അരിത ബാബു, മേഘാ രഞ്ജിത്ത്

‘എട്ട് ലക്ഷം എനിക്ക് കൈമാറാതെ എന്റെ പേരിൽ ആരാണ് കൈപ്പറ്റിയത്?’ -അരിത ബാബുവിനോട് മേഘാ രഞ്ജിത്ത്; യൂത്ത് കോൺഗ്രസിൽ ഫണ്ട്പിരിവ് വിവാദം

ആലപ്പുഴ: യൂത്ത് കോൺഗ്രസിനെ കുഴക്കി ഫേസ്ബുക്കിൽ ഫണ്ട് വിവാദം. ആലപ്പുഴ കലക്ടറേറ്റ് മാർച്ചിനിടെ പൊലീസ് ലാത്തിചാർജിൽ സാരമായി പരിക്കേറ്റ ജില്ലാ ജനറൽ സെക്രട്ടറി മേഘാ രഞ്ജിത്തിന് പാർട്ടി എട്ടു ലക്ഷം രൂപ നൽകിയെന്ന സംസ്ഥാന വൈസ് പ്രസിഡന്റ് അരിതാ ബാബുവിന്റെ ഫേസ്ബുക് പോസ്റ്റും അതിന് താഴെ മേഘ എഴുതിയ കുറിപ്പുമാണ് വിവാദമായത്.

യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ വീടുകയറി അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് 2024 ജനുവരി 15ന് ആലപ്പുഴ ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി നടത്തിയ കലക്ടറേറ്റ് മാർച്ചിനിടെയായിരുന്നു പൊലീസ് അതിക്രമം. സംഘർഷത്തിൽ പരിക്കേറ്റ മേഘയുടെ അശുപത്രി ചെലവിനു പുറമെ ഏകദേശം എട്ട് ലക്ഷം രൂപ വിവിധ ഘട്ടങ്ങളിലായി മേഘക്ക് കൈമാറി എന്നായിരുന്നു പോസ്റ്റിൽ അരിതാ ബാബു അവകാശപ്പെട്ടത്. എന്നാൽ ഈ തുക തനിക്ക് കിട്ടിയിട്ടില്ലെന്നും ഇത്രയും വലിയ തുക ഇടയ്ക്കു നിന്ന് ആരാണ് കൈപ്പറ്റിയതെന്നു കൂടി പരസ്യമായി പറയണമെന്നും മേഘ കമന്റിട്ടു. ഇതോടെയാണ് വിവാദമായത്.

‘ഈ പറഞ്ഞ തുക എനിക്ക് കൈ മാറാതെ ഇടയ്ക്കു നിന്ന് ആരാണ് കൈപ്പറ്റിയത് അത് കൂടി പരസ്യമായി പറയണം. ഞാനും കൂടി അറിയണമല്ലോ എന്റെ പേരിൽ ആരാണ് വലിയൊരു തുക കൈപ്പറ്റിയത് എന്ന്’ -എന്നായിരുന്നു മേഘയുടെ കമന്റ്. ഇതിന് താ​ഴെ വിവിധ ഘട്ടങ്ങളിലായി പണം കൈമാറിയതിന്റെ കണക്ക് പ്രവർത്തകർ ചൂണ്ടിക്കാട്ടി.

അതിൽ ഒരു കമന്റ് ഇങ്ങനെ:

‘മേഘക്ക് ക്യാഷ് ആയി കിട്ടിയ 7 ലക്ഷത്തിനു മുകളിലുള്ള തുകക്കും ഹോസ്പിറ്റലിൽ ചിലവായ 2 ലക്ഷത്തിനു മുകളിലുള്ള തുകക്കും കണക്ക് ഉണ്ട്, ആ കണക്ക് ഇവിടെ ഇടാം .. പിന്നെ ഒരു കാര്യം മേഘക്ക് കിട്ടിയ സഹായങ്ങൾ എല്ലാം നേരിട്ട് മേഘക്ക് തന്നെയാണ് ലഭിച്ചത്.

1. KC. 25000

2. SREENIVAS JI. 20000

3. RAHUL 10000

4. RIYAS MUKKOLI. 100000

5. PENSIONERS TVM. 120000

6. OICC 60000

7. INCAS SHARJA. 100000

8. MANDALAM

COMMITTEE

KOZHIKKOD. 50000

9. MANDALAM

COMMITTEE - TVM. 10000

10. U K. 150000

11.ARITHA BABU (27-01-2024). 25000

12. SARATH . 6000

13. incas ഖത്തർ.

(13-04-2024). 35000

Total 711000.’

