മാതൃകാ ടൗണ്‍ഷിപ് ഉദ്ഘാടനം:ആഘോഷമാക്കാൻ ഒരുക്കങ്ങൾ വിലയിരുത്തി ജില്ല ഭരണകൂടം

കൽപറ്റ: അതിജീവിതരുടെ ജീവിതം പടുത്തുയര്‍ത്താന്‍ ഒരു ദേശത്തെ കണ്ണീരിലാഴ്ത്തിയ ദിനങ്ങൾ വഴിമാറുന്നു. ഒരു നാടിന്റെ ഉത്സവാഘോഷത്തിനാവും ജില്ല ഞായറാഴ്ച സാക്ഷ്യം വഹിക്കുക. രാജ്യം നടുങ്ങിയ ഉരുൾ ദുരന്തത്തിന് ഒരു വര്‍ഷവും ഏഴു മാസവും പിന്നിടുമ്പോള്‍ ദുരന്തത്തില്‍ എല്ലാം നഷ്ടമായവര്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ ഒരുക്കുന്ന മാതൃകാ ടൗണ്‍ഷിപ്പില്‍ വീടുകൾ യാഥാര്‍ഥ്യമാവുകയാണ്.

2024 ജൂലൈ 30ന് അർധരാത്രിയില്‍ പ്രകൃതിയാല്‍ മുറിവേറ്റ മനുഷ്യരുടെ പുനര്‍ജീവിതത്തിന് കരുത്താവുകയാണ് എല്‍സ്റ്റണിലെ ടൗണ്‍ഷിപ്. കേരള ചരിത്രത്തിലുണ്ടായ മഹാ ദുരന്തത്തിലെ അതിജീവിതര്‍ക്ക് മാര്‍ച്ച് ഒന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ വീടുകളുടെ താക്കോല്‍ കൈമാറും. ദുരന്തത്തില്‍ വീട് പൂര്‍ണമായി നഷ്ടപ്പെട്ട 178 കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ വീട് നല്‍കുന്നത്. 44.33 കോടി രൂപ കോടതിയില്‍ കെട്ടിവെച്ച് 2025 ഏപ്രില്‍ 11ന് സര്‍ക്കാര്‍ ഏറ്റെടുത്ത കല്‍പറ്റ എല്‍സ്റ്റണ്‍ എസ്റ്റേറ്റിലെ 64.4075 ഹെക്ടര്‍ ഭൂമിയില്‍ പ്രകൃതിക്കും കാലാവസ്ഥക്കും അനുയോജ്യമായ രീതിയില്‍ 410 വീടുകളാണ് നിർമിക്കുന്നത്.

ജില്ല കലക്ടര്‍ ഡി.ആര്‍. മേഘശ്രീയുടെ നേതൃത്വത്തില്‍ ഉദ്ഘാടന ഒരുക്കങ്ങൾ വിലയിരുത്തി. രാവിലെ 11 ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം നിര്‍വഹിക്കുന്ന ടൗണ്‍ഷിപ്പിലേക്ക് പതിനായിരം ആളുകളാണ് എത്തുക. 17,000 ചതുരശ്രയടിയില്‍ നിർമിച്ച പന്തലില്‍ 1200ഓളം പേര്‍ക്ക് ഇരിക്കാനുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയത്. ഉദ്ഘാടനം വീക്ഷിക്കാനെത്തുന്നവര്‍ക്ക് പരിപാടികള്‍ സുഗമമായി കാണുന്നതിന് വേദിക്കടുത്തായി എല്‍.ഇ.ഡി വാളുകള്‍ ക്രമീകരിച്ചിട്ടുണ്ട്. 1000 ചതുരശ്ര അടിയില്‍ ഒറ്റ നിലയില്‍ പണിത കെട്ടിടങ്ങള്‍ ഭാവിയില്‍ ഇരുനില നിർമിക്കാനുള്ള അടിത്തറയോടെയാണ് തയാറാക്കിയിരിക്കുന്നത്. പ്രധാന കിടപ്പുമുറി, രണ്ട് മുറികള്‍, സിറ്റൗട്ട്, ലിവിങ് ഏരിയ, സ്റ്റഡി റൂം, ഡൈനിങ് ഹാള്‍, അടുക്കള, സ്റ്റോര്‍ ഏരിയ എന്നിവ ഉള്‍ക്കൊള്ളുന്നതാണ് വീട്. ഓരോ ഘട്ടത്തിലും ഗുണമേന്മ ഉറപ്പാക്കുന്നതിന് ശാസ്ത്രീയ ലാബുകള്‍ സജ്ജീകരിച്ച് പരിശോധന നടത്തിയാണ് നിർമാണം പുരോഗമിക്കുന്നത്.

