വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംഘടിപ്പിച്ച കേരള ടീച്ചേഴ്സ് കോൺഫറൻസ് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ ഉദ്ഘാടനം ചെയ്യുന്നു

അധ്യാപകരിലെ ജോലിഭാരം പഠന നിലവാരത്തെ ബാധിക്കും -വിസ്ഡം യൂത്ത് കേരള ടീച്ചേഴ്സ് കോൺഫറൻസ്

പട്ടാമ്പി: അധ്യാപനത്തിന് പുറമെ നിരന്തരമായി സർക്കാറിന്‍റെ വിവിധ സേവനമേഖലകളുമായി ബന്ധപ്പെട്ട ചുമതലകൾ നൽകി അധ്യാപകർക്ക് അമിത ജോലിഭാരമേൽപ്പിക്കുന്നത് പഠനനിലവാരം തകരാൻ കാരണമാകുമെന്ന് വിസ്ഡം ഇസ്‌ലാമിക് യൂത്ത് ഓർഗനൈസേഷൻ സംസ്ഥാന സമിതി പട്ടാമ്പിയിൽ സംഘടിപ്പിച്ച നാലാമത് കേരളാ ടീച്ചേഴ്സ് കോൺഫറൻസ് അഭിപ്രായപ്പെട്ടു.

അമിത ജോലി ഭാരം അധ്യാപകരിൽ മാനസിക സമ്മർദം ഉണ്ടാക്കും. സിലബസ് അനുസൃതമായ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങൾ നടത്താനും അനുഭവങ്ങൾ പകർന്നു നൽകാനും മതിയായ സമയം നിലവിലെ സാഹചര്യത്തിൽ സ്കൂളുകളിൽ ലഭിക്കുന്നില്ല എന്നിരിക്കെ മറ്റു ചുമതലകൾ ഇടക്കിടെ ഏൽപ്പിക്കുന്നത് വിദ്യാഭ്യാസ മേഖലയിൽ ഗുരുതര സാമൂഹിക പ്രശ്നങ്ങൾ ക്ഷണിച്ച് വരുത്തും. വോട്ടർ പട്ടിക പുതുക്കുന്നതിന്‍റെ ഭാഗമായി ധാരാളം അധ്യാപകർ ഫീൽഡിലാണ്. പല ക്ലാസ്സുകളിലും അധ്യാപകരില്ലാതെ പഠനം മുടങ്ങിയിട്ടുണ്ട്. സ്ഥിരം അധ്യാപകർക്ക് പകരം താൽക്കാലിക അധ്യാപകരെ നിയമിക്കുന്നത് പഠനത്തെ ബാധിക്കുമെന്നും അത് വിദ്യാർഥികളിലെ പഠന നിലവാരം കുറയുന്നതിന് കാരണമാകുമെന്നും സമ്മേളനം അഭിപ്രായപ്പെട്ടു.

പുതിയ പാഠ പുസ്തകങ്ങളിലെ ജെൻഡർ ന്യൂട്രാലിറ്റിയടക്കമുള്ള ലിബറൽ ചിന്താഗതികളെ പ്രോത്സാഹിപ്പിക്കുന്ന പാഠഭാഗങ്ങൾ പിൻവലിക്കണം. അമിതമായ ഉപഭോഗ സംസ്കാരത്തിനും സോഷ്യൽ മീഡിയ, ലഹരി അഡിക്ഷനുകൾക്കും പരിഹാരമാർഗങ്ങൾ വിദ്യാലയ പ്രവർത്തനങ്ങളിൽ കൂടുതൽ കാര്യക്ഷമമായി ഉൾപ്പെടുത്തണമെന്നും കോൺഫറൻസ് ആവശ്യപ്പെട്ടു. വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന വൈസ് പ്രസിഡന്‍റ് കുഞ്ഞി മുഹമ്മദ് മദനി പറപ്പൂർ സമ്മേളനം ഉദ്ഘാടനം ചെയ്തു. വിസ്ഡം യൂത്ത് സംസ്ഥാന പ്രസിഡന്‍റ് താജുദ്ദീൻ സ്വലാഹി അധ്യക്ഷത വഹിച്ചു. മുഹമ്മദ് മുഹ്സിൻ എം.എൽ.എ മുഖ്യാതിഥിയായി.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. അഷ്റഫ്, വിസ്ഡം യൂത്ത് സംസ്ഥാന ജനറൽ സെക്രട്ടറി ടി.കെ. നിഷാദ് സലഫി, പീസ് റേഡിയോ സി.ഇ.ഒ ഹാരിസ് ബിൻ സലീം, യു. മുഹമ്മദ് മദനി, മുഹമ്മദ് സാദിഖ് മദീനി, ഷബീബ് സ്വലാഹി, ജംഷീർ സ്വലാഹി, ടി. മുഹമ്മദ് ഷമീൽ, പി.കെ. അംജദ് മദനി, മുനവ്വർ സ്വലാഹി, സമീർ മുണ്ടേരി, അബ്ദുറഹിമാൻ ചുങ്കത്തറ, സുൽഫിക്കർ സ്വലാഹി, ഷമീം എം. വണ്ടൂർ, ഷംജാസ് കെ. അബ്ബാസ്, സി.പി. ഹിലാൽ സലീം, എം. ഹബീബ് റഹ്മാൻ, ഡോ. അഹസനു സമാൻ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധങ്ങൾ അവതരിപ്പിച്ചു.

വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന സെക്രട്ടറി ഹാരിസ് ബിൻ സലീം വിവർത്തനം ചെയ്ത തഫ്സീർ സഅദിയുടെ പ്രകാശനം കുഞ്ഞിമുഹമ്മദ് മദനി പറപ്പൂർ നിർവഹിച്ചു. വിവിധ വിഷയങ്ങളിൽ ഡോക്ടറേറ്റ് നേടിയ സാജി തോണിക്കര, വി. അബ്ദുൽ ലത്തീഫ് അൻസാരി, മൊയ്തീൻ കുട്ടി കല്ലറ, ഷുറൈഹ് സലഫി എന്നിവർക്ക് ഉപഹാരങ്ങൾ സമർപ്പിച്ചു. ടീച്ചേഴ്സ് കോൺഫറൻസിന്റെ ഭാഗമായി വിദ്യാർഥികൾക്കായി നാല് വേദികളിൽ വിദ്യാർഥി സമ്മേളനങ്ങൾ സംഘടിപ്പിച്ചു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറുകണക്കിന് അധ്യാപകർ പങ്കെടുത്തു.

Tags:    
News Summary - Workload among teachers will affect the quality of learning - Wisdom Youth Kerala Teachers Conference

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.