ഇതിനുപിന്നാലെ, പാർട്ടി എന്നെ സഹായിച്ചിട്ടില്ലെന്നു എവിടെയും ഞാൻ പറഞ്ഞിട്ടില്ല എന്ന് വ്യക്തമാക്കി മേഘയും രംഗത്തെത്തി. എമൗണ്ടിൽ വന്ന ക്ലാരിറ്റി കുറവാണ് കമന്റിടാൻ കാരണമെന്നും മേഘ ചൂണ്ടിക്കാട്ടി. ‘ആദ്യം തന്നെ പറയട്ടെ എനിക്ക് വേണ്ടിട്ട് ഒരു ഓപ്പൺ funding youth കോൺഗ്രസൊ കോൺഗ്രസ് പാർട്ടിയോ നടത്തിയിട്ടില്ല. അതുപോലെ തന്നെ പാർട്ടി എന്നെ സഹായിച്ചിട്ടില്ലെന്നു എവിടെയും ഞാൻ പറഞ്ഞിട്ടില്ല. ഇവിടെ ഇങ്ങനെ ഒരു കമൻ്റ് ഇടാൻ കാരണം എമൗണ്ടിൽ വന്ന ക്ലാരിറ്റി കുറവാണ്. പിന്നെ ഇങ്ങനെ പോസ്റ്റ് ഇടുന്ന ടൈമിൽ ഒരു amount റൗണ്ട് ഫിഗർ പോലും ആക്കിയാൽ അത് ഞാൻ കൈപ്പറ്റി എന്നേ വരു. അതിനുള്ള എതിർപ്പ് ആണ് ഞാൻ വ്യക്തമാക്കിയത്. അതിന്റെ പേരിൽ ഒരു യൂത്ത് കോൺഗ്രസുകാരും ആക്രമിക്കപ്പെടുന്നത് ശരിയല്ല’ -മേഘ കമന്റിൽ വ്യക്തമാക്കി.

അരിത ബാബുവിന്റെ ഫേസ്ബുക് കുറിപ്പ്:

രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച നാൾ മുതൽ ഓരോ സമരങ്ങളിലും പങ്കാളിയാകുമ്പോൾ, പ്രതിഷേധം അതിരുവിടുമ്പോൾ, അത് ടിവിയിലും മറ്റു മാധ്യമങ്ങളിലൂടെയും കാണുന്ന പൊതുജനം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്: "ഇങ്ങനെ നിങ്ങൾ തെരുവിൽ ആക്രമിക്കപ്പെട്ടാൽ നിങ്ങളെ ആര് സംരക്ഷിക്കും?" ആ ചോദ്യത്തിന് സസന്തോഷം മറുപടി നൽകിയ ദിവസങ്ങളിലൊന്നിന്റെ വാർഷികമാണിന്നെന്ന കാര്യം രാവിലെ തന്നെ ഫേസ്‌ബുക്ക് ഓർമ്മിപ്പിച്ചു.

പരിചിതരിലൂടെ, ഒരിക്കലും പരിചിതരാവാൻ സാധ്യതയില്ലാതിരുന്നവരെ പോലും പരിചിതരാക്കിയ എന്റെ പ്രസ്ഥാനം - ഇന്ത്യൻ നാഷണൽ കോൺഗ്രസ് 💪

