ബാങ്ക് മാനേജ്‌മെന്‍റിൽ നിന്ന് വനിതാ ജീവനക്കാർ നേരിടുന്ന പ്രശ്‌നങ്ങള്‍ വനിതാ കമീഷനെ അറിയിക്കാൻ സംവിധാനം

തിരുവനന്തപുരം: സംസ്ഥാനത്തെ വിവിധ ബാങ്കുകളിലെ വനിതാ ജീവനക്കാർ മാനേജ്‌മെന്‍റിൽ നിന്ന് നേരിടുന്ന പ്രശ്‌നങ്ങള്‍ പരിശോധിക്കാൻ നടപടിയുമായി വനിതാ കമീഷന്‍. വനിതാ ജീവനക്കാര്‍ നേരിടുന്ന പ്രയാസങ്ങള്‍ ഇ-മെയില്‍ വഴി കമീഷനെ നേരിട്ട് അറിയിക്കാം. ആറ് മാസത്തിനുള്ളിൽ ലഭിക്കുന്ന പരാതികള്‍ പരിശോധിച്ച് കമീഷൻ സര്‍ക്കാറിന് തുടർനടപടിക്ക് ശിപാര്‍ശ ചെയ്യും. ബാങ്ക് മാനേജ്‌മെന്‍റിൽ നിന്ന് വനിതാ ജീവനക്കാർ നേരിടുന്ന പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് കമീഷന്‍റെ നടപടി. keralawomenscommission@yahoo.co.in എന്ന ഇ-മെയിലിലേക്കാണ് പരാതികൾ അയക്കേണ്ടത്.

ബാങ്ക് ഓഫ് ബറോഡ പുതിയകാവ് ശാഖയിലെ ഓഫീസര്‍ പി.എന്‍. ഷീബയെ ഫോണില്‍ വിളിച്ച് അപമാനിച്ചുവെന്നും നിയമവിരുദ്ധമായി ശമ്പളം തടഞ്ഞുവെക്കാന്‍ നോട്ടീസ് നല്‍കി എന്നുമുള്ള പരാതിയില്‍ ബാങ്ക് മാനേജ്‌മെന്‍റിനെതിരേ വനിത കമീഷന്‍ കേസെടുത്തു. ബാങ്ക് ഓഫ് ബറോഡ എറണാകുളം സോണല്‍ ഓഫീസ് ജനറല്‍ മാനേജര്‍ കെ. വെങ്കടേശന്‍, റീജണല്‍ ഹെഡ് ആര്‍. ബാബു രവിശങ്കര്‍, എച്ച്.ആര്‍ സീനിയര്‍ മാനേജര്‍ അനില്‍കുമാര്‍ പി. നായര്‍ എന്നിവരെ എതിര്‍ കക്ഷികളാക്കിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഓള്‍ ഇന്ത്യ ബാങ്ക് ഓഫീസേഴ്‌സ് കോണ്‍ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി ശ്രീനാഥ് ഇന്ദുചൂഡന്‍ നല്‍കിയ പരാതിയിലാണ് നടപടി.

കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ ബാങ്കിങ് സമയം ഉച്ചക്ക് രണ്ട് മണിവരെയായി നിജപ്പെടുത്തിയിട്ടും വനിതാ ജീവനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ നിര്‍ബന്ധിത ഡ്യൂട്ടിക്ക് വിധേയമാക്കുന്ന ബാങ്ക് അധികൃതരുടെ നടപടി തൊഴിലാളിവിരുദ്ധവും സ്ത്രീവിരുദ്ധവുമാണെന്ന് ചെയര്‍പേഴ്‌സണ്‍ എം.സി. ജോസഫൈന്‍ പറഞ്ഞു. വിഷയത്തില്‍ വനിതാ കമ്മിഷന്‍ ബാങ്കിലെത്തി തെളിവെടുപ്പു നടത്തുമെന്ന് ജോസഫൈന്‍ വ്യക്തമാക്കി.

ബാങ്കിങ് മേഖല തൊഴിലാളി വിരുദ്ധമാണെന്ന പൊതുധാരണ ശരിവെക്കുന്നതാണ് സമീപകാല സംഭവങ്ങള്‍. കനറാ ബാങ്ക് തൊക്കിലങ്ങാടി ശാഖാ അസിസ്റ്റന്‍റ് മാനേജര്‍ സ്വപ്‌ന തൊഴിലിടത്തില്‍ ആത്മഹത്യ ചെയ്യാനിടയായതും മാനേജ്‌മെന്‍റിന്‍റെ അഴിമതി കണ്ടെത്തിയതിന് പിരിച്ചുവിടപ്പെട്ട കനറാ ബാങ്കിലെ തന്നെ ലോ ഓഫീസര്‍ പ്രിയംവദ നടത്തുന്ന നിയമപോരാട്ടവും ചില ഉദാഹരണങ്ങള്‍ മാത്രം.

നിയമനം ലഭിച്ച് സമൂഹത്തില്‍ മാന്യമായ തൊഴിലുണ്ടെന്ന കാരണത്താല്‍ ആരോടും പരാതി പറയാനാകാതെ മാനസിക ബുദ്ധിമുട്ടുകളെ മനസിലൊതുക്കി കഴിയുകയാണ് ബഹുഭൂരിപക്ഷം ബാങ്ക് ജീവനക്കാരായ സ്ത്രീകളും. അവര്‍ക്ക് സധൈര്യം വനിതാ കമീഷനോട് കാര്യങ്ങൾ തുറന്നു പറയാവുന്നതാണെന്നും എം.സി. ജോസഫൈന്‍ വാർത്താകുറിപ്പിൽ അറിയിച്ചു.

Tags:    
News Summary - Women employees to inform the Women's Commission about the problems faced from the bank management

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.