മൂന്നര വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന്​ 100 വർഷം കഠിനതടവും നാലുലക്ഷം പിഴയും

അടൂർ: മൂന്നര വയസ്സുള്ള പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ യുവാവിന്​ 100 വർഷം കഠിനതടവും നാല് ലക്ഷം രൂപ പിഴയും വിധിച്ച്​ അടൂർ ഫാസ്റ്റ് ട്രാക്ക് ആൻഡ്​ സ്പെഷൽ കോടതി. കൊല്ലം പത്തനാപുരം പുന്നല കടയ്ക്കാമൺ വിനോദ് ഭവനത്തിൽ വിനോദിനെയാണ്​ (32) ശിക്ഷിച്ചത്. ഇയാളുടെ അടുത്ത ബന്ധുവായ രണ്ടാം പ്രതി രാജമ്മയെ കോടതി താക്കീത് നൽകി വിട്ടയച്ചു. ദൃക്‌സാക്ഷിയുണ്ടെന്ന അപൂർവതയുള്ള കേസിൽ ഫാസ്റ്റ് ട്രാക്ക് ജഡ്ജി എ. സമീറാണ്​ വിധി പുറപ്പെടുവിച്ചത്​.

വിനോദ്​ മുമ്പ് താമസിച്ചിരുന്ന ഏനാദിമംഗലത്തെ വീട്ടിൽ വെച്ച് 2021 ഡിസംബർ 18ന് രാത്രി 8​.30നാണ് കുട്ടിയെ പീഡിപ്പിച്ചത്. രണ്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഗാന്ധിജിയെപ്പറ്റിയുള്ള പാഠഭാഗം പറഞ്ഞുകൊടുക്കവേ, ഒരിക്കലും ആരോടും കള്ളം പറയരുതെന്ന ഉപദേശം നൽകിയപ്പോഴാണ് എട്ടുവയസ്സുകാരി തനിക്കും അനുജത്തിക്കും നേരിട്ട പീഡനത്തെപ്പറ്റി അമ്മയെ അറിയിച്ചത്. തുടർന്നാണ് അടൂർ പൊലീസിനെ പരാതിയുമായി സമീപിച്ചത്​. ദൃക്‌സാക്ഷി എട്ടുവയസ്സുകാരിയായ മൂത്തകുട്ടിയെയും ഇയാൾ ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇതിന് അടൂർ പൊലീസ് ആദ്യം എടുത്ത കേസ് വിചാരണയിലാണ്​. മൂന്നരവയസ്സുള്ള ഇളയകുട്ടിക്കും പീഡനം ഏൽക്കേണ്ടിവന്നു എന്ന് വ്യക്തമായതിനെത്തുടർന്നാണ്​ രണ്ടാമത്തെ കേസ്​ എടുത്തത്​.

ഇന്ത്യൻ ശിക്ഷാനിയമം- പോക്​സോ വകുപ്പുകൾ പ്രകാരമാണ് 100 വർഷം തടവും നാലുലക്ഷം രൂപയും ശിക്ഷ വിധിച്ചത്. തുക അതിജീവിതക്ക്​ നൽകണം. പണം അടയ്ക്കാത്തപക്ഷം രണ്ടുവർഷംകൂടി അധികം കഠിനതടവ് അനുഭവിക്കണം. ഒരുമിച്ച്​ 20 വർഷം ജയിൽശിക്ഷ അനുഭവിച്ചാൽ മതി. ദൃക്സാക്ഷി ഉള്ളതിനാൽ അപൂർവങ്ങളിൽ അപൂർവമായ കേസായി പരിഗണിക്കണമെന്ന പ്രോസിക്യൂഷൻ വാദം കോടതി അംഗീകരിച്ചു. പോക്സോ നിയമത്തിലെ 4 (2), 3(a) പ്രകാരം 20 വർഷം കഠിനതടവും 50,000 രൂപ പിഴയും പോക്സോ 4(2), 3(d) അനുസരിച്ച് 20 വർഷവും 50,000 രൂപയും പോക്സോ 6, 5(l) പ്രകാരം 20 വർഷവും ഒരു ലക്ഷം രൂപയും 6, 5(m) അനുസരിച്ച് 20 വർഷവും ഒരു ലക്ഷവും 6, 5(n) പ്രകാരം 20 വർഷവും ഒരു ലക്ഷം രൂപയും ചേർത്താണ് ശിക്ഷ വിധിച്ചത്. 2021ൽ അടൂർ സി.ഐ ടി.ഡി. പ്രജിഷാണ്​ ​കേസ്​ അന്വേഷിച്ച്​ കുറ്റപ​ത്രം നൽകിയത്​. പ്രോസിക്യൂഷനുവേണ്ടി അഡ്വ. സ്മിതാ ജോൺ ഹാജരായി.

Tags:    
News Summary - Young man sentenced to 100 years rigorous imprisonment and fined Rs 4 lakh for sexually assaulting three-and-a-half-year-old girl

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.