കൊച്ചി: കേരള സന്ദർശന വേളയിൽ സുരക്ഷാ ചുമതലകൾക്കായി പഴയ ഗൺമാനെ കൂടെക്കൂട്ടി മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാർ. 2002ൽ ഗ്യാനേഷ് കുമാർ എറണാകുളം ജില്ല കലക്ടറായിരുന്ന കാലത്ത് ഗൺമാനായിരുന്നു സാബു വർഗീസിനെ സുരക്ഷാ ചുമതലക്ക് വേണമെന്ന് അദ്ദേഹം ഡി.ജി.പിയോട് ആവശ്യപ്പെടുകയായിരുന്നു. നിയമസഭ തെരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങൾ വിലയിരുത്താൻ മൂന്നു ദിവസത്തെ സന്ദർശനത്തിനായി കൊച്ചിയിൽ എത്തിയതായിരുന്നു മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ.
2002ൽ അവധിയിലായിരുന്ന ഗൺമാന് പകരക്കാരനായാണ് സാബു വർഗീസ് കലക്ടറുടെ സുരക്ഷാ ഡ്യൂട്ടിയിൽ പ്രവേശിക്കുന്നത്. അവധിയിലായിരുന്ന ഗൺമാൻ തിരികെ എത്തിയിട്ടും തന്നോട് തുടരാൻ പറയുകയായിരുന്നു എന്ന് സാബു ഓർക്കുന്നു. തുടർന്ന് 2004 വരെ സാബു ഗ്യാനേഷ് കുമാറിനൊപ്പം സേവനമനുഷ്ഠിച്ചു. നിലവിൽ വിമാനത്താവളത്തിൽ ലെയ്സൺ ഓഫിസറായി ജോലി ചെയ്യുന്ന സാബു വർഷങ്ങൾക്കു ശേഷം ഗ്യാനേഷ് കുമാറിന്റെ സുരക്ഷാ ചുമതല വഹിക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ്. സന്ദർശനവേളയിൽ സാബു തനിക്ക് സഹോദരനെ പോലെയാണെന്ന് അദ്ദേഹം മറ്റു ഉദ്യോഗസ്ഥരോട് പറഞ്ഞപ്പോൾ ഏറെ അഭിമാനം തോന്നിയെന്നും സാബു പറയുന്നു.
ഡൽഹിയിലേക്ക് തിരികെ പോകാൻ വിമാനത്താവളത്തിൽ എത്തിയപ്പോൾ ഗ്യാനേഷ് കുമാറിന്റെ പഴയ കുടുംബചിത്രം സമ്മാനിച്ചാണ് സാബു അദ്ദേഹത്തെ യാത്രയാക്കിയത്. അടുത്ത തവണ വരുമ്പോൾ കൊച്ചുമക്കളെയും കൂടെക്കൂട്ടാമെന്ന് ഉറപ്പുനൽകിയ കമീഷണർ സാബുവിനെ കുടുംബസമേതം ഡൽഹിയിലേക്ക് ക്ഷണിക്കുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.