‘സി.പി.ഐ നട്ടെല്ല് വീണ്ടെടുത്താൽ അവർക്ക് കൊള്ളാം!’; ആർ.എസ്.പി യു.ഡി.എഫിൽ വന്ന ചരിത്രം ഓർമപ്പെടുത്തി യൂത്ത് കോൺഗ്രസ്

കോഴിക്കോട്: പി.എം ശ്രീ വിവാദത്തിൽ സമകാലിക ചരിത്രം ഓർമപ്പെടുത്തി യൂത്ത് കോൺഗ്രസ്. സി.പി.ഐ നട്ടെല്ല് വീണ്ടെടുത്താൽ അവർക്ക് കൊള്ളാമെന്ന് യൂത്ത് കോൺഗ്രസ് ഔദ്യോഗിക ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

2014ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ എൻ.കെ. പ്രേമചന്ദ്രന് സീറ്റ് നൽകില്ലെന്ന ഏകപക്ഷീയ തീരുമാനത്തെ കുറിച്ച് ചോദിച്ച ആർ.എസ്.പി നേതാക്കളോട് പ്രേമചന്ദ്രന് പാർലിമെന്റിലേക്കല്ല, വേണമെങ്കിൽ ഐക്യരാഷ്ട്രസഭയിൽ സീറ്റുകൊടുക്കാമെന്ന് പറഞ്ഞ് സി.പി.എം പരിഹസിച്ചു. ആത്മാഭിമാനം പണയം വെക്കാതെ എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിലെത്തിയ ആർ.എസ്.പി കൊല്ലം സീറ്റിൽ വിജയിച്ചു.

മൂന്നു തവണ പാർലമെന്‍റിലേക്ക് ജയിച്ച പ്രേമചന്ദ്രൻ രണ്ട് തവണ ഐക്യരാഷ്ട്രസഭയിൽ ഗംഭീര പ്രസംഗവും നടത്തി. ഇന്ന് സി.പി.ഐ എന്ന പാർട്ടിക്ക് ഇല്ലാത്ത ആർജവം ആർ.എസ്.പി എന്ന ചെറിയ പാർട്ടിക്ക് ഉണ്ടായിരുന്നു. കേരളം കണ്ട ഏറ്റവും നല്ല ഭരണങ്ങളിൽ ഒന്ന് നടന്നത്, കോൺഗ്രസ്, സി.പി.ഐ, മുസ് ലിം ലീഗ്, ആർ.എസ്.പി പാർട്ടികൾ ചേർന്നുള്ള 1970 മുതൽ 1979 വരെ ഭരിച്ച ഐക്യമുന്നണി മന്ത്രിസഭകളാണെന്നും യൂത്ത് കോൺഗ്രസ് എഫ്.ബി പോസ്റ്റിൽ ചൂണ്ടിക്കാട്ടി.

യൂത്ത് കോൺഗ്രസിന്‍റെ ഫേസ്ബുക്ക് പോസ്റ്റ്

ഇന്ന് CPM പിഎം-ശ്രീ വിഷയത്തിൽ CPIയെ അപമാനിച്ച് നാണംകെടുത്തിയ സംഭവം കാണുമ്പോൾ ഒരു സമകാലിക ചരിത്രം ഓർമ്മ പെടുത്താം

2014ലെ പാർലിമെന്റ് തെരഞ്ഞെടുപ്പ്..

മുൻപ് തങ്ങളുടെ കയ്യിൽനിന്ന് CPM പിടിച്ചുവാങ്ങിയ കൊല്ലം പാർലിമെന്റ് സീറ്റ് തിരികെ വേണമെന്ന് CPMനോട്‌ RSP ആവശ്യപ്പെടുന്നു

LDF മീറ്റിങ്ങ് കൂടും മുൻപ് കൊല്ലം പാർലിമെന്റ് സീറ്റിലേക്ക് CPM അവരുടെ സ്ഥാനാർഥിയായി MA ബേബിയെ പ്രഖ്യാപിച്ചുകൊണ്ട് RSPയെ അവഹേളിച്ചു

NK പ്രേമചന്ദ്രന് സീറ്റ് നൽകാതെ എന്തുകൊണ്ട് ഇങ്ങനെ ഏകപക്ഷീയമായി ചെയ്തു എന്ന് CPMനോട്‌ ചോദിച്ച RSPയുടെ നേതാക്കളോട് പ്രേമചന്ദ്രന് പാർലിമെന്റിലേക്കല്ല, വേണമെങ്കിൽ ഐക്യരാഷ്ട്രസഭയിൽ സീറ്റുകൊടുക്കാം എന്ന് പറഞ്ഞ് CPM കളിയാക്കി

