തിരുവനന്തപുരം: ഫാഷിസം വളർന്നുപന്തലിക്കുന്നത് വെറുതേ നോക്കിയിരിക്കാൻ എഴുത്തുകാർക്ക് കഴിയില്ലെന്ന് പ്രശസ്‌ത എഴുത്തുകാരി അരുന്ധതി റോയി. മലയാറ്റൂർ ഫൗണ്ടേഷൻ ഏർപ്പെടുത്തിയ സമഗ്ര സാഹിത്യ സംഭാവനക്കുള്ള പ്രഥമ മലയാറ്റൂർ പുരസ്‌കാരം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അവർ.
ഫാഷിസത്തിന്റെ ആക്രമണത്തിനെതിരെ നിലകൊള്ളുന്ന അവസാന പ്രതിരോധ കേന്ദ്രങ്ങളിലൊന്നാണ് കേരളം. വടക്കേ ഇന്ത്യയിൽ ഫാഷിസം പൊതുജനങ്ങൾക്കിടയിൽ അപകടകരമായ രീതിയിലേക്ക് എത്തി. കേരളം ഫാഷിസത്തിന്റെ പലതരം ആക്രമണങ്ങൾക്ക് വിധേയമാകുന്നുണ്ട്. ആ തീ ആളിക്കത്താൻ അനുവദിക്കരുത്. അങ്ങനെയുണ്ടായാൽ കേരളം മറ്റൊരു ലെബനൻ ആകും. ഫാഷിസത്തിനെതിരെ ഒന്നിച്ച് പോരാടണം.
തിരുവനന്തപുരം കോർപറേഷൻ തെരഞ്ഞെടുപ്പ് ഫലം ദുഃഖകരമായിരുന്നു. അത് ഇനി ആവർത്തിക്കരുതെന്നും അരുന്ധതി പറഞ്ഞു. 50,000 രൂപയും ബി.ഡി ദത്തൻ രൂപകല്‌പന ചെയ്‌ത ശിൽപവും പ്രശസ്‌തിപത്രവുമടങ്ങുന്ന പുരസ്‌കാരം കവിയും തിരുവിതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റുമായ കെ. ജയകുമാർ സമ്മാനിച്ചു.
നടൻ ജയറാം എഴുത്തുകാരനും തന്റെ വല്യച്‌ഛനുമായ മലയാറ്റൂരിനെക്കുറിച്ച ബാല്യകാല ഓർമകൾ പങ്കുവച്ചു. മലയാറ്റൂർ ഫൗണ്ടേഷൻ ട്രസ്‌റ്റ് വൈസ് പ്രസിഡന്റ് നൗഷദ് എം. അലി അധ്യക്ഷത വഹിച്ചു. സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ, ഫൗണ്ടേഷൻ സെക്രട്ടറി പി.ആർ. ശ്രീകുമാർ, ജൂറി ചെയർമാൻ ഡോ. വി. രാജാകൃഷ്ണൻ, ചിത്രകാരനും ശിൽപിയുമായ ബി.ഡി. ദത്തൻ, സി. റഹീം, ജോൺ തോമസ് തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.