മമ്മുട്ടിക്ക് സൈബറിടത്തിൽ ഒരുനാൾ വാഴ്ത്ത്, പിറ്റേന്നാൾ ആക്രമണം

തിരുവനന്തപുരം: ഒരു ദിവസം മുമ്പ് മമ്മൂട്ടിയുടെ ശബ്ദസന്ദേശം ആഘോഷപൂർവം പങ്കുവെച്ചവർ തൊട്ടടുത്ത ദിവസം മഹാനടനെ സൈബറിടത്തിൽ വളഞ്ഞിട്ട് ആക്രമിക്കുന്നു. വയനാട് ടൗൺഷിപ്പിൽ സ്വകാര്യ സന്ദർശനത്തിനിടെ മമ്മൂട്ടി സി.പി.എം ജില്ല സെക്രട്ടറി കെ. റഫീഖിനോട് നടത്തിയ പരാമർശങ്ങളാണ് സി.പി.എം സൈബർ ഹാൻഡിലുകളെ ഒറ്റ ദിനം കൊണ്ട് മമ്മൂട്ടിയുടെ എതിരാളികളാക്കിയത്.

പെരുമ്പളം പാലം യാഥാർഥ്യമായതുമായി ബന്ധപ്പെട്ട മമ്മൂട്ടിയുടെ ശബ്ദസന്ദേശമായിരുന്നു ശനിയാഴ്ച ഇടതുസൈബർ ഹാൻഡിലുകൾ ആഘോഷമാക്കിയത്. ‘സാധാരണക്കാരന്‍റെ സങ്കടങ്ങൾക്ക് പരിഹാരമുണ്ടാക്കുന്നതാണ് യഥാർഥ വികസനമെന്ന് ഞാൻ വിശ്വസിക്കുന്നു’ എന്ന സന്ദേശഭാഗം ഹൈലൈറ്റ് ചെയ്തായിരുന്നു മമ്മൂട്ടിയെ ഇവർ ആഘോഷമാക്കിയത്. മുഖ്യമന്ത്രി ഫേസ്ബുക്ക് പേജിലും ഓഫീസ് തന്നെ ഔദ്യോഗികമായും ഈ ശബ്ദസന്ദേശം വിഡിയോ രൂപത്തിലാക്കി പങ്കുവെച്ചിരുന്നു.

എന്നാൽ അന്ന് തന്നെ വയനാട് മുണ്ടക്കൈ ചൂരൽമല ഉരുൾ ദുരന്തബാധിതർക്കായി സർക്കാർ ഒരുക്കിയ ടൗൺഷിപ്പിൽ സ്വകാര്യ സന്ദർശനത്തിനെത്തിയ മമ്മൂട്ടി തന്നെ നിരന്തരം പിന്തുടർന്ന ജില്ല സെക്രട്ടറിയോട് നടത്തിയ സ്വകാര്യ സംസാരം പുറത്തുവന്നതോടെ ശബ്ദസന്ദേശം ആഘോഷമാക്കിയവരെയെല്ലാം നടനെ സൈബറിടത്തിൽ വളഞ്ഞിട്ട് ആക്രമിക്കുന്നവരായി മാറി.

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ റഫീഖിന്‍റെ ഇടപെടൽ പുകഴ്ത്തുന്നതിനൊപ്പമായിരുന്നു മമ്മൂട്ടിക്കെതിരെ വ്യക്തി അധിക്ഷേപം ഉൾപ്പെടെയുള്ള വിമർശനം. പ്രമുഖ സി.പി.എം അനുകൂല വ്ലോഗർമാരും മമ്മൂട്ടിക്കെതിരെ വിഡിയോകളുമായി രംഗത്തുവന്നു.

സർക്കാറും സി.പി.എമ്മും പി.ആർ വർക്കിന് വേണ്ടി വ്യാപകമായി ഉപയോഗിച്ച ടൗൺഷിപ്പ് പദ്ധതി സംബന്ധിച്ച് മമ്മൂട്ടി നടത്തിയ പ്രതികരണവും ഇവർക്ക് ദഹിച്ചിട്ടില്ല. ജനങ്ങളിൽ നിന്ന് പിരിച്ച കാശാണല്ലോ ടൗൺഷിപ്പിൽ കാണുന്നതെന്നും ഇതൊരു സാമൂഹ്യമൂലധനമാണെന്നുമായിരുന്നു മമ്മൂട്ടിയുടെ പ്രതികരണം. നേരത്തെ സംസ്ഥാന സർക്കാർ സംഘടിപ്പിച്ച അതിദാരിദ്ര്യമുക്ത പ്രഖ്യാപന ചടങ്ങിൽ മമ്മൂട്ടിയുടെ പ്രസംഗത്തിലെ പരാമർശങ്ങളും ഇടതുസൈബർ കേന്ദ്രങ്ങൾക്ക് രസിച്ചിരുന്നില്ല.

രാജപാതകളും കെട്ടിടങ്ങളുമല്ല വികസനമെന്നും അതിദാരിദ്ര്യത്തില്‍നിന്നേ മുക്തമായിട്ടുള്ളൂ, ദാരിദ്ര്യം ഇനിയും ബാക്കിയാണെന്നുമായിരുന്നു അന്ന് മമ്മൂട്ടി പറഞ്ഞത്. അതേസമയം, മമ്മൂട്ടിയെ ഉപയോഗിച്ച് സർക്കാറും സി.പി.എമ്മും നടത്താൻ ലക്ഷ്യമിട്ട പി.ആർ നീക്കമാണ് നടന്‍റെ പ്രതികരണത്തിലൂടെ പൊളിഞ്ഞതെന്ന് യു.ഡി.എഫ് സൈബർ ഹാൻഡിലുകൾ തിരിച്ചടിക്കുന്നു.

Tags:    
News Summary - One Day Praise, the Next Day cyber attack for Mammootty on Social Media

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.