ഉരുൾ ദുരന്തത്തിൽ 298 മനുഷ്യ ജീവനുകളാണ് പൊലിഞ്ഞത്. അടയാളങ്ങള്‍ ഒന്നും അവശേഷിപ്പിക്കാതെ പൂര്‍ണമായും ഒലിച്ചുപോയ 59 വീടുകള്‍ ദുരന്തത്തിന്റെ വ്യാപ്തി വ്യക്തമാക്കുന്നു. ഒരു നാടിന്റെ ഒരുമയും ഐക്യവും മനുഷ്യത്വത്തിന്റെ മഹനീയ മാതൃകകളും ഒത്തുചേര്‍ന്നപ്പോള്‍ ലോകത്തിനുതന്നെ മാതൃകയായ അതിജീവനവും പുനരധിവാസത്തിനുമാണ് സംസ്ഥാനം സാക്ഷ്യംവഹിച്ചത്. ദുരന്തത്തിന് ശേഷം ദുരന്തബാധിതരുടെ താൽക്കാലിക പുനരധിവാസത്തിന് ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 17 ദുരിതാശ്വാസ ക്യാമ്പുകളിലായി 728 കുടുംബങ്ങളിലെ 2569 പേരെ താമസിപ്പിച്ചു. എല്ലാവര്‍ക്കും ഭക്ഷണം, വസ്ത്രം, കുടിവെള്ളം, മറ്റ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ഒരുക്കി.

അധിക നാള്‍ ക്യാമ്പുകളില്‍ തുടരുക പ്രയാസമായതു കൊണ്ട് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കി വാടക വീട്, ക്വാർട്ടേഴ്‌സ്, സുരക്ഷിതമായ സ്വന്തം വീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. മാറ്റിപ്പാര്‍പ്പിച്ച കുടുംബങ്ങള്‍ക്ക് വാടക നല്‍കുന്നതിന് 6.16 കോടി രൂപയാണ് സര്‍ക്കാര്‍ അനുവദിച്ചത്. സ്വത്ത്, സമ്പാദ്യം, വീട്, തൊഴില്‍ എന്നിവ നഷ്ടപ്പെട്ടവര്‍ക്ക് ഉപജീവനത്തിനായി ഒരു കുടുംബത്തിലെ ഒരംഗത്തിന് മാസം 9000 രൂപ വീതം 752 കുടുംബങ്ങള്‍ക്കും ഒരു കുടുംബത്തിലെ രണ്ട് പേര്‍ക്ക് 18000 രൂപ വീതം 507 കുടുംബങ്ങള്‍ക്കുമായി 17.2 കോടി രൂപയും വിതരണം ചെയ്തു. സമാശ്വാസ ധനസഹായമായി 220 പേര്‍ക്ക് 13.2 കോടിയും അടിയന്തര ധനസഹായമായി 1036 പേര്‍ക്ക് 1.3 കോടിയും വിതരണം ചെയ്തു. ദുരന്തത്തില്‍ രക്ഷിതാക്കള്‍ നഷ്ടപ്പെട്ട 21 കുട്ടികള്‍ക്ക് 2.10 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചു. 858 കുടുംബങ്ങള്‍ക്ക് മാസം 1000 രൂപയുടെ ഭക്ഷ്യ കൂപ്പണ്‍ നല്‍കുന്നുണ്ട്.

Tags:    
News Summary - Model Township inauguration: District administration assesses preparations for celebration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.