ഗുരുവായൂർ സീറ്റ് കോൺഗ്രസ് ഏറ്റെടുക്കുമെന്ന അഭ്യൂഹം തള്ളി പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: വർഷങ്ങളായി മുസ്ലിം ലീഗിന്‍റെ പക്കലുള്ള ഗുരുവായൂര്‍ സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന അഭ്യൂഹങ്ങള്‍ തള്ളി പ്രതിപക്ഷനേതാവ് വി.ഡി സതീശൻ. നിയമസഭ തെരഞ്ഞെടുപ്പ് സംബന്ധിച്ച് മുസ്‌ലിം ലീഗുമായുള്ള ഉഭയകകക്ഷി ചര്‍ച്ചകള്‍ തുടങ്ങുന്നതേയുള്ളൂ. കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന ചര്‍ച്ച നടന്നിട്ടേയില്ലെന്നും വി.ഡി സതീശന്‍ പ്രതികരിച്ചു. നിയമസഭാ തെരഞ്ഞെടുപ്പില്‍ കെ. മുരളീധരന്‍ തൃശൂരില്‍ മത്സരിക്കുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നു. ഇതേക്കുറിച്ചായിരുന്നു പ്രതിപക്, നേതാവിന്‍റെ പ്രതികരണം.

നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഗുരുവായൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാന്‍ മുരളീധരന് നേതൃത്വം നിര്‍ദേശം നല്‍കിയിട്ടുണ്ട്. എന്നാല്‍, ഗുരുവായൂരില്‍ മത്സരിക്കുമെന്നത് മാധ്യമസൃഷ്ടിയാണെന്നും താന്‍ ഗുരുവായൂര്‍ ഭക്തന്‍ മാത്രമാണെന്നും മുരളീധരന്‍ പ്രതികരിച്ചിരുന്നു. തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ആഗ്രഹമില്ലെന്നും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കാനാണ് തനിക്ക് ആഗ്രഹമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗുരുവായൂര്‍ സീറ്റ് ഒരിക്കലും വിട്ടുകൊടുക്കില്ലെന്ന ലീഗ് ജില്ല പ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റും നടത്തിയ പ്രസ്താവനക്ക് മറുപടിയായി ഗുരുവായൂരില്‍ കൈപ്പത്തി ചിഹ്നത്തില്‍ ഒരാള്‍ നിയമസഭയിലേക്ക് മത്സരിക്കണമെന്നാണ് ആഗ്രഹമെന്ന് തൃശൂർ ഡി.സി.സി പ്രസിഡന്റ് ജോസഫ് ടാജറ്റ് അഭിപ്രായപ്പെട്ടിരുന്നു.

വര്‍ഷങ്ങളായി എൽ.ഡി.എഫ് ജയിക്കുന്ന മണ്ഡലമാണ് ഗുരുവായൂര്‍. നിരവധി പരീക്ഷണം നടത്തിയിട്ടും ഇവിടെ യു.ഡി.എഫിന് വിജയിക്കാനായിരുന്നില്ല. ഇതുകൊണ്ടുകൂടിയാണ് കോണ്‍ഗ്രസ്സ് സീറ്റ് ഏറ്റെടുക്കണമെന്ന് പ്രവര്‍ത്തകര്‍ ആവശ്യം ഉന്നയിച്ചത്. ഇത് സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും ടാജറ്റ് പറഞ്ഞു. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം യു.ഡി.എഫ് നേതൃത്വമാണ് തീരുമാനമെടുക്കേണ്ടതെന്നും ടാജറ്റ് പറഞ്ഞിരുന്നു. 

Tags:    
News Summary - Opposition leader denies rumours of Congress taking over Guruvayur seat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.