ചാണ്ടി ഉമ്മൻ
കോട്ടയം: യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം ലഭിക്കാത്തതിൽ പരസ്യമായി അതൃപ്തി പ്രകടിപ്പിച്ച അബിൻ വർക്കിയെ പിന്തുണച്ച് ചാണ്ടി ഉമ്മൻ എം.എൽ.എ. അബിൻ വളരെ അധികം കഷ്ടപ്പെട്ടിട്ടുള്ള നേതാവാണെന്ന് ചാണ്ടി ഉമ്മൻ പറഞ്ഞു.
മികച്ച പ്രവർത്തനം നടത്തിയിട്ടുള്ള നേതാവാണ്. വേദന ഉണ്ടാകുക സ്വാഭാവികമാണ്. അബിനെ കൂടുതൽ പരിഗണിക്കപ്പെടേണ്ട വ്യക്തിയാണെന്ന കാര്യത്തിൽ സംശയമില്ല. അബിന് വിഷമമുണ്ടായെങ്കിലും പാർട്ടി തീരുമാനം അംഗീകരിക്കുകയാണ് ചെയ്യേണ്ടതെന്നും ചാണ്ടി ഉമ്മൻ വ്യക്തമാക്കി.
'എന്‍റെ പിതാവിന്‍റെ ഓർമ ദിവസം എന്നെ പാർട്ടി പദവിയിൽ നിന്ന് നീക്കി. എനിക്കതിൽ വലിയ മാനസിക വിഷമമുണ്ടാക്കി. ഇക്കാര്യത്തിൽ എന്നോട് ചോദിക്കുക പോലും ചെയ്തില്ല. എന്നോട് പറഞ്ഞിരുന്നെങ്കിൽ രാജിവെച്ച് ഒഴിഞ്ഞേനെ. അപമാനിക്കുന്ന രീതിയിലാണ് എന്നെ പുറത്താക്കിയത്. അപ്പോഴും പാർട്ടി തീരുമാനമെന്നാണ് ഞാൻ പ്രതികരിച്ചത് -ചാണ്ടി ഉമ്മൻ മാധ്യമങ്ങളോട് പറഞ്ഞു.
യൂത്ത് കോൺഗ്രസ് ദേശീയ ഔട്ട് റീച്ച് സെല്ലിന്‍റെ ചെയർമാനായിരുന്നു ചാണ്ടി ഉമ്മൻ. എന്നാൽ, ഉമ്മൻ ചാണ്ടിയുടെ ഒന്നാം ചരമവാർഷിക ദിനമായ 2024 ജൂലൈ 18ന് ചാണ്ടി ഉമ്മനെ ചെയർമാൻ സ്ഥാനത്ത് നിന്ന് നീക്കിയുള്ള വാർത്താകുറിപ്പ് പുറത്തുവന്നു. ഇക്കാര്യം ചാണ്ടി പാർട്ടി നേതൃത്വം അറിയിച്ചിരുന്നില്ല. എം.എൽ.എയുടെ തിരക്ക് കാരണമാകാം പാർട്ടി പദവിയിൽ നിന്ന് നീക്കിയതെന്നാണ് ചാണ്ടി ഉമ്മൻ പ്രതികരിച്ചത്.
യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷനായ അബിൻ വർക്കിയെ ദേശീയ സെക്രട്ടിയായി മാറ്റുകയും പകരം ഒ.ജെ. ജനീഷിനെ സംസ്ഥാന അധ്യക്ഷനാക്കുകയുമാണ് കേന്ദ്ര നേതൃത്വം ചെയ്തത്. രാഹുൽ മാങ്കൂട്ടത്തിൽ രാജിവെച്ചതിനെ തുടർന്ന് ഒഴിവുവന്ന സംസ്ഥാന അധ്യക്ഷ പദവി അബിൻ വർക്കിക്കാണ് ലഭിക്കേണ്ടിയിരുന്നത്. ഈ സാഹചര്യത്തിലാണ് ചാണ്ടി ഉമ്മൻ പാർട്ടി നേതൃത്വത്തിനെതിരെ പരസ്യമായി പൊട്ടിത്തെറിച്ചത്.
