പ്രതീകാത്മക ചിത്രം

ചിക്കൻ കറിയിൽ പുഴുക്കൾ; കഴിച്ച നാലു വയസ്സുകാരൻ ചികിത്സ തേടി

ചാലക്കുടി (തൃശൂർ): പോട്ട സുന്ദരിക്കവലയിലെ ഹോട്ടലിൽ ചിക്കൻ കറിയിൽ പുഴുക്കളെ കണ്ടെത്തി. സുന്ദരിക്കവലയിൽ മേൽപാലം ഇറങ്ങിയെത്തുന്നിടത്ത് റോഡരികിലുള്ള പേരെഴുതാത്ത ഹോട്ടലിലാണ് പുഴുവരിച്ച ഇറച്ചിക്കറി നൽകിയത്. ഇത് കഴിച്ചതിനെ തുടർന്ന് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെട്ട നാലു വയസ്സുകാരൻ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. കല്ലൂർ സ്വദേശി തളിക്കുളം ജിത്തു ജോസഫും ഭാര്യയും സമീപത്തെ ആശുപത്രിയിൽനിന്ന് ഡിസ്ചാർജ് ചെയ്ത് മടങ്ങുമ്പോഴാണ് കുട്ടിക്ക് വിശന്നപ്പോൾ ഹോട്ടലിൽ കയറിയത്. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. 

വാങ്ങിയ ഉടനെ മണത്തെതുടർന്ന് സംശയം തോന്നി കടയുടമയുടെ ശ്രദ്ധയിൽ പെടുത്തിരുന്നു. എന്നാൽ, ഒരു കുഴപ്പവുമില്ലെന്നും ചിക്കൻ ഞങ്ങൾതന്നെ കഴുകി വൃത്തിയാക്കി പാകം ചെയ്തതാണെന്നുമുള്ള മറുപടിയാണ് ലഭിച്ചത്. വീട്ടിലെത്തി പാർസൽ ഭക്ഷണം കഴിച്ച് കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചപ്പോഴാണ് ബാക്കി ഇറച്ചിക്കറി പരിശോധിച്ചത്. ഇതിൽ പുഴുക്കളെ കണ്ടെത്തി. ഇതിനിടെ വയറുവേദനയെടുത്ത് കുട്ടി കരയാനും തുടങ്ങി. ദമ്പതികൾ ഇറച്ചി കഴിച്ചിരുന്നില്ല. ഉടൻ കുട്ടിയെ ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു.

പുഴുവരിച്ച ബാക്കി ഇറച്ചിക്കറിയുമായി ഇവരെത്തിയപ്പോൾ, ഹോട്ടലിൽ കുറച്ചു ദിവസമായി പെയിന്റിങ് നടക്കുന്നതിനാൽ മറ്റൊരാളിൽനിന്ന് വാങ്ങിയ ഇറച്ചിക്കറിയായിരുന്നെന്ന് മറുപടി നൽകി കടയുടമ ഒഴിഞ്ഞുമാറി. ഇതോടെ ​നേരിയ സംഘർഷമുണ്ടായി. ദമ്പതികൾ പൊലീസ് സ്റ്റേഷനിലും ആരോഗ്യ വിഭാഗത്തിലും പരാതി നൽകി.

Tags:    
News Summary - Worms in Chicken Curry; four-year-old boy in treatment

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.