പാലക്കാട്: നിയമസഭ തെരഞ്ഞെടുപ്പിൽ പാലക്കാട് ജില്ലയിൽ സി.പി.എമ്മിന്റെ ഏഴ് സിറ്റിങ് എം.എൽ.എമാർ വീണ്ടും ജനവിധി തേടാനിറങ്ങുമെന്ന് സൂചന. ആലത്തൂർ മണ്ഡലത്തിൽ രണ്ട് ടേം പൂർത്തിയാക്കിയ കെ.ഡി. പ്രസേനൻ ഇത്തവണ മത്സരിക്കില്ലെന്നാണ് വിവരം. ഒറ്റപ്പാലം, മണ്ണാർക്കാട്, പാലക്കാട്, ചിറ്റൂർ, ആലത്തൂർ, പട്ടാമ്പി, തൃത്താല, മലമ്പുഴ, തരൂർ, കോങ്ങാട്, നെന്മാറ, ഷൊർണൂർ എന്നിങ്ങനെ 12 മണ്ഡലങ്ങളാണ് ജില്ലയിലുള്ളത്. ഇതിൽ ചിറ്റൂർ മണ്ഡലത്തിൽ ജെ.ഡി.എസും മണ്ണാർക്കാട്, പട്ടാമ്പി എന്നിവിടങ്ങളിൽ സി.പി.ഐയും മറ്റിടങ്ങളിൽ സി.പി.എമ്മുമാണ് മത്സരിക്കുന്നത്.
നേരത്തെ ആലത്തൂരിലും നെന്മാറയിലും പുതിയ സ്ഥാനാർഥികളുണ്ടാകുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ, നെന്മാറയിൽ സിറ്റിങ് എം.എൽ.എ കെ. ബാബു മാറിയാൽ അത് വിജയസാധ്യതയെ ബാധിച്ചേക്കാമെന്ന് പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് വിലയിരുത്തിയതായാണ് വിവരം. ഇതോടെയാണ് ആലത്തൂരിൽ മാത്രം മാറ്റം മതിയെന്ന് തീരുമാനമായത്. അതേസമയം, പാലക്കാട് മണ്ഡലത്തിൽ പി. സരിനെ സി.പി.എം പരിഗണിക്കുമോ എന്നതും അറിയാനുണ്ട്. ഷാഫി പറമ്പിൽ ലോക്സഭാംഗമായതിന് പിന്നാലെ നടന്ന ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം നിഷേധിക്കപ്പെട്ടതോടെയാണ് സരിൻ കോൺഗ്രസ് വിട്ട് ഇടതുപക്ഷത്തേക്കെത്തിയത്. സി.പി.എം സ്വതന്ത്രനായി മത്സരിച്ചെങ്കിലും ബി.ജെ.പിയുടെ സി. കൃഷ്ണകുമാറിനും പിന്നിൽ മൂന്നാം സ്ഥാനത്താണ് എത്തിയത്. ഇത്തവണ മൂന്നാം സ്ഥാനത്തുനിന്ന് മുന്നേറാനും വിജയം ഉറപ്പിക്കാനുമാകും സി.പി.എമ്മിന്റെ ശ്രമം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.