യൂത്ത് കോൺഗ്രസ് അധ്യക്ഷസ്ഥാനം ലഭിക്കാത്തതിൽ അതൃപ്തി പരസ്യമാക്കി അബിൻ വർക്കി കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. തെരഞ്ഞെടുപ്പുകൾ അടുത്ത സാഹചര്യത്തിൽ സർക്കാറിനെതിരായ പോരാട്ടം തുടരാൻ കേരളത്തിൽതന്നെ തുടരാൻ അനുവദിക്കണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെടുമെന്ന് യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട അബിൻ വർക്കി മാധ്യമ പ്രവർത്തകരോട് പറഞ്ഞു.
താൻ ഏറ്റവും കടപ്പെട്ടത് രാഹുൽ ഗാന്ധിയോടാണ്. അദ്ദേഹം കൊണ്ടുവന്ന തെരഞ്ഞെടുപ്പ് പ്രക്രിയയിലൂടെയാണ് ഭാരവാഹി സ്ഥാനത്ത് എത്തിയത്. വൈസ് പ്രസിഡന്‍റ് എന്ന നിലയിൽ പാർട്ടി ഏൽപിച്ച എല്ലാ ഉത്തരവാദിത്തവും നിറവേറ്റിയിട്ടുണ്ട്. പാർട്ടി ഇന്നൊരു പ്രധാന യുദ്ധമുഖത്താണ്. തദ്ദേശ, നിയമസഭ തെരഞ്ഞെടുപ്പുകൾ ആസന്നമായ സാഹചര്യത്തിൽ, ജനവിരുദ്ധ സർക്കാറിനെതിരായ പോരാട്ടത്തിൽ കേരളത്തിലുണ്ടാകേണ്ടത് അനിവാര്യമാണെന്ന് താൻ കരുതുന്നു. അതുകൊണ്ട് ഇവിടെത്തന്നെ തുടരാൻ അവസരം നൽകണം.
നേതൃത്വത്തിന്‍റെ തീരുമാനം എന്തായാലും അംഗീകരിക്കും. എടുത്ത തീരുമാനം തെറ്റാണെന്ന് പറയുന്നില്ല. പാർട്ടിയെ തിരുത്താനൊന്നും താൻ ആളല്ല. വിവിധ ഘടകങ്ങൾ പരിശോധിച്ചായിരിക്കാം പാർട്ടി തീരുമാനമെടുത്തത്. മതേതരത്വം കാത്തുസൂക്ഷിച്ച് പ്രവർത്തിക്കുന്നവരാണ് ഞങ്ങൾ. പ്രത്യേക സമുദായത്തിൽപെട്ട ആളായതു കൊണ്ടാണോ തഴയപ്പെട്ടതെന്നും താനൊരു ക്രിസ്ത്യാനിയായതാണോ തന്‍റെ കുഴപ്പമെന്നും നേതൃത്വമാണ് വ്യക്തമാക്കേണ്ടതെന്നും അബിൻ വർക്കി പറഞ്ഞു.
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനെ നിശ്ചയിച്ചതിൽ കോൺഗ്രസിനുള്ളിൽ കടുത്ത അമർഷം പുകയുന്നു. മാനദണ്ഡങ്ങൾ അട്ടിമറിച്ചെന്നും തീരുമാനം ഏകപക്ഷീയമെന്നും ചൂണ്ടിക്കാട്ടി ഹൈകമാന്‍റിന് പരാതി നൽകാനൊരുങ്ങുകയാണ് എ ഗ്രൂപ്. കടുത്ത അനീതിയാണ് നടന്നതെന്നാണ് ഐ ഗ്രൂപ്പിന്‍റെയും നിലപാട്.
