വയനാട്: മുണ്ടക്കൈ- ചൂരൽമല ഉരുൾപൊട്ടൽ ദുരന്ത ബാധിതർക്കായി സർക്കാർ നിർമിക്കുന്ന ടൗൺഷിപ്പിന്‍റെ ആദ്യ ഘട്ട ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. നിർമാണം പൂർത്തിയായ 178 വീടുകളാണ് മുഖ്യമന്ത്രി ദുരിതബാധിതർക്ക് കൈമാറിയത്. ഏതാനും മാസങ്ങൾക്കുള്ളിൽ ബാക്കി വീടുകളും വ്യക്തികൾക്ക് കൈമാറുമെന്നും നിർമാണം അന്തിമ ഘട്ടത്തിലാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആകെ 405 വീടുകളാണ് സർക്കാർ ടൗൺഷിപ്പിൽ നിർമിക്കുന്നത്.
'മുണ്ടക്കൈ - ചൂരൽമല ദുരന്തബാധിതർക്കായി സംസ്ഥാന സർക്കാർ പണികഴിപ്പിച്ച ടൗൺഷിപ്പിന്റെ ഭാഗമായ 178 വീടുകൾ ഇന്ന് കൈമാറുകയാണ്. ദുരന്തത്തിൽ ഒറ്റപ്പെട്ടു പോയ 13 പട്ടികവർഗ്ഗ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് മേപ്പാടി പുതിയ വില്ലേജ് പരിസരത്ത് അഞ്ച് ഏക്കർ ഭൂമി ഏറ്റെടുത്തിരുന്നു. ഇതിന്റെ പട്ടയവും ഇന്ന് കൈമാറുകയാണ്.
ഈ ചടങ്ങ് സന്തോഷത്തോടൊപ്പം മൺമറഞ്ഞുപോയ പ്രിയപ്പെട്ടവരെക്കുറിച്ചുള്ള സങ്കടകരങ്ങളായ ഓർമകളെയും നമ്മിലേക്കു കൊണ്ടുവരുന്നുണ്ട്. അടുത്ത മഴക്കാലത്തിന് മുമ്പ്, മുഴുവൻ ദുരന്തബാധിതർക്കും സ്വന്തം ഭൂമിയും വീടും നൽകി, പുനരധിവസിപ്പിക്കുന്നതിനുള്ള കർമ പദ്ധതിയാണ് തയ്യാറാക്കിയിട്ടുള്ളത്.
ഇന്ന്, ഇങ്ങനെയൊരു ടൗൺഷിപ്പിന്റെ ആദ്യഘട്ടം ഉദ്ഘാടനം ചെയ്യപ്പെടുമ്പോൾ നാം ഓർക്കേണ്ട ഒരു കാര്യമുണ്ട്. ഒട്ടും എളുപ്പമായിരുന്നില്ല നമ്മുടെ യത്‌നം എന്ന കാര്യം. അപ്രതീക്ഷിതമായി ഒരു രാത്രികൊണ്ട് ഒരു നാടാകെ ഇല്ലാതായ അവസ്ഥയാണ് ദുരന്തത്തിലൂടെ ഉണ്ടായത്.
ഉറ്റവരെയും ഉടയവരെയും നഷ്ടപ്പെട്ടവർ, ജീവനോപാധികൾ ഇല്ലാതായവർ, ശാരീരികമായ അവശതകൾ ഉണ്ടായവർ, അങ്ങനെ യാതന അനുഭവിക്കുന്ന സഹോദരങ്ങളെയാണ് ആ ദുരന്തം ബാക്കിവെച്ചത്. പല നഷ്ടങ്ങളും നികത്താൻ നമുക്കാകില്ല. പക്ഷേ സാമീപ്യംകൊണ്ട് മനുഷ്യരെ ആ നഷ്ടത്തിന്റെ ആഘാതത്തിൽ നിന്നും പതിയെ പുറത്തുവരാൻ സഹായിക്കാൻ കഴിയും. അതൊക്കെയാണ് മനുഷ്യത്വത്തിന്റെ സവിശേഷത.
സ്നേഹത്തിന്റെ, കാരുണ്യത്തിന്റെ, പാരസ്പര്യത്തിന്റെ കേരള മാതൃക ഒരിക്കൽ കൂടി ലോകം കണ്ടറിഞ്ഞു. അതായിരുന്നു ഈ അതിജീവനം. തടസ്സങ്ങൾ ഏറെയുണ്ടായി. വ്യാജപ്രചാരണങ്ങൾ മുതൽ കേന്ദ്ര സഹായനിഷേധം വരെ, ദുരന്തബാധിതരെ തെറ്റിദ്ധരിപ്പിക്കുന്നത് മുതൽ കോടതി വ്യവഹാരങ്ങൾ വരെ, ദുരിതാശ്വാസ നിധിയിലേക്ക് ചില്ലിക്കാശ് നൽകരുതെന്ന ആഹ്വാനം മുതൽ എത്രയെത്ര പ്രതിലോമകരമായ ഇടപെടലുകൾ.
വേനൽ മഴയും തുടർന്നുവന്ന കാലവർഷവും തുലാവർഷവും നിർമ്മാണ പ്രവൃത്തികൾക്കു വലിയതോതിൽ തടസ്സം സൃഷ്ടിച്ചു. അതിനെയെല്ലാം മറികടന്നാണ് നിർമ്മാണപ്രവൃത്തികൾ മുമ്പോട്ടുകൊണ്ടുപോയത്. മനുഷ്യർ ഭേദചിന്തകൾക്ക് അതീതമായി പരസ്പരം താങ്ങും തണലുമാകുന്ന കേരള മാതൃക വീണ്ടും ലോക ശ്രദ്ധ ആകർഷിക്കുകയാണ്'- മുഖ്യമന്ത്രി പറഞ്ഞു.
2024 ജൂലൈ 29 നാണ് കേരളത്തെ നടുക്കിയ മുണ്ടക്കൈ- ചൂരൽമല ഉരുൾ ദുരന്തം സംഭവിച്ചത്. ഒറ്റ രാത്രികൊണ്ട് ഒരു നാടിനെയാകെ നശിപ്പിച്ച ആ മലവെള്ളപ്പാച്ചിൽ 298 ജീവനുകളെയാണ് അപഹരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.