അഭിമാനമാണ്, അതിലേറെ ആവേശമാണ് എൻ്റെ പ്രസ്ഥാനം 💪

ഇന്ത്യൻ യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെ വീടുകയറി അറസ്റ്റുചെയ്തതിൽ പ്രതിഷേധിച്ച് 2024 ജനുവരി മാസം പതിനഞ്ചാം തീയതി ആലപ്പുഴ ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റി ഒരു കളക്ടറേറ്റ് മാർച്ച് സംഘടിപ്പിച്ചു. പ്രസ്തുത മാർച്ച് മുൻ MP ശ്രീ. രമ്യ ഹരിദാസ് ഉദ്ഘാടനം ചെയ്തു. തുടർന്ന് മുൻകൂട്ടി പദ്ധതിയിട്ട പ്രകാരം പോലീസ് അക്രമം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിൽ ജില്ലാ പ്രസിഡന്റ് എം പി പ്രവീൺ ഏറ്റുവാങ്ങിയ മർദ്ദനം കേരളത്തിന്റെ സമര ചരിത്രത്തിൽ ഒരു നേതാവും ഏറ്റുവാങ്ങാത്തത്ര ക്രൂരമായിരുന്നു. ബാരിക്കേഡിനകത്തേക്ക് കൃത്യമായ പ്ലാനിങ്ങോടെ പോലീസ് പ്രവീണിനെ വലിച്ചെടുത്ത ശേഷം മറ്റു പ്രവർത്തകരെ പുറത്ത് തടയുകയും ഒറ്റയ്ക്ക് അകത്തായി പോയ പ്രവീണിനെ അതിക്രൂരമായി മർദ്ദിക്കുകയുമായിരുന്നു. ഇത് കണ്ടുനിന്ന ഞാനടക്കമുള്ള വനിതാ പ്രവർത്തകർ ബാരിക്കേഡിനുള്ളിലേക്ക് പ്രവേശിക്കുകയും പ്രവീണിനെ മർദ്ദിക്കുന്നത് അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഈ ഘട്ടത്തിൽ യൂത്ത് കോൺഗ്രസ് വനിതാ നേതാക്കളായ മീനു സജീവിനെയും മുത്താരാരാജിനെയും മറ്റൊരിടത്ത് മർദ്ദിക്കുന്നത് ശ്രദ്ധയിൽപ്പെട്ട് അത് തടയാൻ ചെന്ന ഞാനടക്കമുള്ള നിരവധി വനിതാ പ്രവർത്തകർക്ക് മർദ്ദനമേറ്റു.

 

ഈ സമയം ബാരിക്കേഡുകൾ ഭേദിച്ച് യൂത്ത് കോൺഗ്രസ് സഹപ്രവർത്തകർ ഞങ്ങളെ സംരക്ഷിക്കുന്നതിനായി അകത്തേക്ക് കടന്നു വന്നു. പിന്നീട് അവിടെ കണ്ടത് ഭ്രാന്ത് പിടിച്ച പോലീസ് അക്രമം അഴിച്ചുവിടുന്ന കാഴ്ചയാണ്. നിരവധി തവണ ജലപീരങ്കി പ്രയോഗിക്കുകയും ജലപീരങ്കി പ്രയോഗം അവസാനിപ്പിച്ച ശേഷം ലാത്തിയും പോലീസിന്റെ കയ്യിൽ കിട്ടിയ മറ്റെല്ലാം ഉപയോഗിച്ച് പ്രവർത്തകരെ ക്രൂരമായി മർദ്ദിക്കുന്നതുമാണ് പിന്നീട് അവിടെ കണ്ടത്. ബാരിക്കേഡിനുള്ളിൽ നിന്നും യൂത്ത് കോൺഗ്രസ് പ്രവർത്തകൻ ഗംഗാശങ്കറിനെ ലാത്തി വീശി പുറത്തേക്ക് നീക്കി മർദ്ദിക്കുവാൻ ശ്രമിക്കുന്നതിനിടയിൽ റോഡിന്റെ വശത്തേക്ക് മാറി നിന്നിരുന്ന യൂത്ത്കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി മേഘ രാജിന്റെ തലയ്ക്ക് പിന്നിൽ മർദ്ദനമേക്കുകയും ചെയ്തു.

തുടർന്ന് പരിക്കു പറ്റിയ എന്നെയടക്കം ആശുപത്രിയിലേക്ക് കൊണ്ടുപോകാതെ അറസ്റ്റ് ചെയ്ത് പോലീസ് വാഹനത്തിലേക്ക് കയറ്റുകയാണ് ചെയ്തത്. കോൺഗ്രസ് നേതാക്കൾ സ്ഥലത്തെത്തി അത് ചോദ്യം ചെയ്തപ്പോൾ പരിക്കു പറ്റിയ മുഴുവൻ സഹപ്രവർത്തകരെയും ആലപ്പുഴ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും അവിടെ നിന്ന് വണ്ടാനം മെഡിക്കൽ കോളേജിൽ എത്തിക്കുകയും ചെയ്തു.

ഇതുവരെ പറഞ്ഞത് എല്ലാ സമരങ്ങളിലും സംഭവിക്കുന്ന സർവ്വസാധാരണമായ കാര്യങ്ങളാണ്. എന്നാൽ പ്രസ്ഥാനത്തിന്റെ കരുതലും വാത്സല്യവും ചേർത്തു പിടിക്കലും എന്താണെന്ന് തിരിച്ചറിഞ്ഞത് ആ നിമിഷത്തിലായിരുന്നു.

വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച ഞങ്ങളെ ആ നിമിഷം മുതൽ ജില്ലാ കോൺഗ്രസ് കമ്മിറ്റിയുടെ അധ്യക്ഷൻ ബഹുമാന്യനായ മുൻ MLA ബാബു പ്രസാദ് അവർകൾ ഒരു പിതാവിന്റെ വാത്സല്യത്തോടെ, കരുതലോടെ ഞങ്ങളോടൊപ്പമുണ്ടായിരുന്നു. അടിയന്തരമായി ലഭിക്കേണ്ട എല്ലാ ചികിത്സകളും ചുരുങ്ങിയ സമയം കൊണ്ട് സമരത്തിൽ പരിക്കേറ്റ മുഴുവൻ ആളുകൾക്കും ഒരേ പ്രാധാന്യത്തോടെ ലഭ്യമാക്കാൻ കോൺഗ്രസ് - യൂത്ത് കോൺഗ്രസ് നേതൃത്വങ്ങൾ പ്രത്യേകം ശ്രദ്ധിച്ചു.

കൂട്ടത്തിൽ ഏറ്റവും ഗൗരവമായ പരിക്കുകൾ പറ്റിയ പ്രവീണിനെയും മേഘയെയും കൂടുതൽ പരിചരണം നൽകി പ്രസ്ഥാനം ഒപ്പം നിന്നു.

ബഹുമാന്യരായ കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല, കെ. സുധാകരൻ, വി.ഡി സതീശൻ, ഷാഫി പറമ്പിൽ തുടങ്ങി പ്രസ്ഥാനത്തിന്റെ സംസ്ഥാന - ജില്ലാ നേതൃനിരകളിലുള്ള നേതാക്കന്മാരും ഈ ചുരുങ്ങിയ സമയത്തിൽ പരിക്കുപറ്റിയ മുഴുവൻ പേരെയും ഫോണിലും നേരിട്ടും ഇതിനോടകം ബന്ധപ്പെടുകയും ചെയ്തു കഴിഞ്ഞിരുന്നു.

രാത്രി ഏറെ വൈകി മേഘാരാജിന് ഛർദ്ദി തുടങ്ങിയത് ഞങ്ങളെ ആശങ്കപ്പെടുത്തി. അവിടെയും ജില്ലാ കോൺഗ്രസ് കമ്മിറ്റി ഒട്ടും ആശങ്കപ്പെട്ടില്ല. അടിയന്തരമായി വാഹന സൗകര്യം ഒരുക്കി ബിലീവേഴ്സ് ഹോസ്പിറ്റലിൽ എത്തിച്ചു. ബിലീവേഴ്സിലേക്കാണ് കൊണ്ടുപോകുന്നതെന്നറിഞ്ഞു ഞാനും സഹപ്രവർത്തകരും പത്തനംതിട്ട ജില്ലയിലെ നേരിട്ട് വിളിക്കാൻ കഴിഞ്ഞ മുഴുവൻ പ്രവർത്തകരെയും ഫോണിൽ വിളിച്ചു അവർ അങ്ങോട്ട് എത്തുന്ന വിവരം അറിയിക്കുക മാത്രമാണ് ചെയ്തത്. എന്നാൽ നിമിഷങ്ങൾക്കുള്ളിൽ ഹോസ്പിറ്റലിൽ പ്രിയ സഹപ്രവർത്തകരുടെ ഒരു വലിയ നിരയാണ് കാണുവാൻ കഴിഞ്ഞത്. പ്രിയ നേതാവ് രമേശ് ചെന്നിത്തല രാത്രി ഏറെ വൈകിയിട്ടും ഹോസ്പിറ്റൽ അധികൃതരുമായി ഫോണിൽ സംസാരിച്ച് അടിയന്തര ചികിത്സ നൽകണമെന്ന് അറിയിക്കുകയും ചെയ്തു.

അവിടെയെത്തി പ്രാഥമിക പരിശോധനകൾ നടത്തി പുലർച്ചയോടെ മേഘാരാജിനെ വീട്ടിലേക്ക് മടക്കിയയക്കുകയും ചെയ്തു.

ഈ സമയം ഞങ്ങൾക്കൊപ്പം വണ്ടാനം മെഡിക്കൽ കോളേജിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ജില്ലാ പ്രസിഡണ്ടിനും ശാരീരിക ബുദ്ധിമുട്ട് വർദ്ധിക്കുകയും തലക്കേറ്റ പരിക്ക് സ്കാനിങ്ങിലൂടെ പരിശോധന നടത്തിയപ്പോൾ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റണമെന്ന ഡോക്ടർമാരുടെ നിർദ്ദേശപ്രകാരം എംപി പ്രവീണിനെ ബിലീവേഴ്സ് ഹോസ്പിറ്റലിലേക്ക് അടിയന്തരമായി മാറ്റുകയും അവിടെയെത്തി ICU ലേക്ക് പ്രവേശിപ്പിക്കുകയും ചെയ്തു.

