ഡി.ഐ.ജി വിനോദ് കുമാർ
തിരുവനന്തപുരം: അഴിമതിക്കേസിൽ പ്രതിയായ ജയിൽ ഡി.ഐ.ജി വിനോദ് കുമാറിനെ സർക്കാർ സസ്പെൻഡ് ചെയ്തു. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് നിയമവിരുദ്ധ മാർഗങ്ങളിലൂടെ കൈക്കൂലി കൈപ്പറ്റുവെന്ന കണ്ടെത്തലിന്‍റെ പശ്ചാത്തലത്തിൽ, തെളിവ് നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുള്ളതിനാൽ അന്വേഷണം പൂർത്തിയാകുന്നതുവരെ വിനോദ് കുമാറിനെ സർവീസിൽനിന്ന് സസ്പെൻഡ് ചെയ്യണമെന്ന് വിജിലൻസ് ഡറക്ടർ ശിപാർശ ചെയ്തിരുന്നു. ഇതുപ്രകാരമാണ് സസ്പെൻഷനെന്ന് അഡീഷനൽ ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ വ്യക്തമാക്കുന്നു.
വിവിധ കേസുകളിൽ ശിക്ഷിക്കപ്പെട്ട് ജയിലിൽ കഴിയുന്ന പ്രതികൾക്ക് സൗകര്യങ്ങളൊരുക്കാനും പെട്ടെന്ന് പരോൾ കിട്ടാൻ ഇടപെടാമെന്ന് പറഞ്ഞ് ബന്ധുക്കളിൽനിന്ന് പണം വാങ്ങിയെന്നാണ് വിനോദ് കുമാറിനെതിരായ കേസ്. പരോൾ നൽകാൻ പ്രതികളുടെ ബന്ധുക്കളിൽനിന്ന് 1.8 ലക്ഷം രൂപ വാങ്ങിയെന്ന കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് വിജിലൻസ് കേസെടുത്തത്. പൂജപ്പുര വിജിലൻസ് യൂനിറ്റ് ഡിവൈ.എസ്.പിക്കാണ് അന്വേഷണ ചുമതല. പരോളിന് കൈക്കൂലി വാങ്ങുന്നതായും ജയിലില്‍ പ്രത്യേക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി നല്‍കുന്നതായും വിനോദിനെതിരെ പരാതി ഉയര്‍ന്നിരുന്നു. ഇതുസംബന്ധിച്ച് ഇന്റലിജന്‍സാണ് വിജിലന്‍സിന് വിവരങ്ങള്‍ കൈമാറിയത്.
ടി.പി. ചന്ദ്രശേഖരൻ വധക്കേസ് കുറ്റവാളിയായ ജയിലിൽ കഴിയുന്ന കൊടിസുനിയുടെ ബന്ധുക്കളിൽനിന്നടക്കം വിനോദ് കുമാർ കോഴ വാങ്ങിയെന്ന് റിപ്പോർട്ട് വന്നിരുന്നു. ഗൂഗ്ള്‍ പേ വഴിയാണ് സുനിയുടെ അടുത്ത ബന്ധുവിൽ നിന്നും വിനോദ് കുമാർ പണം വാങ്ങിയത്. സുനിയടക്കം എട്ട് തടവുകാരുടെ ബന്ധുക്കളിൽനിന്നും ഡി.ഐ.ജി നേരിട്ട് പണം വാങ്ങിയതിന്‍റെ തെളിവുകള്‍ വിജിലൻസിന് ലഭിച്ചു. എ.ഡി.ജി.പി കഴിഞ്ഞാൽ തൊട്ടടുത്ത പ്രധാന പദവിയിലുള്ള ഉദ്യോഗസ്ഥനാണ് ഡി.ഐ.ജി. വിനോദ് കുമാറിന്റെ വഴിവിട്ട നടപടികൾ മാസങ്ങളായി വിജിലൻസ് നിരീക്ഷിച്ചുവരുകയായിരുന്നു.
