കൊച്ചി: കസ്റ്റംസ് അധികൃതരുടെ അനുമതിയില്ലാതെ ലക്ഷദ്വീപ് സമൂഹത്തിൽ രഹസ്യമായി എ ത്തിയ വിദേശ ഉല്ലാസ നൗക കസ്റ്റംസ് പ്രിവൻറിവ് അധികൃതർ പിടികൂടി. സംശയകരമായ സാഹ ചര്യത്തിൽ കൊച്ചിയിലെത്തിയ സ്വിറ്റ്സർലൻഡ് രജിസ്ട്രേഷനുള്ള എസ്.വൈ. സീ ഡ്രീംസ് എന്ന ഉല്ലാസ പായ്ക്കപ്പലാണ് പിടികൂടിയത്.
18 ദിവസത്തിനിടെ ലക്ഷദ്വീപിലെ ബങ്കാരം, കൽപ്പേനി, അഗത്തി, കടമത്ത്, അമിനി, കരവത്തി ദ്വീപുകളിൽ ഉല്ലാസ നൗക നങ്കൂരമിട്ടതായി കസ്റ്റംസ് കണ്ടെത്തി. ലക്ഷദ്വീപിൽ കസ്റ്റംസ് വകുപ്പിെൻറയും കോസ്റ്റ് ഗാർഡിെൻറയും കണ്ണുവെട്ടിച്ച് ഉല്ലാസ നൗക എത്താനിടയായതിനെ കുറിച്ച് കേന്ദ്ര ഇൻറലിജൻസ് ബ്യൂറോ (ഐ.ബി) ഉൾപ്പെടെ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. കൊച്ചി ബോൾഗാട്ടിയിലെ മറീനയിൽ നങ്കൂരമിട്ടശേഷം ഉടമ വിദേശത്തേക്ക് മടങ്ങിയതിനെ തുടർന്നാണ് സംഭവം പുറത്തായത്.
അംഗീകൃത തുറമുഖങ്ങളിൽ നങ്കൂരമിടാൻ മാത്രമേ വിദേശ യാനങ്ങൾക്ക് അനുമതിയുള്ളൂ. 2018 ഫെബ്രുവരി 23ന് കൊച്ചി തുറമുഖത്ത് എത്തിയ ഉല്ലാസ നൗക 26 മുതൽ നവംബർ 13 വരെ ഒമ്പത് മാസം ബോൾഗാട്ടി മറീനയിൽ നങ്കൂരമിട്ടു. നവംബർ 13ന് ലക്ഷദ്വീപിലേക്ക് പോയശേഷം ഡിസംബർ ഒന്നിന് വീണ്ടും ബോൾഗാട്ടിയിൽ തിരിച്ചെത്തി. അന്നുമുതൽ മറീനയിൽ കിടക്കുകയാണ്.
അനുമതിയില്ലാതെ ലക്ഷദ്വീപിൽ പ്രവേശിച്ചത് എന്തിനാണെന്ന കാര്യം അന്വേഷണത്തിലാണെന്ന് കസ്റ്റംസ് കമീഷണർ (പ്രിവൻറിവ്) സുമിത് കുമാർ അറിയിച്ചു. ഉല്ലാസ നൗകയുടെ ഉടമയും സ്വിറ്റ്സർലൻഡ് സ്വദേശിയുമായ തോമസ് റെയ്ചെർട്ട് ഒരു മാസം കഴിഞ്ഞേ കൊച്ചിയിൽ മടങ്ങിയെത്തൂ. കസ്റ്റംസ് അസി. കമീഷണർ പി.ജി. ലാലു, സൂപ്രണ്ടുമാരായ ജോസ്കുട്ടി ജോർജ്, എസ്.കെ. ചിത്ര, വിവേക്, ഇൻസ്പെക്ടർമാരായ സണ്ണി തോമസ്, സിദ്ധാർഥ് ചൗധരി, റോബിൻ എന്നിവരുടെ നേതൃത്വത്തിലാണ് ഉല്ലാസ നൗക കസ്റ്റഡിയിലെടുത്തത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.