കഴിഞ്ഞ യൂത്ത് കോൺഗ്രസ് സംഘടന തെരഞ്ഞെടുപ്പിൽ 2.20 ലക്ഷം വോട്ട് വാങ്ങിയാണ് രാഹുൽ മാങ്കൂട്ടത്തിൽ വിജയിച്ചത്. ഇത്തരത്തിൽ ഒന്നാമതെത്തിയ ‘എ’ വിഭാഗത്തെ ചിത്രത്തിൽ നിന്ന് ഒന്നാകെ പിഴുതുമാറ്റിയതിന് സമാനമാണ് പുതിയ ഭാരവാഹിപ്പട്ടിക. 20,000 വോട്ട് മാത്രം നേടി നാലാമതെത്തിയയാളെ പ്രസിഡന്‍റാക്കിയതാണ് അനീതിക്ക് തെളിവായി ‘എ’ ഗ്രൂപ് നേതാക്കൾ ചൂണ്ടിക്കാട്ടുന്നത്. കെ.എം. അഭിജിത്തിന്‍റെ പേരാണ് എ ഗ്രൂപ് നിർദേശിച്ചിരുന്നത്.
സംഘടന തെരഞ്ഞെടുപ്പിൽ 1,70,000 വോട്ട് നേടി രണ്ടാമതെത്തിയ അബിൻ വർക്കിയെ പരിഗണിക്കാത്തതിൽ രമേശ് ചെന്നിത്തലയും കടുത്ത അതൃപ്തിയിലാണ്. അതേസമയം, കെ.സി. വേണുഗോപാൽ വിഭാഗത്തിന്‍റെ ഇടപെടലാണ് ഇങ്ങനെയൊരു പട്ടികക്ക് കാരണമെന്ന് എ ഗ്രൂപ്പും ഐ ഗ്രൂപ്പും കരുതുന്നു. വിഷയത്തിൽ ഇരുവിഭാഗവും ആശയവിനിമയം നടത്തിയതായും സൂചനയുണ്ട്. സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമാകാനുള്ള കെ.സി. വേണുഗോപാലിന്‍റെ നീക്കങ്ങളുടെ ഭാഗമാണ് അപ്രതീക്ഷിത പട്ടികയെന്ന ചർച്ചയും പാർട്ടിക്കുള്ളിലുണ്ട്.
പ്രസിഡന്‍റ് പദവിയിലേക്ക് ഒ.ബി.സി പ്രാതിനിധ്യമാണ് പരിഗണിച്ചതെന്ന ന്യായീകരണവും എ ഗ്രൂപ്പിന് ഉൾക്കൊള്ളാനായിട്ടില്ല. ‘ഒ.ബി.സി വിഭാഗത്തിൽ നിന്നുള്ള കെ. സുധാകരനെ കെ.പി.സി.സി അധ്യക്ഷ സ്ഥാനത്തുനിന്ന് മാറ്റിയപ്പോൾ ഒരു മാനദണ്ഡവും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷ തെരഞ്ഞെടുപ്പിൽ ക്രിസ്ത്യൻ വിഭാഗത്തിൽ നിന്നുള്ളയാളെ ഒഴിവാക്കുന്നതിന് മറ്റൊരു മാനദണ്ഡവുമാണ് പറയുന്നതെന്നും ഇത് ചെരുപ്പിനൊപ്പിച്ച് കാല് മുറിക്കലാണെന്നുമാണ്’ ഒരു മുതിർന്ന നേതാവ് രോഷത്തോടെ പ്രതികരിച്ചത്.
യൂത്ത് കോൺഗ്രസ് ഭരണഘടനയിൽ വ്യവസ്ഥ ചെയ്യാത്ത വർക്കിങ് പ്രസിഡന്‍റ് പദവി സൃഷ്ടിച്ചതും മാനദണ്ഡങ്ങൾ മറികടന്നാണെന്ന് ആരോപണമുണ്ട്. വർക്കിങ് പ്രസിഡൻറായി നിയോഗിച്ച ബിനു ചുള്ളിയിലിനെ ഒന്നോ രണ്ടോ മാസം മുമ്പാണ് അഖിലേന്ത്യ ജനറൽ സെക്രട്ടറിയാക്കിയത്. പിന്നാലെ രണ്ടാഴ്ച മുമ്പ് ഗോവയുടെ ചുമതലയും നൽകി. ഇങ്ങനെയൊരാളെ കേരളത്തിലേക്ക് വർക്കിങ് പ്രസിഡന്‍റായി എത്തിക്കേണ്ട അനിവാര്യത എന്താണെന്ന ചോദ്യവും സംഘടനക്കുള്ളിൽ ഉയരുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.