സ്ഥലം മാറ്റത്തിന് ഉദ്യോഗസ്ഥരിൽനിന്നും ഡി.ഐ.ജി പണം വാങ്ങാറുണ്ടെന്ന് ഇന്‍റലിജൻസ് വിഭാഗത്തിന് വിവരം ലഭിച്ചിരുന്നു. ഈ റിപ്പോര്‍ട്ട് കൂടി പരിഗണിച്ചാണ് കേസെടുത്തത്. മുമ്പും പല കേസുകളിലും വിനോദ് കുമാർ ആരോപണവിധേയനായിട്ടുണ്ട്. രണ്ടുതവണ സസ്‌പെൻഷനിലായി. സംസ്ഥാനത്തെ മുഴുവൻ ജയിലിന്റെയും ഭരണനിർവഹണവുമായി ബന്ധപ്പെട്ട് പ്രധാന ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനാണ് ഇദ്ദേഹം.
ഭരണ നേതൃത്വവുമായി അടുപ്പമുള്ള ജയിൽ ആസ്ഥാന ഡിഐജി, സ്വാധീനമുപയോഗിച്ച് ജയിൽ സൂപ്രണ്ടുമാരെയും മറ്റ് ഉദ്യോഗസ്ഥരെയും വിരട്ടി കാര്യങ്ങള്‍ നടത്തുമായിരുന്നു എന്നാണ് വിജിലൻസിന്റെ കണ്ടെത്തൽ. വിയ്യൂർ ജയിലിലെ തടവുകാർക്ക് സൗകര്യങ്ങള്‍ ചെയ്യുന്നതിനായി വിരമിച്ച ഉദ്യോഗസ്ഥനെ ഏജൻറാക്കി പണം വാങ്ങിയതിൽ വിജിലൻസിന് തെളിവ് ലഭിച്ചു. തെക്കൻ കേരളത്തിലെ ഒരു സബ് ജയിലിലെ സൂപ്രണ്ടിൽ നിന്നും ഗൂഗിള്‍ പേയിലൂടെ പണം വാങ്ങിയതിനും തെളിവ് ലഭിച്ചു. വിനോദ് കുമാറിന്റെ അനധികൃത സ്വത്ത് സമ്പാദനം അന്വേഷിക്കാനും വിജിലൻസ് ഡയറക്ടർ മനോജ് എബ്രഹാം ഉത്തരവിട്ടിട്ടുണ്ട്.
സ്ഥിരമായി ജോലിക്ക് ഹാജരാകാത്തതിന് കണ്ണൂർ ജയിൽ സൂപ്രണ്ടായിരുന്നപ്പോൾ സസ്പെൻഷൻ നേരിട്ട ആളാണ് വിനോദ് കുമാർ. ടി.പി കേസിലെ പ്രതികള്‍ക്ക് വിയ്യൂരിൽ വഴിവിട്ട സൗകര്യങ്ങളൊരുക്കിയതിനാണ് രണ്ടാമത്തെ സസ്പെൻഷൻ. വകുപ്പുതല അന്വേഷണങ്ങളെല്ലാം ഒതുക്കി ഒന്നാം പിണറായി സർക്കാരിന്റെ കാലത്ത് ഡി.ഐ.ജിയായ ഉയർത്തിയ വിനോദ് കുമാറിനെ ജയിൽ ആസ്ഥാനത്ത് നിയമിച്ചു. നിരവധി പരാതികള്‍ വന്നപ്പോഴും, ജോലിയിൽ വീഴ്ച വരുത്തിയിപ്പോഴും ഡി.ഐ.ജിയെ ജയിൽ ആസ്ഥാനത്തുമാറ്റണമെന്ന് ജയിൽ മേധാവിമാർ ആഭ്യന്തരവകുപ്പിനോട് ആവശ്യപ്പെട്ടെങ്കിലും ഉദ്യോഗസ്ഥന് സംരക്ഷണം നൽകി. വിരമിക്കാൻ നാല് മാസം ബാക്കി നിൽക്കേയാണ് വിജിലൻസ് കേസിൽ പ്രതിയാകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.