‘ഡ്രോൺ പറത്തി സ്ത്രീകളുടെയും കുട്ടികളുടെയും ദൃശ്യങ്ങൾ പകർത്തി’; മാധ്യമങ്ങൾക്കെതിരെ പരാതിയുമായി ദിലീപിന്‍റെ സഹോദരി

കൊച്ചി: നടൻ ദിലീപിന്റെ സ്വകാര്യ വസതിയിൽ നിയമവിരുദ്ധമായി ഡ്രോൺ പറത്തി നിരീക്ഷണം നടത്തുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്ത സംഭവത്തിൽ മാധ്യമങ്ങൾക്കെതിരെ പരാതി. ദിലീപിന്റെ സഹോദരി എസ്. ജയലക്ഷ്മി ആണ് മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കുമെതിരെ ആലുവ സ്റ്റേഷനിൽ പരാതി നൽകിയത്. റിപ്പോർട്ടർ ടി.വി, ഏഷ്യാനെറ്റ് ന്യൂസ് എന്നീ ചാനലുകൾക്കും മേധാവികൾക്കുമെതിരെ നിയമനടപടി വേണമെന്നാണ് പരാതിയിൽ ആവശ്യപ്പെടുന്നത്.

ചാനലുകൾ വീട്ടുപറമ്പിലേക്ക് ഡ്രോൺ അയക്കുകയും, സ്ത്രീകളും കുട്ടികളും അടക്കമുള്ള വീട്ടിലെ എല്ലാവരുടെയും സ്വകാര്യതയിലേക്ക് അതിക്രമിച്ചു കയറുകയും ചെയ്തതായി പരാതിയിൽ പറയുന്നു. ഡ്രോൺ ഉപയോഗിച്ച് അവർ ദിലീപിന്റെ മാത്രമല്ല, വീട്ടിലെ സ്ത്രീകളുടെയും കുട്ടികളുടെയും ദൃശ്യങ്ങൾ പകർത്തുകയും അത് സംപ്രേഷണം ചെയ്യുകയും ചെയ്തതായി പരാതിയിൽ ആരോപിക്കുന്നുണ്ട്. വീട്ടിലെ അംഗങ്ങളുടെ അനുമതിയില്ലാതെയാണ് ഡ്രോൺ പ്രവർത്തിപ്പിച്ചതെന്നും ഇത് സ്വകാര്യതയുടെ നഗ്നമായ ലംഘനമാണെന്നും പരാതിക്കാരി വ്യക്തമാക്കി.

ദിലീപ് പ്രതിയായിരുന്ന ബലാത്സംഗക്കേസിൽ വിധി വന്ന ദിവസം മാധ്യമങ്ങൾ ഡ്രോൺ ഉപയോഗിച്ച് ദൃശ്യങ്ങൾ പകർത്തിയിരുന്നു. ദിലീപ് കുറ്റകൃത്യത്തിൽ പ​ങ്കെടുത്തതിന് തെളിവില്ലെന്നായിരുന്നു കോടതി നിരീക്ഷിച്ചു. എറണാകുളം പ്രിൻസിപ്പൽ ​സെഷൻസ് കോടതി ജഡ്ജി ഹണി.എം വർഗീസാണ് കേസിൽ വിധി പ്രസ്താവിച്ചത്. ഒന്ന് മുതൽ ആറ് വരെയുള്ള പ്രതികളായ എൻ.എസ് സുനിൽ (പൾസർ സുനി), മാർട്ടിൻ ആന്‍റണി, ബി. മണികണ്ഠൻ, വി.പി. വിജീഷ്, എച്ച്. സലിം, പ്രദീപ് എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.

ഒന്നു മുതൽ ആറ് വരെ പ്രതികൾക്കെതിരെ ചുമത്തിയ ബലാത്സംഗം ഉൾപ്പെടെയുള്ള കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞു. എന്നാൽ, ഏഴ് മുതലുള്ള പ്രതികൾക്കെതിരെ ചുമത്തിയ ഗൂഢാലോചന, തെളിവ് നശിപ്പിക്കൽ കുറ്റങ്ങൾ തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. ദിലീപിനൊപ്പം ഏഴാം പ്രതി ചാർളി തോമസ്, ഒമ്പതാം പ്രതി സനിൽകുമാർ, പത്താം പ്രതി ശരത് ജി. നായർ എന്നിവരെയാണ് കോടതി വെറുതെവിട്ടത്. 

Tags:    
News Summary - dileeps sister files complaint against media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.