പിറ്റേദിവസം അതി രാവിലെ തന്നെ നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം യൂത്ത് കോൺഗ്രസ് സഹപ്രവർത്തകർ മേഘാരാജിനെ വീട്ടിലെത്തി സന്ദർശിക്കുകയും ആരോഗ്യപരമായി വലിയ ബുദ്ധിമുട്ട് അവർ നേരിടുന്നുണ്ട് എന്ന് നേതൃത്വത്തെ അറിയിക്കുകയും ചെയ്തതിന്റെ അടിസ്ഥാനത്തിൽ രാവിലെ 9 മണിയോടുകൂടി തന്നെ വീണ്ടും ബിലീവേഴ്സ് ഹോസ്പിറ്റലിലേക്ക് എത്തിക്കുകയും ചെയ്തു.

ഈ വിവരമറിഞ്ഞ് അവിടെയെത്തിയ രമേശ് ചെന്നിത്തല കുടുംബാംഗങ്ങളെ സമാധാനിപ്പിക്കുകയും ആശുപത്രി ചിലവ് താൻ പൂർണമായും വഹിക്കുമെന്ന് അവർക്ക് ഉറപ്പു കൊടുക്കുകയും ചെയ്തു. ഇതേ സമയം ശ്രീ കെ സി വേണുഗോപാൽ എംപി ഫോണിൽ വിളിച്ച് ചികിത്സയുടെ ചെലവ് എങ്ങനെയെന്ന് അന്വേഷിച്ചു. രമേശ് ചെന്നിത്തല സാറാണ് അത് ഏറ്റെടുത്തിരിക്കുന്നതെന്ന് അറിയിച്ചപ്പോൾ മറ്റെന്താണ് അടിയന്തരമായി ആവശ്യം എന്നാണ് അദ്ദേഹം ചോദിച്ചത്. ഒരു ബിസിനസ് സംരംഭം നടത്തുന്ന മേഘ രാജിന് അപ്പോൾ അടിയന്തരമായി ആവശ്യമുണ്ടായിരുന്നത് ആ മാസത്തെ വാടകയും ലോൺ EMI യും അടയ്ക്കുക എന്നതാണെന്ന് മനസ്സിലാക്കി അപ്പോൾ തന്നെ അതിനാവശ്യമായ തുക മേഘയുടെ അക്കൗണ്ടിലേക്ക് അയച്ചു കൊടുക്കുകയും ചെയ്തു. ദിവസങ്ങളോളം ചികിത്സാ ആവശ്യത്തിനായി ഹോസ്പിറ്റലിൽ കഴിഞ്ഞ മേഘാരാജിനും എംപി പ്രവീണിനും ഈ പ്രസ്ഥാനം നൽകിയ കരുതൽ അവിടെ നിന്നുമാണ് കാണാൻ തുടങ്ങിയത്.

കേവലം ആശുപത്രി ബില്ല് നൽകുക മാത്രമല്ല ചെയ്തത്, ഒരു നേരം പോലും ഭക്ഷണം വീടുകളിൽ നിന്നും കൊണ്ടുവരേണ്ട സാഹചര്യം അവർക്ക് രണ്ടുപേർക്കും ഉണ്ടായിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതിനു കാരണം പത്തനംതിട്ട ജില്ലയിലെ യൂത്ത് കോൺഗ്രസ്, കോൺഗ്രസ് കുടുംബങ്ങളിൽ നിന്നും തന്റെ കുടുംബാംഗം ആശുപത്രിയിൽ കിടക്കുമ്പോൾ എന്തൊക്കെയാണോ അവിടെ എത്തിക്കേണ്ടത് അതെല്ലാം ഒരുക്കി പരിചരണത്തിനായി കൂട്ടിരിപ്പുകാരായി കുടുംബക്കാരായി അവർ ഓരോരുത്തരും കൂടെയുണ്ടായിരുന്നു എന്നതാണ്.

രമേശ് ചെന്നിത്തല ആശുപത്രിയിൽ സ്ഥിരം സന്ദർശകനായിരുന്നു. ബഹുമാന്യരായ ശ്രീ എ കെ ആന്റണി, വയലാർ രവി, കെ സി വേണുഗോപാൽ, കൊടിക്കുന്നിൽ സുരേഷ് എം പി, കെ സുധാകരൻ ,വി ഡി സതീശൻ, ഷാഫി പറമ്പിൽ , പിസി വിഷ്ണുനാഥ്, ഹൈബി ഈഡൻ,V T ബൽറാം, ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ തുടങ്ങി ഇനിയും ഒരുപാട് പേരുകൾ പരാമർശിക്കുവാൻ ഉണ്ട്. ആലങ്കാരികമായി പറഞ്ഞാൽ കേരളത്തിലെ കോൺഗ്രസ് നിര തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിലേക്ക് ഓരോ ദിനവും ഒഴുകിയെത്തുക തന്നെയാണ് ചെയ്തത്.

