പത്തനംതിട്ട: രാജ്യത്തെ മാധ്യമ പ്രവർത്തകർക്ക് നിയമപരവും തൊഴിൽപരവുമായ സംരക്ഷണം ഉറപ്പാക്കുന്ന വർക്കിങ് ജേണലിസ്റ്റ് ആക്ട് പുനഃസ്ഥാപിക്കണമെന്ന് കേരള പത്രപ്രവർത്തക യൂനിയൻ(കെ.യു.ഡബ്ല്യു.ജെ) സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു. ദൃശ്യമാധ്യമങ്ങളെ കൂടി ഉൾപ്പെടുത്തി വർക്കിങ് ജേണലിസ്റ്റ് ആക്ട് 2026 എന്ന പേരിൽ പുതിയ നിയമം എത്രയും വേഗം നടപ്പാക്കണം. പുതിയ ലേബർ കോഡ് പ്രകാരം ഒരു സാധാരണ കാറ്റഗറിയായി മാധ്യമ പ്രവർത്തനം മാറിയിരിക്കുകയാണെന്നും പ്രത്യേക നിയമ പരിരക്ഷ ആവശ്യമുള്ള വിഭാഗമെന്ന നിലയിൽ വർക്കിങ് ജേണലിസ്റ്റ് ആക്ട് പുതുക്കി പ്രാബല്യത്തിൽ വരുത്തേണ്ടതാവശ്യമാണെന്നും സമ്മേളനം അംഗീകരിച്ച പ്രമേയം ആവശ്യപ്പെട്ടു.
പത്രപ്രവർത്തക പെൻഷൻ 20,000 രൂപയായി വർധിപ്പിക്കണം. പെൻഷൻ ഫണ്ട് കണ്ടെത്താൻ മാധ്യമസ്ഥാപനങ്ങൾക്ക് സർക്കാർ നൽകുന്ന പരസ്യത്തിൽ നിന്നും നിശ്ചിത ശതമാനം സെസ് പിരിക്കാനുള്ള സർക്കാർ നീക്കം ഊർജിതപ്പെടുത്തണമെന്നും മുഴുവൻ പെൻഷന് 35 വർഷമെന്ന മാനദണ്ഡം അടക്കമുള്ള കരടിലെ നിർദേശം പിൻവലിക്കണം.
മാധ്യമ സ്ഥാപനങ്ങളിലെ തൊഴിൽ പ്രശ്നങ്ങൾ പഠിക്കാൻ റിട്ട. ജഡ്ജി അധ്യക്ഷനായി ജുഡീഷ്യൽ കമീഷൻ രൂപവത്കരിക്കണം. ശമ്പള പ്രതിസന്ധിയടക്കം മാധ്യമ ജീവനക്കാർ രൂക്ഷമായ തൊഴിൽ ചൂഷണം നേരിട്ടുവരികയാണ്. മാധ്യമ പ്രവർത്തകരുടെ ജീവിതഭാരം ഇരട്ടിയാക്കുന്ന തരത്തിൽ അന്യായവും അനാവശ്യവുമായ സ്ഥലംമാറ്റങ്ങളും അടിച്ചേൽപ്പിച്ച് വരികയാണ്. പണിയെടുത്തതിന്റെ കൂലി അടക്കം ന്യായമായ അവകാശങ്ങൾക്കുവേണ്ടി ശബ്ദിക്കുന്നവരെ അന്യായമായ അച്ചടക്ക നടപടിയിലൂടെയും മറ്റും സ്ഥാപനങ്ങളിൽ നിന്നും പുറന്തള്ളാനും കൊണ്ടുപിടിച്ച ശ്രമം നടന്നുവരികയാണെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
പ്രസിഡന്റ് കെ.പി റജി അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുരേഷ് എടപ്പാൾ റിപ്പോർട്ടും ട്രഷറർ മധുസൂദനൻ കർത്ത കണക്കും അവതരിപ്പിച്ചു. വൈസ് പ്രസിഡന്റുമാരായ കെ. വിജേഷ്, പി.എം. കൃപ, സെക്രട്ടറിമാരായ ബിനിത ദേവസി, ഫിലിപ്പോസ് മാത്യു, ബി. അഭിജിത് എന്നിവർ നേതൃത്വം നൽകി. സംഘാടക സമിതി ജനറൽ കൺവീനർ ബോബി എബ്രഹാം സ്വാഗതവും യൂനിയൻ ജില്ല പ്രസിഡന്റ് ബിജു കുര്യൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.