RSPയുടെ ആത്മാഭിമാനം പണയം വെച്ച് ഒരുനിമിഷം ഇനി LDFൽ തുടരില്ലെന്ന് പ്രഖ്യാപിച്ച് RSP അന്നുതന്നെ LDF മുന്നണി വിട്ടു, അടുത്ത ദിവസം UDFൽ ചേർന്നു

ആ തെരഞ്ഞെടുപ്പിൽ UDF സ്ഥാനാർഥിയായ NK പ്രേമചന്ദ്രൻ MA ബേബിയെ തോൽപ്പിച്ച് പാർലമെന്റിൽ എത്തി. തുടർച്ചയായി 2014, 2019, 2024 തെരഞ്ഞെടുപ്പുകളിൽ NK പ്രേമചന്ദ്രന്റെ വലിയ വിജയങ്ങൾ

ഏറ്റവും രസകരം എന്നുപറയട്ടെ - അന്ന് പ്രേമചന്ദ്രന് പാർലിമെന്റിലേക്കല്ല, വേണമെങ്കിൽ ഐക്യരാഷ്ട്രസഭയിൽ സീറ്റുകൊടുക്കാം എന്ന് കളിയാക്കി വിട്ട CPMന് മുന്നിൽ 2 തവണ NK പ്രേമചന്ദ്രൻ ഐക്യരാഷ്ട്രസഭയിൽ പോയി, ഗംഭീരമായി പ്രസംഗിച്ചു

ഇന്ന് CPI എന്ന പാർട്ടിക്ക് ഇല്ലാത്ത ആർജ്ജവം RSP എന്ന ചെറിയ പാർട്ടിക്ക് ഉണ്ടായിരുന്നു

കേരളം കണ്ട ഏറ്റവും നല്ല ഭരണങ്ങളിൽ ഒന്ന് നടന്നത്, കോൺഗ്രസ്, CPI, ലീഗ്, RSP മുന്നണികൾ ചേർന്ന് 1970 മുതൽ 1979 വരെ ഭരിച്ച ഐക്യമുന്നണി മന്ത്രിസഭകളാണ്

CPI നട്ടെല്ല് വീണ്ടെടുത്താൽ അവർക്ക് കൊള്ളാം!

അതേസമയം, ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്ക് വരാൻ സി.പി.ഐ തയാറായാൽ എന്തു വിട്ടുവീഴ്ച ചെയ്തും ഒപ്പം നിർത്തണമെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. ഒ.ജെ. ജനീഷ് ഇന്നലെ ആവശ്യപ്പെട്ടിരുന്നു. പഴയ മുന്നണിയിലേക്ക് സി.പി.ഐക്ക് മടങ്ങിവരാമെന്നും ജനീഷ് പറഞ്ഞു.

പി.എം ശ്രീയിൽ ഒപ്പുവെച്ച സംസ്ഥാന സർക്കാർ കേരളത്തെ കാവിവത്കരണത്തിലേക്ക് കൈപിടിച്ചുയർത്തുകയാണ്. നാഷനൽ എജുക്കേഷൻ പോളിസി എന്നല്ല നാഗ്പുർ എജുക്കേഷൻ പോളിസി എന്നാണ് പറ​യേണ്ടത്. ഇതുവരെയും കാവിവത്കരണത്തിന്റെ ഭാഗമാണ് ദേശീയ വിദ്യാഭ്യാസനയം എന്നാണ് സി.പി.എമ്മും സര്‍ക്കാറും പറഞ്ഞിരുന്നത്. സി.പി.എം തീരുമാനം മാറ്റിയത് എന്തിന്റെ അടിസ്ഥാനത്തിലാണെന്ന് വ്യക്തമാക്കണമെന്നും ജനീഷ് ആവശ്യപ്പെട്ടു.

തങ്ങളുടെ വിയോജിപ്പ് മറികടന്ന് പി.എം ശ്രീ പദ്ധതിയില്‍ സര്‍ക്കാര്‍ ഒപ്പുവെച്ച സാഹചര്യത്തില്‍ മന്ത്രിസഭയില്‍ തുടരണോ എന്ന് സി.പി.ഐ തീരുമാനിക്കണം. സി.പി.ഐ യുവജനസംഘടനയായ എ.ഐ.വൈ.എഫ് സര്‍ക്കാര്‍ തീരുമാനത്തില്‍ പ്രതിഷേധിക്കാന്‍ തയാറാണെങ്കില്‍ സംയുക്ത സമരത്തിന് പൊതു ഇടമൊരുക്കാന്‍ തയാറാണെന്നും ഒ.ജെ. ജനീഷ് വ്യക്തമാക്കി. 

Tags:    
News Summary - Youth Congress recalls the history of RSP joining UDF

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.