കൂടാതെ അഖിലേന്ത്യാ പ്രസിഡൻറ് ശ്രീ PB ശ്രീനിവാസ് ജി, അഖിലേന്ത്യാ ജനറൽ സെക്രട്ടറി പുഷ്പലത ജീ അടക്കമുള്ള ദേശീയ നേതൃത്വം നേരിട്ടെത്തിയും സാമ്പത്തിക സഹായം നൽകിയും കൂടെത്തന്നെ ഉണ്ടായിരുന്നു.

രാഹുൽ മാങ്കൂട്ടം ജയിൽ മോചിതനായി ആദ്യം എത്തിയതും ഇവിടേക്ക് തന്നെ. പിന്നീട് മുഴുവൻ ചുമതലയും ഏറ്റെടുക്കുകയാണ് പ്രിയ പ്രസിഡന്റ് ചെയ്തത്.

എംപി പ്രവീണിന്റെ തലക്കേറ്റ പരിക്കിന്റെ ആഘാതം കുറഞ്ഞപ്പോൾ ICU ൽ നിന്നും പുറത്തേക്ക് മാറ്റുകയും കുറച്ചു ദിവസത്തെ നിരീക്ഷണത്തിന് ശേഷം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. പിന്നീട് കുറച്ചു ദിവസം കൂടി മേഘാരാജ് ബിലീവേഴ്സ് ഹോസ്പിറ്റലിൽ ചികിത്സയിൽ ഉണ്ടായിരുന്നു ഈ കാലയളവിലും സഹപ്രവർത്തകരുടെ കരുതലും ചേർത്തു പിടിക്കലും തുടരുക തന്നെ ചെയ്തു.

നേതാക്കൾ എല്ലാവരും നിരന്തരം ഫോണിലൂടെയും നേരിട്ടും എത്തി ആരോഗ്യനില അറിയുന്നുണ്ടായിരുന്നു. ഇതൊക്കെ പ്രസ്ഥാനം ചെയ്യുമ്പോഴും മേഘാരാജ് മാനസികമായി വളരെ വലിയ പ്രയാസത്തിൽ ആയിരുന്നു. തന്റെ രോഗാവസ്ഥയിൽ നിന്നും പരിപൂർണ്ണമായി മുക്തയാകുവാൻ കാലതാമസം വേണ്ടിവരുമെന്ന ഡോക്ടർമാരുടെ നിർദ്ദേശം മേഘയെ വല്ലാതെ തളർത്തി. തുടർന്ന് മറ്റൊരിടത്തേക്ക് ചികിത്സ മാറ്റണമെന്ന് മേഘാരാജ് ആവശ്യപ്പെട്ട പ്രകാരം മറുത്തൊന്നും പറയാതെ രാഹുൽ മാങ്കൂട്ടത്തിലും അബിൻ വർക്കിയും ചേർന്ന് പ്രതിപക്ഷ നേതാവിനെയും കെസി വേണുഗോപാൽ എംപിയെയും വിവരം അറിയിച്ചു. അവരുടെ നിർദ്ദേശപ്രകാരം തിരുവനന്തപുരത്തെ അനന്തപുരി ആശുപത്രിയിലേക്ക് മാറ്റുന്നതിനുള്ള അടിയന്തര നടപടികൾ കൈക്കൊണ്ടു.

തിരുവല്ല ബിലിവേഴ്സ് ഹോസ്പിറ്റലിൽ നൽകുവാൻ കഴിയുന്ന എല്ലാ ചികിത്സയും ഹോസ്പിറ്റലിലെ ഡോക്ടർമാരും മറ്റു സ്റ്റാഫുകളും മാനേജ്മെന്റും ഒരുക്കി നൽകിയിരുന്നു. അവർക്ക് പ്രത്യേകം നന്ദി ഈ അവസരത്തിൽ പറയുന്നു. 🙏

തുടർന്ന് അനന്തപുരിയിലേക്ക് യാത്ര തിരിക്കുമ്പോൾ നേതൃത്വത്തിന്റെ ഇടപെടലിനു പുറമേ തിരുവനന്തപുരം ജില്ലയിലെ യൂത്ത് കോൺഗ്രസ് നേതാക്കന്മാരെയും ഫോണിൽ നമ്പർ ഉണ്ടായിരുന്ന മുഴുവൻ സഹപ്രവർത്തകരെയും ഞാൻ നേരിട്ട് വിളിച്ച് മേഘാരാജിനെ അനന്തപുരി ആശുപത്രിയിലേക്ക് മാറ്റുകയാണെന്നും അവിടെ നിങ്ങളുടെ സഹായം ആവശ്യമാണെന്നും മാത്രം അറിയിച്ചു.

