തിരുവനന്തപുരം: ആശ പ്രവർത്തകർക്കു പിന്നാലെ, സെക്രട്ടേറിയറ്റിന് മുന്നിൽ പ്രതിഷേധാഗ്നി കത്തിച്ച് വനിത സിവിൽ പൊലീസ് ഓഫിസേഴ്സ് റാങ്ക് പട്ടികയിൽ ഉൾപ്പെട്ടവരും. നിരാഹാര സമരം രണ്ടു ദിവസം പിന്നിട്ടതോടെ, വരും ദിവസത്തിൽ സമരം കൂടുതൽ ശക്തമാക്കാനാണ് തീരുമാനം. വ്യാഴാഴ്ച സെക്രട്ടേറിയറ്റ് പടിക്കൽ കറുത്തതുണി ഉപയോഗിച്ച് കണ്ണുകെട്ടി മുട്ടുകുത്തി നൂറുകണക്കിന് ഉദ്യോഗാർഥികൾ സർക്കാറിനെതിരെ മുദ്രാവാക്യം വിളികളുമായി സമരം ചെയ്തു. സമരത്തിനിടെ, കുഴഞ്ഞുവീണ അഞ്ചുപേരെ ആശുപത്രിയിലേക്ക് മാറ്റി. നിമിഷ, ഹമീന, ബിനു സ്മിത, തസ്മി എന്നിവരുടെ നിരാഹാര സമരം തുടരുകയാണ്. 14 ജില്ലകളിൽ നിന്നായി നൂറോളം വനിതകളാണ് സർക്കാറിന്റെ നിയമന നിരോധനത്തിനെതിരെ രംഗത്തുള്ളത്.
കഴിഞ്ഞ ഏപ്രിൽ 20നാണ് വനിത സി.പി.ഒമാരുടെ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചത്. ഒരു വർഷമാണ് കാലാവധി. മെയിൻ ലിസ്റ്റിൽ 674, സപ്ലിമെന്ററി ലിസ്റ്റിൽ 293 എന്നിങ്ങനെ 967 പേരെയാണ് റാങ്ക് ലിസ്റ്റിൽ ഉൾപ്പെടുത്തിയിരുന്നത്. ഏപ്രിൽ 19ന് റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാനിരിക്കെ, 292 പേർക്ക് മാത്രമാണ് നിയമന ശിപാർശ ലഭിച്ചത്. ഇതിൽ 60 ഉം എൻ.ജെ.ഡി (നോൺ ജോയിനിങ് ഡ്യൂട്ടി) യാണ്. അതായത് പുതുതായി റിപ്പോർട്ട് ചെയ്തത് 232 ഒഴിവ് മാത്രം. മുൻ റാങ്ക് ലിസ്റ്റിൽനിന്ന് 815 പേർക്ക് നിയമന ശിപാർശ ലഭിച്ചിരുന്ന സ്ഥാനത്താണിത്.
ഇപ്പോഴും സംസ്ഥാന പൊലീസ് സേനയിൽ 10 ശതമാനത്തിനടുത്തു മാത്രമാണ് വനിത പ്രാതിനിധ്യം. സ്ത്രീ പ്രാതിനിധ്യം 15 ശതമാനമാക്കുമെന്നായിരുന്നു എൽ.ഡി.എഫ് വാഗ്ദാനം. ഒരു സ്റ്റേഷനിൽ കുറഞ്ഞത് ആറ് വനിത സി.പി.ഒമാർ വേണമെന്നുണ്ട്. എന്നാൽ, സംസ്ഥാനത്തെ 454 പൊലീസ് സ്റ്റേഷനുകളിൽ മിക്കതിലും പകുതി പോലുമില്ല. പ്രതീക്ഷിത ഒഴിവുകളടക്കം റിപ്പോർട്ട് ചെയ്ത എല്ലായിടത്തും നിയമനം നടത്തിയെന്നാണ് പൊലീസ് ആസ്ഥാനത്തുനിന്നുള്ള വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.