തിരുവനന്തപുരം: പൊലീസ് മേധാവി സ്ഥാനം സ്വപ്നംകണ്ട എ.ഡി.ജി.പി എം.ആർ. അജിത്കുമാറിന് ഡി.ജി.പി റാങ്ക് ലഭിക്കണമെങ്കിൽ ഒരുവർഷം കൂടി കാത്തിരിക്കണം. റവഡ ചന്ദ്രശേഖർ പുതിയ പൊലീസ് മേധാവിയായി ചുമതലയേറ്റതോടെ, മുതിർന്ന ഡി.ജി.പിയായ റോഡ് സുരക്ഷ കമീഷണർ നിതിൻ അഗർവാൾ വിരമിക്കുന്ന 2026 ജൂലൈ വരെ സ്ഥാനലബ്ധിക്കിടയില്ല.
എന്നാൽ, ഫയർഫോഴ്സ് ഡി.ജി.പി യോഗേഷ് ഗുപ്തക്ക് കേന്ദ്ര ഡെപ്യൂട്ടേഷന് ക്ലിയറൻസ് സർട്ടിഫിക്കറ്റ് നൽകാത്തതും അജിത്കുമാറിന് തിരിച്ചടിയാണ്. സർക്കാർ എൻ.ഒ.സി നൽകി യോഗേഷ് ഗുപ്ത കേന്ദ്ര ഡെപ്യൂട്ടേഷനിൽ പോയാൽ ഒഴിവുവരുന്ന നാലാമത്തെ ഡി.ജി.പി തസ്തികയിലേക്ക് അജിത്കുമാറിന് സ്ഥാനക്കയറ്റം ലഭിച്ചേക്കാം.
കേന്ദ്ര ഡെപ്യൂട്ടേഷനിലുള്ള സുരേഷ് രാജ് പുരോഹിതിനും സാധ്യതയുണ്ട്. എന്നാൽ, ഒരു മാസത്തിലധികമായി യോഗേഷ് ഗുപ്തക്ക് എൻ.ഒ.സി നൽകാൻ തയാറാകാത്ത സർക്കാർ അജിത്കുമാറിന്റെ ഡി.ജി.പി റാങ്ക് പരിഗണിച്ച് നൽകിയേക്കാമെന്ന് കരുതുന്നവരുമുണ്ട്. ഓഫിസർമാരുടെ ക്ഷാമമുള്ളതിനാൽ ഡി.ജി.പി റാങ്കിലുള്ള ഒരാളെക്കൂടി കേന്ദ്ര ഡെപ്യൂട്ടേഷനിൽ വിടേണ്ട കാര്യമില്ലെന്ന നിഗമനത്തിൽ അദ്ദേഹത്തിന് എൻ.ഒ.സി നൽകാതിരിക്കാനും ശ്രമിച്ചേക്കാം.
ഉദ്യോഗസ്ഥന്റെ എൻ.ഒ.സി സംസ്ഥാനത്തോട് കേന്ദ്രസർക്കാർ തേടിയാൽ അത് നൽകാത്തതിന്റെ കാരണം ചൂണ്ടിക്കാട്ടി മറുപടി നൽകേണ്ടിവരും.
എക്സൈസ് കമീഷണർ മഹിപാൽ യാദവ് വിരമിക്കുമ്പോൾ ബറ്റാലിയൻ മേധാവി സ്ഥാനത്തുനിന്ന് അജിത്തിനെ എക്സൈസ് കമീഷണറായി മാറ്റിയേക്കാം. കഴിഞ്ഞ അഴിച്ചുപണിയിൽ അജിത്കുമാറിനെ എക്സൈസ് കമീഷണർ തസ്തികയിലേക്ക് മാറ്റിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസ് ഇടപെട്ട് മരവിപ്പിക്കുകയായിരുന്നു. നിലവിൽ ക്രമസമാധാനച്ചുമതലയുള്ള എ.ഡി.ജി.പി എച്ച്. വെങ്കിടേഷിനാണ് ക്രൈംബ്രാഞ്ചിന്റെയും ചുമതല.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.