അവിടെയും ചരിത്രം രചിക്കപ്പെടുക തന്നെയാണ് ചെയ്തത്. ആശുപത്രിയിൽ എത്തിയത് മുതൽ തിരികെ വരുന്നത് വരെ ഞങ്ങൾ കണ്ടത് തിരുവല്ലയിൽ എങ്ങനെയായിരുന്നുവോ അതുപോലെതന്നെ ഒരു കുടുംബമായി കണ്ടു കുടുംബാംഗത്തിന് വേണ്ട സഹായസഹകരണങ്ങൾ ഒരുക്കിയ പ്രിയ സഹപ്രവർത്തകരെയാണ്.

മേഘാ രാജിന് ചികിത്സ നൽകുന്നതിനൊപ്പം അവർ സാമ്പത്തികമായി കൂടി സഹായിക്കണമെന്ന് യൂത്ത് കോൺഗ്രസിന്റെ സംസ്ഥാന കമ്മിറ്റി അധ്യക്ഷൻ രാഹുൽ മാങ്കൂട്ടവും അബിൻ വർക്കിയും കൂടി തീരുമാനമെടുത്തു. അതിനു കാരണം മറ്റൊന്നുമല്ല, ഒരു ബ്യൂട്ടീഷ്യനായ മേഘ തന്റെ സ്വപ്നമായിരുന്ന സ്വന്തമായി ഒരു ബ്യൂട്ടിപാർലർ തുടങ്ങുക എന്ന ആശയം ബാങ്ക് വായ്പയെടുത്ത് യാഥാർത്ഥ്യമാക്കിയിട്ട് മാസങ്ങൾ മാത്രമേ ആയിട്ടുള്ളൂ. തന്റെ കഴുത്തിന് ഏറ്റ പരിക്കുകൾ കാരണം പെട്ടെന്ന് കൈകൾ കൊണ്ട് ഭാരിച്ച ജോലികൾ ചെയ്യുവാൻ കഴിയില്ല എന്ന ഡോക്ടർമാരുടെ നിർദ്ദേശം അവരെ മാനസികമായി തളർത്തിയിരുന്നു. ഈ അവസരത്തിൽ അവരെ ചേർത്തു പിടിക്കുവാൻ യൂത്ത് കോൺഗ്രസ് അല്ലാതെ മറ്റാര് എന്ന ചിന്ത തന്നെയാണ് അതിലേക്ക് എത്തിച്ചത്.

അങ്ങനെ ഒരു സഹായം നൽകുവാൻ പ്രസ്ഥാനം തീരുമാനിക്കുകയും അത് മേഘയെ അറിയിക്കുകയും എന്നും പ്രസ്ഥാനം കൂടെയുണ്ടാകുമെന്ന് ഉറപ്പു നൽകുകയും ചെയ്തു.

പിന്നീട് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം കേരളത്തിലും പുറത്തും പ്രവർത്തിക്കുന്ന പോഷക സംഘടനകൾ വഴി ഏകദേശം 8 ലക്ഷം രൂപ സമാഹരിച്ച് വിവിധ ഘട്ടങ്ങളിലായി മേഘക്ക് കൈമാറി. അതിലുപരി ദിവസ കൂലിക്ക് ജോലി ചെയ്യുന്നവർ മുതൽ ഈ പ്രസ്ഥാനത്തെ ഹൃദയത്തോട് ചേർത്തു പിടിക്കുന്ന നിരവധിയായ ആളുകൾ ചെറുതും വലുതുമായ സാമ്പത്തിക സഹായം നൽകി ആ കുടുംബത്തെ ചേർത്തുപിടിച്ചു.

തുടർന്ന് ചികിത്സകൾ എല്ലാം നൽകി അനന്തപുരി ആശുപത്രിയിലെ ബില്ല് കേരള പ്രദേശ് കോൺഗ്രസ് കമ്മിറ്റിയും പ്രതിപക്ഷ നേതാവും ചേർന്ന് നൽകി. അവർ വീട്ടിലേക്കു മടങ്ങുമ്പോൾ വീട്ടിലെത്തിച്ചേരുന്ന ടാക്സി കൂലി സഹിതം എൻറെ പ്രസ്ഥാനം കരുതലോടെ നൽകി ചേർത്തുപിടിച്ചു.

