തിരുവനന്തപുരം: പശ്ചിമേഷ്യ സംഘർഷ ഭരിതമായതോടെ വ്യോമഗതാഗതവും തടസപ്പെട്ടു. തിരുവനന്തപുരത്തുനിന്ന് ഗൾഫ് മേഖലയിലേക്കു പോകേണ്ടിയിരുന്ന 12 വിമാനങ്ങളുടെ യാത്ര റദ്ദാക്കി. തിരുവനന്തപുരത്തുനിന്ന് അബുദാബിയിലേക്ക് ശനിയാഴ്ച ഉച്ചക്ക് ഒന്നേകാലോടെ പുറപ്പെട്ട എയർ അറേബ്യയുടെ വിമാനം യാത്രാമധ്യേ തിരുവനന്തപുരത്തേക്കു തിരിച്ചുവിട്ടു.
വിമാനം വൈകീട്ട് നാലരയോടെ തിരുവനന്തപുരത്തെത്തി. യു.എ.ഇ, ഖത്തർ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങൾ വ്യോമപാത അടച്ചതോടെ പല വിമാന സർവീസുകളും റദ്ദാക്കി. തിരുവനന്തപുരം, നെടുമ്പാശേരി, കരിപ്പൂർ, കണ്ണൂർ വിമാനത്താവളങ്ങളിൽ നിന്നുള്ള ഒട്ടേറെ വിമാനങ്ങളാണ് റദ്ദാക്കിയത്. വിമാനത്താവളത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് യാത്രക്കാർ വിമാനത്തിന്‍റെ സ്റ്റാറ്റസ് പരിശോധിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
തിരുവനന്തപുരത്തുനിന്നു ദുബൈ, അബുദാബി, ദമാം, ദോഹ എന്നിവിടങ്ങളിലേക്കുള്ള എയർ ഇന്ത്യ എക്സ്പ്രസ്, എയർ അറേബ്യ, എത്തിഹാദ്, എമിറേറ്റ്സ് എന്നിവയുടെ 12 സർവീസുകളാണ് റദ്ദാക്കിയത്.
ദോഹ-തിരുവനന്തപുരം, ദുബൈ-തിരുവനന്തപുരം, ഇത്തിഹാദിന്റെ അബുദാബി-തിരുവനന്തപുരം-അബുദാബി, ദുബൈയിൽനിന്ന് തിരുവനന്തപുരത്തെത്തി തിരികെ ദുബൈലേക്ക് പോകേണ്ടിയിരുന്ന എമിറേറ്റ്‌സ്, എയർ ഇന്ത്യ എക്സ്പ്രസ് എന്നീ വിമാനങ്ങളും അബുദാബി-തിരുവനന്തപുരം-അബുദാബി, ഞായറാഴ്ച അബുദാബിയിൽനിന്ന് തിരുവനന്തപുരത്തെത്തിയ ശേഷം തിരികെ അബുദാബിയിലേക്ക് പോകേണ്ടിയിരുന്ന ഇത്തിഹാദ് വിമാനവും റദ്ദാക്കി.
കൊച്ചി നെടുമ്പാശ്ശേരി വിമാനത്താവളത്തിൽനിന്ന് ഇൻഡിഗോയുടെ ആറു സർവീസുകളും എയർഇന്ത്യ എക്സ്പ്രസിന്റെ നാല് സർവീസുകളും റദ്ദാക്കി. ഇത്തിഹാദിന്റെ മൂന്ന് സർവീസുകളും എമിറേറ്റ്‌സിന്റെ രണ്ട് സർവീസുകളും ഖത്തർ എയർവേയ്‌സ്, സ്‌പൈസ് ജെറ്റ്, എയർഅറേബ്യ, ആകാശ് എയർ, ഒമാൻ എയർ എന്നിവയുടെ ഒരു സർവീസുമാണ് റദ്ദാക്കിയത്. കൊച്ചിയിലേക്ക് വരേണ്ടിയിരുന്ന ഏഴ് സർവീസുകളും റദ്ദായി.
കോഴിക്കോട്ടുനിന്ന് ഇൻഡിഗോ എയറിന്റെ മൂന്നുസർവീസുകളും എയർ ഇന്ത്യ എക്സ്പ്രസിന്റെ നാലുസർവീസുകളും സ്പൈസ് ജെറ്റിന്റെ ഒരു വിമാനവുമാണ് റദ്ദാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.