അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കരുതെന്ന് വനിതാ കമീഷന്‍

കൊച്ചി: അതിജീവിതയെ അപമാനിക്കുന്ന വിധത്തില്‍ വാര്‍ത്തകള്‍ നല്‍കുന്നത് അവരുടെ ഭാവിക്കു തന്നെ ദോഷകരമായി ബാധിക്കുന്നതിനാല്‍ മാധ്യമങ്ങള്‍ ശ്രദ്ധിക്കണമെന്ന് വനിതാ കമീഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി. പന്തീരങ്കാവ് ഗാര്‍ഹിക പീഡന കേസിലെ അതിജീവിതയെ പറവൂരിലെ വീട്ടിലെത്തി സന്ദര്‍ശിച്ച ശേഷം സംസാരിക്കുകയായിരുന്നു വനിതാ കമീഷന്‍ അധ്യക്ഷ.

കേസ് അന്വേഷണത്തെ തന്നെ തടയുന്ന വിധത്തിലാണ് തെറ്റായ വാര്‍ത്തകള്‍ ചാനലുകള്‍ നല്‍കുന്നത്. ഈ കേസില്‍, പരാതി വന്നതിനു ശേഷം പൊലീസിനെയും നിയമ സംവിധാനങ്ങളെയും വെട്ടിച്ച് കടന്നു കളഞ്ഞിട്ടുള്ള ആളുമായി ചാനലുകള്‍ ഫോണിലൂടെ സംസാരിച്ച് സ്വന്തം രക്ഷക്കു വേണ്ടി അയാള്‍ പറയുന്ന കാര്യങ്ങള്‍ കാണിക്കുന്നത് വളരെ അപമാനം ഉണ്ടാക്കുന്ന കാര്യമാണ്.

പെണ്‍കുട്ടിക്ക് മാനസികമായി വളരെ പ്രയാസമുണ്ടാക്കുന്ന തെറ്റായ വാര്‍ത്തകളാണ് വന്നുകൊണ്ടിരിക്കുന്നത്. ഗാര്‍ഹിക പീഡന കേസുകളിലും ലൈംഗിക പീഡന കേസുകളിലുമൊക്കെ അതിജീവിതകള്‍ക്ക് സംരക്ഷണം നല്‍കാന്‍ ലക്ഷ്യമിട്ടുള്ള നിയമമാണ് നമ്മുടെ രാജ്യത്തുള്ളത്. അതിജീവിതയുടെ പേരു പോലും പുറത്തേക്കു പറയാന്‍ പാടില്ലെന്നാണ് ഈ നിയമം അനുശാസിക്കുന്നത്. മാധ്യമങ്ങള്‍ ഇതൊന്നും ശ്രദ്ധിക്കാതെ വളരെ അധിക്ഷേപകരമായി അതിജീവിതയെ അപമാനിക്കുന്ന രൂപത്തിലുള്ള പ്രസ്താവനകളും പ്രചാരണങ്ങളും നടത്തുന്നതില്‍ കര്‍ശനമായി ഇടപെടേണ്ടതായിട്ടുണ്ട്.

വിവാഹം കഴിഞ്ഞുള്ള ദിവസങ്ങളില്‍ കടുത്ത മാനസികവ്യഥകളിലൂടെയാണ് പെണ്‍കുട്ടി കടന്നു പോയത്. അച്ഛനും അമ്മയും ഭര്‍ത്തൃഗൃഹത്തിലേക്ക് എത്തിയതു കൊണ്ടുമാത്രമാണ് പെണ്‍കുട്ടിയുടെ ജീവന്‍ നഷ്ടപ്പെടാതിരുന്നത്. ശാരീരിക പീഡനത്തിന് ഇരയാക്കിയ ശേഷം പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടു പോകാന്‍ ഭര്‍ത്താവിന് കൂട്ടു നിന്നത് പുരുഷ സുഹൃത്താണ്. പുരുഷ സുഹൃത്ത് ആ വീട്ടില്‍ താമസിച്ച സാഹചര്യം പരിശോധിക്കപ്പെടണം.

സാധാരണ ഗതിയില്‍ വിവാഹം കഴിച്ചു കൊണ്ടു വന്നിട്ടുള്ള ഒരു പെണ്‍കുട്ടിക്ക് ആശുപത്രിയില്‍ പോകേണ്ട സാഹചര്യം ഉണ്ടായാല്‍ സ്ത്രീകള്‍ ആരെങ്കിലുമാകും കൂടെ പോകുക. ഇങ്ങനെ ചെയ്യാതെ പുരുഷ സുഹൃത്തിനെയും കൂട്ടിയാണ് ഭര്‍ത്താവ് പെണ്‍കുട്ടിയെയും കൊണ്ട് ആശുപത്രിയിലേക്ക് പോയിട്ടുള്ളതെന്നാണ് മനസിലാക്കുന്നത്. ഇതുള്‍പ്പെടെ അന്വേഷിക്കണം. പുരുഷ സുഹൃത്തിനെതിരേ കേസ് എടുത്തിട്ടുണ്ടെന്നാണ് മനസിലാക്കുന്നത്. കേസ് അന്വേഷണം വളരെ ഗൗരവത്തോടെ കൈകാര്യം ചെയ്യുന്നതിന് പൊലീസ് തയാറാകണം. വളരെ ആസൂത്രിതമായ രൂപത്തിലാണ് പെണ്‍കുട്ടിക്കെതിരായ പീഡനം നടന്നിട്ടുള്ളത്.

സ്വന്തം വീട്ടുകാരോട് മൊബൈലില്‍ സംസാരിക്കുന്നതിനു പോലും പെണ്‍കുട്ടിക്ക് അനുവാദം നല്‍കിയിരുന്നില്ല എന്നത് ഉള്‍പ്പെടെ പരിശോധിക്കേണ്ടതായിട്ടുണ്ട്. പെണ്‍കുട്ടിക്ക് കൗണ്‍സിലിംഗ് അനിവാര്യമാണെന്നു കണ്ടതിന്റെ അടിസ്ഥാനത്തില്‍ ഇതിനാവശ്യമായ സൗകര്യം വനിതാ കമ്മിഷന്‍ ലഭ്യമാക്കുമെന്നും വനിതാ കമീഷന്‍ അധ്യക്ഷ പറഞ്ഞു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍, സഹോദരന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്, വാര്‍ഡ് മെമ്പര്‍ എന്നിവരുമായും വനിതാ കമ്മിഷന്‍ അധ്യക്ഷ സംസാരിച്ചു.

Tags:    
News Summary - Women's Commission not to publish news in a way that insults the lives of women

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.