തുടർന്ന് മേഘരാജ് എത്തിയത് കരുനാഗപ്പള്ളിയിലെ തന്റെ സ്വന്തം വീട്ടിലേക്കാണ് അവിടുത്തെ സ്ഥലം എംഎൽഎ ശ്രീ സി ആർ മഹേഷ് വീട്ടിലെത്തി കിടക്കുവാനുള്ള മെഡിക്കൽ ബെഡും മറ്റ് അനുബന്ധ സൗകര്യങ്ങളും ഒരുക്കി പ്രാദേശിക നേതൃത്വത്തെ എന്തിനും സജ്ജരാക്കി ഒപ്പം നിർത്തി.

പിന്നീട് പൂർണ്ണമായ രോഗശമനത്തോടെ ജോലിയിൽ പൂർവാധികം കരുത്തോടെ പ്രവേശിച്ച മേഘ ചില ശാരീരിക ബുദ്ധിമുട്ടുകൾ ഇന്നും നേരിടുന്നുണ്ടെന്ന കാര്യം മനസ്സിലാക്കി പ്രസ്ഥാനം ഒപ്പമുണ്ട്.

ആലപ്പുഴയുടെ MP ശ്രീ കെ സി വേണുഗോപാൽ അവർകൾ ചികിത്സയ്ക്ക് ആവശ്യമായ എല്ലാ പിന്തുണയും അറിയിക്കുകയും, പ്രാദേശിക നേതൃത്വവുമായി ആലോചിച്ച് തുടർന്നും സാമ്പത്തിക സഹായങ്ങൾ ചെയ്യുന്നതിന് അവസരം ഒരുക്കാം എന്ന് ഉറപ്പു നൽകി. വടകരയുടെ എം പി യായി ശ്രീ ഷാഫി പറമ്പിൽ വിജയിച്ച ശേഷം മേഘയെ ഫോണിൽ വിളിച്ച് നിലവിൽ തുടർ ചികിത്സ ആവശ്യമുണ്ടെങ്കിൽ ബാംഗ്ലൂരിൽ വിദഗ്ധ ലഭ്യമാക്കാമെന്ന് ഉറപ്പു നൽകുകയും ചെയ്തു.

അങ്ങനെ, ആരെയും വഴിയിൽ ഉപേക്ഷിക്കുവാൻ ഈ പ്രസ്ഥാനത്തിന് ആവില്ല എന്നത് ഈ പ്രസ്ഥാനം തുടരെത്തുടരെ തെളിയിച്ചുകൊണ്ടേയിരിക്കുന്നു.

അതുകൊണ്ടു തന്നെ, ആവർത്തിച്ചു പറയുന്നു, അഭിമാനമാണ് എന്റെ പ്രസ്ഥാനം.

ഒപ്പം നിന്നവരുടെ പേരുകൾ പരാമർശിച്ചതിൽ മന:പൂർവ്വമല്ലാതെ പലരെയും വിട്ടു പോയിട്ടുണ്ടെന്നറിയാം. എല്ലാവരും സദയം ക്ഷമിക്കുക. നിങ്ങൾ കൂടെ നിന്നതും, നിൽക്കുന്നതും, എവിടെയും പരാമർശിക്കപ്പെടുക എന്ന ഉദ്ദേശത്തോടെയല്ലെന്നറിയാം. പിന്തുണ നൽകിയ എല്ലാവർക്കും ഹൃദയം നിറഞ്ഞ നന്ദി. പ്രത്യേകിച്ച്, ആദ്യാവസാനം ഒപ്പമുണ്ടായിരുന്ന യൂത്ത് കോൺഗ്രസ്, KSU സഹപ്രവർത്തകർക്കും, ആലപ്പുഴ,പത്തനംതിട്ട, തിരുവനന്തപുരം ജില്ലാ യൂത്ത് കോൺഗ്രസ് കമ്മിറ്റികൾക്കും കായംകുളം,തിരുവല്ല, തിരുവനന്തപുരം നിയോജകമണ്ഡലം കമ്മിറ്റികൾക്കും കായംകുളത്തെ പ്രാദേശിക കോൺഗ്രസ് നേതൃത്വത്തിനൂം ഒരിക്കൽ കൂടി നന്ദി പറയുന്നു.

Full View

Tags:    
News Summary - youth congress funding controversy between aritha babu and Megha Renjith

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.