ. അലി, സൂരജ് സി. മാത്യു, ബിജു മാത്യു, എസ്. സി.പി.ഒ സുമിൽ, സി.പി.ഒമാരായ ഗോകുൽ, അഞ്ചേലോ, സതീഷ് എന്നിവരാണ് ഉള്ളത്. കേസിൽ വിശദമായ അന്വേഷണം തുടരുകയാണെന്ന് ജില്ലാ പൊലീസ് മേധാവി അറിയിച്ചു.

Tags:    
News Summary - Youth hacked to death in Vadasserikkara: Two people, including a relative, remanded

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.