തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പിൽ സി.പി.ഐ മത്സരിക്കുന്ന 25 സീറ്റുകളിലെയും സ്ഥാനാർഥികളുടെ ചിത്രം തെളിയുന്നു. രണ്ടാം പിണറായി മന്ത്രിസഭയിലെ സി.പി.ഐ മന്ത്രിമാരായ കെ. രാജൻ, പി. പ്രസാദ്, ചിഞ്ചുറാണി, ജി.ആർ. അനിൽ എന്നിവർ ഇത്തവണയും ജനവിധി തേടും. തൃശൂരിൽ കവിയും എഴുത്തുകാരനുമായ ആലങ്കോട് ലീലാകൃഷ്ണൻ സ്ഥാനാർഥിയാകും. ഹരിപ്പാട് രമേശ് ചെന്നിത്തലക്കെതിരെ എ.ഐ.വൈ.എഫ് സംസ്ഥാന സെക്രട്ടറി ടി.ടി. ജിസ്മോൻ മത്സരിക്കും. പറവൂരിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ ഇ.ടി. ടൈസൺ മാസ്റ്റർ മത്സരിക്കും.
മൂന്നു തവണ മത്സരിച്ചവർ വീണ്ടും മത്സരിക്കേണ്ട എന്ന മാനദണ്ഡം കർശനമായി നടപ്പാക്കാൻ തീരുമാനിച്ചു. ഒരുതവണ മത്സരിച്ച പി. ബാലചന്ദ്രൻ (തൃശൂർ), സി.സി. മുകുന്ദൻ(നാട്ടിക) എന്നിവർക്ക് ഇത്തവണ സീറ്റില്ല. രണ്ട് തവണ മത്സരിച്ച സി.കെ. ആശക്കും (വൈക്കം) സീറ്റില്ല. മൂന്ന് ടേം പൂർത്തിയാക്കിയ ആറ് പേരെയും ഒഴിവാക്കി. സംസ്ഥാന സെക്രട്ടറിയേറ്റ്, നിർവാഹക സമിതി, കൗൺസിൽ യോഗങ്ങൾക്ക് ശേഷമാണ് സ്ഥാനാർഥി പട്ടികക്ക് രൂപം നൽകിയത്. നിലവിൽ കൈപ്പമംഗലം എം.എൽ.എയായ ടൈസൺ മാസ്റ്റർ ഇവിടെ രണ്ട് ടേം പൂർത്തിയാക്കിയ സാഹചര്യത്തിലാണ് പറവൂരിലേക്ക് മാറുന്നത്. ഇ. ചന്ദ്രശേഖരന് (കാഞ്ഞങ്ങാട്), ഇ.കെ. വിജയൻ (നാദാപുരം), ചിറ്റയം ഗോപകുമാർ (അടൂർ), ജി.എസ്. ജയലാൽ (ചാത്തന്നൂർ), പി.എസ്. സുപാൽ (പുനലൂര്‍), വി. ശശി (ചിറയന്‍കീഴ്) എന്നിവരാണ് മൂന്ന് ടേം പൂർത്തിയാക്കിയതിനാൽ ഒഴിവാക്കപെടുന്നത്.
സ്ഥാനാർഥി പട്ടിക: (നിയോജക മണ്ഡലം സ്ഥാനാർഥി എന്ന ക്രമത്തിൽ): 1. കാഞ്ഞങ്ങാട്-ഗോവിന്ദൻ പള്ളിക്കാപ്പിൽ. 2. നാദാപുരം-പി. വസന്തം. 3. തിരൂരങ്ങാടി- അജിത്. കൊളാടി. 4. ഏറനാട്- ഷഫീർ കീഴിശ്ശേരി. 5. പട്ടാമ്പി - മുഹമ്മദ് മുഹ്സിൻ. 6. മണ്ണാർക്കാട്- മൻസിൽ ബക്കർ. 7 മഞ്ചേരി- വി.എം. മുസ്തഫ. 8 ഒല്ലൂർ - കെ. രാജൻ. 9. കൈപ്പമംഗലം - വത്സരാജ്. 10 കൊടുങ്ങല്ലൂർ- വി.ആർ. സുനിൽകുമാർ. 11. തൃശ്ശൂർ - ആലങ്കോട് ലീലാകൃഷ്ണൻ. 12 നാട്ടിക - ഗീതാ ഗോപി. 13. വൈക്കം - പ്രദീപ്കുമാർ. 14 പീരുമേട് - കെ. സലിംകുമാർ. 15 മൂവാറ്റുപുഴ - എൻ. അരുൺ. 17 പറവൂർ - ഇ.ടി. ടൈസൺ. 17 ചേർത്തല - പി. പ്രസാദ്. 18 ഹരിപ്പാട് -ടി.ടി. ജിസ്മോൻ. 19 അടൂർ - പ്രജി ശശിധരൻ. 20 കരുനാഗപ്പള്ളി - എം എസ് താര. 21 ചാത്തന്നൂർ - ആർ. രാജേന്ദ്രൻ. 22 പുനലൂർ - അജയ് പ്രസാദ്. 23 ചടയമംഗലം - ചിഞ്ചു റാണി. 24 ചിറയിൻകീഴ് - മനോജ് ഇടമന. 25 നെടുമങ്ങാട് - ജി.ആർ. അനിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.